മധ്യകാല ഇസ്ലാമിക ലോകത്ത് വൈദ്യമെന്താണെന്ന് നിര്‍വചിച്ചതും ആരെല്ലാമത് പരിശീലിക്കണമെന്ന് തീരുമാനിച്ചതും പുരുഷന്മാരാണ്. ഈ ആധിപത്യമാണ് വൈദ്യമേഖലയില്തന്നെയുള്ള മറ്റു വിഷയങ്ങളിലേക്കുകൂടി ശ്രദ്ധ തിരിക്കാന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. തല്‍ഫലമായി, AD 1072-ല്‍ സഅദ് ബിന്‍ അല്ഹസ്സന് രചിച്ച മേക്കിങ് മെഡിസിന് ഇന്റെറെസ്റ്റിങിലെ(Making Medicine Interesting) സ്ത്രീപരിചരണം സംബന്ധിച്ച കുറിപ്പ് ചരിത്ര ഗവേഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രസ്തുത കുറിപ്പ് ഇങ്ങനെയാണ്:
'രോഗകാരണം, രോഗം, പഥ്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയാണ് പലപ്പോഴും രോഗികള്‍ ചികിത്സിക്കപ്പെടുന്നത്. ഇവിടെ രോഗികള്‍ തങ്ങളുടെ ജീവനും ആത്മാവും വഴിപിഴച്ച ഈ വൃദ്ധകള്‍ക്ക്(ആയമാരായി ജോലി ചെയ്യുന്ന നൈസാപൂരിലെ വൃദ്ധകള്‍) കീഴില്‍ അടിയറവ് വെക്കുന്ന കാഴ്ച്ച അത്യന്തം അത്ഭുതപ്പെടുത്തുന്നതാണ്. കുടുംബത്തില്‍ ആരെങ്കിലും രോഗിയാവുമ്പോഴേക്ക് അവന്റെ ഭാര്യ, മാതാവ്, പിതൃസഹോദരി തുടങ്ങിയവരിലാരെങ്കിലും വൈദ്യന്റെ വേഷം എടുത്തണിയുന്നു. രോഗിയാവട്ടെ, അവരുടെ 'വിലയേറിയ' ചികിത്സ അംഗീകരിക്കുകയും അഭ്യസ്ത വിദ്യനായ ഒരു വൈദ്യന്റെ വാക്കുകളേക്കാള്‍ അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയും ചെയ്യുന്നു. വൈദ്യന്മാരെക്കാള് ബുദ്ധിയും അറിവും വിവരദോഷികളായ ഇവര്‍ക്കാണെന്ന് രോഗി തെറ്റിദ്ധരിക്കുന്നു.'
സ്ത്രീകളോടുള്ള സഅദ് ബിന്‍ അല്‍ഹസ്സന്റെ ഈ കടുത്ത വിരോധം മധ്യകാല-ഇസ്ലാമിക ലോകത്ത് പുരുഷ വൈദ്യന്മാര്ക്കും ആയമാര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന ശത്രുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആയമാര്‍ പുരുഷ വിഭാഗത്തിന് ശക്തമായ മത്സരം തന്നെ സൃഷ്ടിച്ചു എന്നതിന്റെ തെളിവാണിതെന്നുകൂടി ചില ചരിത്രകാരന്മാര് പറഞ്ഞുവെക്കുന്നുണ്ട്.
തങ്ങള്‍ രചിച്ച വിദ്യാസമ്പന്നമായ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ വിരളമായിട്ട് മാത്രം സ്ത്രീ വൈദ്യകളെ പരാമര്‍ശിച്ചിരുന്ന പല പുരുഷ വൈദ്യന്മാരും പ്രസവ സംബന്ധിയായ വിഷയങ്ങളില്‍ ഗൈനക്കോളജിസ്റ്റുകളും ഒബ്സ്റ്റെട്രീഷ്യനകളുമായി ഒരുപാട് സ്ത്രീകളെ കൂടെക്കൂട്ടിയിരുന്നതായി വര് ഗീലാദി തന്റെ ഹിസ്റ്ററി ഓഫ് മിഡ്വൈവ്സ്(History of Midwives) എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദലൂസിലെ ചുരുക്കം ചില പണ്ഡിതന്മാര് മാത്രമാണ് വയറ്റാട്ടികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നത്. പ്രസവമുറിക്കകത്തും പുറത്തും തങ്ങള്‍ക്കുള്ള സ്ഥാനവും മൂല്യവും തിരിച്ചറിയാത്ത സ്ത്രീകളോടുള്ള വൈദ്യന്മാരുടെ സമീപനം അത്ര ഉദാരപൂര്വമായിരുന്നില്ല. വയറ്റാട്ടികളായ സ്ത്രീകള്‍ക്കെതിരായുള്ള കടുത്ത വിമര്‍ശനത്തില്‍ ഇബ്നു ഹസന് ഒറ്റക്കായിരുന്നില്ല. എന്നിരുന്നാലും, എന്തുകൊണ്ടായിരിക്കും അദ്ദേഹം വൃദ്ധകളെ മാത്രം പ്രത്യേകമായി ലക്ഷ്യം വെച്ചത്?
പ്രായവും ലിംഗഭേദവും എത്രമാത്രം പരസ്പര ബന്ധിതമാണെന്ന് അംറദ്(സുന്ദരനായ 'പുരുഷ' യുവാക്കള്‍) എന്ന രൂപത്തിലൂടെയും അവരുമായി ബന്ധപ്പെട്ട നിയമങ്ങളിലൂടെയും പണ്ഡിതന്മാര് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുപക്ഷേ, ഈയൊരു പ്രതിഭാസത്തിന്റെ പ്രത്യേക ഉദാഹരണങ്ങളായിത്തന്നെ ഗണിക്കപ്പെടാനാകുന്നവരായിരിക്കുമോ നൈസാപൂരിലെ വൃദ്ധകള്‍?
ഇവരെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകളുടെയെല്ലാം ഫോക്കസ് പോയിന്റ് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍, അവരുടെ ജ്ഞാനസമ്പാദനത്തെക്കുറിച്ചും അതിനവര്‍ ഉപയോഗിച്ച വഴികളെക്കുറിച്ചുമുള്ള ഗവേഷണമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്. മധ്യകാല ഇസ്ലാമിക ലോകത്ത് ജ്ഞാനമെന്നത് പുരുഷന്മാരുമായി മാത്രം കെട്ട് പിണഞ്ഞ് കിടക്കുന്ന ഒന്നായിരുന്നുവെന്ന് റുലാ അബീസാബ് പറയുന്നുണ്ട്. നൈസാപൂരിലെ വൃദ്ധകളെക്കുറിച്ച് ആരെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നതോ അതിന് തുനിഞ്ഞിറങ്ങുന്നതോ പലപ്പോഴും വലിയ രീതിയിലുള്ള മതകീയ വാഗ്വാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഇസ്ലാമിലെ ആന്തരികവിഷയങ്ങളില് സ്ത്രീയുടെ പങ്കാളിത്തം പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം പുരുഷന് അവളുടെ വിശ്വാസത്തെ കുറിച്ച് വിശാലമായ പഠനങ്ങള്‍ നടത്താതെ അവയെ വിശുദ്ധം, നിഷ്കളങ്കം, അതുല്യം, സഹജമായത്, മൂര്ത്തീഭാവമുള്ളത്, പഠിക്കപ്പെടാത്തത്, അനുഭവിക്കാന്‍ മാത്രമാകുന്നത് എന്നീ നിര്‍വചനങ്ങളില്‍ എഴുതിയൊതുക്കി. സെട്രാഗ് മനൂകിയന് (Setrag manoukian) മുന്നോട്ടുവെക്കുന്ന 'ശാസ്ത്രീയ വശങ്ങളറിയാതെ രോഗവുമായി ബന്ധപ്പെടുക(sensing without realising)' എന്ന ഫോര്‍മുല, അത്യധികം ആദരിക്കപ്പെടുന്ന സൈദ്ധാന്തിക മരുന്നുകള്‍ കൈവശമുള്ള വൈദികനെയും(ṭabīb) പാരമ്പര്യമായ ചെപ്പടിവിദ്യകള്‍ മാത്രം വശമുള്ള നിരക്ഷരരായ വയറ്റാട്ടികളെയും(mutaṭabbib) ഒരേസമയം എങ്ങനെയാണ് സമീപിക്കുന്നതെന്ന് പ്രകടമാക്കുന്നുണ്ട്.
പൂര്‍വ്വാധുനിക ഇസ്ലാമിക ലോകത്ത് മൂര്ത്തീമത്ഭാവത്തെയും അനാത്മികതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ മിക്കതും മതഗ്രന്ഥങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉണ്ടായിരുന്നത് (സ്കോട്ട് കൂഗ്ള്‍, ശഹ്സാദ് ബാഷിര്‍ എന്നിവരെപ്പോലെയുള്ള സൂഫീ രചയിതാക്കളുടെ രചനകള്‍ പ്രത്യേകിച്ചും). അറിവിനെയും ശാരീരിക മുറകളെയും പ്രതിനിധാനം ചെയ്യുന്ന രീതികള്‍ ദിവ്യത്വം, രാഷ്ട്രീയ അധികാരം, ലിംഗഭേദം(പ്രത്യേകിച്ചും പുരുഷാധിപത്യം) എന്നിവക്കനുസൃതമായി നിര്‍മിക്കപ്പെട്ടതാണെന്ന് ഈ രചനകള്‍ തെളിയിക്കുന്നു. സമീപകാലങ്ങളിലെ ചില ശ്രദ്ധേയമായ ഇടപെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ വൈദ്യഗ്രന്ഥങ്ങളെ ഇത്തരം സൈദ്ധാന്തിക രംഗത്തേക്ക് കൊണ്ടുവരാന്‍ ചരിത്രകാരന്മാര്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അക്കാലത്തവിടെയുള്ള വൈദ്യന്മാര്ക്ക് ശാസ്ത്രീയമായ മേല്ക്കോയ്മക്കപ്പുറം തദ്വിഷയകമായ പ്രായോഗിക ജ്ഞാനവും കൈവശമായുണ്ടായിരുന്നു. പുരുഷ വൈദ്യന്മാര് തങ്ങളുടെ ആത്മകഥാ പുസ്തകങ്ങളില്‍ ഗ്രന്ഥപഠനത്തെ പരാമര്‍ശിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും സൂക്ഷ്മനിരീക്ഷണജ്ഞാനത്തിലൂന്നിയ അനുഭവവേദ്യമായ ജ്ഞാനത്തെയും അവര്‍ അവലംബിച്ചിരുന്നു. എന്നാല്‍, താത്വിക, സൈദ്ധാന്തിക പഠനങ്ങള്‍ കൂടാതെയുള്ള അനുഭവജ്ഞാനം മാത്രമുള്ളവര്‍ ലിംഗഭേദമന്യേ അപൂര്‍ണ വൈദ്യന്മാരായി ഗണിക്കപ്പെട്ടിരുന്നു. ഇതായിരുന്നു വൈദ്യന്മാരും വയറ്റാട്ടികളും തമ്മിലുള്ള തരമായി കണക്കാക്കപ്പെട്ടിരുന്നത്.
എന്തുകൊണ്ടായിരിക്കും വൃദ്ധകള്‍ വൈദ്യപഠനത്തില്‍ ഇത്ര താല്പര്യം കാണിച്ചത്, സ്ത്രീകളുടെ കൂട്ടത്തില്‍തന്നെ വൃദ്ധകള്‍ മാത്രം അതില്‍ തല്പരരാകാനുമുള്ള കാരണമെന്തായിരിക്കും? അവഗണിക്കപ്പെട്ട മുറിവൈദ്യരെന്ന് ആലങ്കാരികമായി വിളിക്കപ്പെടാറുണ്ടെങ്കില്കൂടി എറോട്ടോളജി(ilm al-bāh) വിഭാഗത്തില്‍ പ്രായമായ സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചിരുന്നു. അറബിക്, പേര്‍ഷ്യന്‍, ഓട്ടോമന്‍ ടര്‍ക്കിഷ് എന്നിവയിലും മറ്റ് ഭാഷകളിലുമുള്ള എറോട്ടോളജിക്കല് ഗ്രന്ഥങ്ങള്‍ അവിശ്വസിനീയമാം വിധം ജനപ്രീതിയുള്ളതായിരുന്നു. അവയില്‍ പലതും ഇതുവരെ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, സാഹിത്യകാരന്മാര് എന്നിങ്ങനെ ഓരോരുത്തര്ക്കുമനുസരിച്ച് സാഹിത്യം, വൈദ്യം, മാന്ത്രികത, പ്രവാചകത്വം തുടങ്ങി ഒട്ടനവധി വൈവിധ്യമായ തലങ്ങളെ പരാമര്ശിക്കുന്നവയാണവ.
തന്റെ മകള്‍ക്കും മരുമകനും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുള്ള എറോട്ടിക് ഉപദേശങ്ങള്‍ നല്കുന്ന മാതാവിന്റെ ജനപ്രിയ കഥകള്‍ ചൂണ്ടിക്കാണിച്ച് എഴുത്തുകാരിയായ പെര്ണില മൈര്നെ(Pernilla Myrne) പത്താം നൂറ്റാണ്ടിലെ സ്ത്രീകളെ ശൃംഗാര വിദഗ്ധരും ലൈംഗിക ഉപദേശകരുമായി അടയാളപ്പെടുത്തുന്നുണ്ട്. ആരോഗ്യത്തെ കുറിച്ചും ആനന്ദത്തെ കുറിച്ചുമുള്ള മെഡിക്കല്‍ വിവരണമുള്കൊള്ളുന്നുണ്ടെങ്കില് പോലും കഥയിലെ ചില ഭാഗങ്ങള്‍ തീര്‍ത്തും അശ്ലീലത നിറഞ്ഞതാണ്. പുരുഷ രചയിതാക്കള്‍ വായനക്കാരുമായി ലൈംഗിക ആനന്ദം(പുരുഷ കേന്ദ്രീകൃതമായ) പങ്കുവെക്കാനുതകുന്ന അനുഭവ പരിജ്ഞാനമുള്ള ഒരു ബിംബമായി മാതാവ് കൂടിയായ വൃദ്ധകളെ പ്രതിഷ്ഠിക്കുമ്പോള്‍തന്നെ വൈദ്യന്മാരാല് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ സമാനമായതൊന്നും കണ്ടെത്താനാകില്ല. പെണ് വിദഗ്ധര്‍ പറയുന്നതുപ്രകാരം അനുഭവജ്ഞാനത്തിലൂടെയാണ്(tajriba) അവളുടെ കാമശാസ്ത്ര വൈദഗ്ദ്ധ്യം വര്‍ധിക്കുന്നത് എന്നതാണ്.
എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു. പ്രസവമുറി പോലെയുള്ള സ്ത്രീകളുടെ മാത്രമായ സ്വകാര്യ ഇടങ്ങളില്‍ ഇവര്‍ക്കുള്ള നിയമവിരുദ്ധവും അനാവശ്യവുമായ അറിവിനെ കുറിച്ചുള്ള പണ്ഡിതന്മാരുടെ ആകുലതകളെ കുറിച്ച് മിഡീവല്‍ മിഡില്‍ ഈസ്റ്റിലെ വൈദ്യത്തെക്കുറിച്ച് പഠനം നടത്തുന്ന സാറാ വേര്സ്കിന് പറഞ്ഞുവെക്കുന്നുണ്ട്. അതുപോലെ, വയറ്റാട്ടികള്ക്കൊപ്പം ജോലിചെയ്തിരുന്ന വൈദ്യന്മാരുടെ വിവരണങ്ങള്‍പോലും അടച്ച വാതിലുകള്‍ക്ക് പിന്നില്‍നിന്നും ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തിനും അധികാരത്തിനും കീഴില്‍ പ്രവര്‍ത്തിച്ചവരെന്ന് അവരെ ഒതുക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. സ്ത്രീകളിലെ മൂത്രാശയ കല്ലുകള്‍ ചികിത്സിക്കുന്നതിനെക്കുറിച്ചുള്ള കൊര്‍ദോവന്‍ ഫിസിഷ്യന്‍ അല്‍സഹ്റാവി(മ. 1013) നല്കുന്ന വിശദീകരണത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്:
'അത്യാവശ്യമാണെങ്കില്‍ ഇതുപോലുള്ള വിഷയങ്ങളില്‍ നീ പെണ് ഡോക്ടറെ കൂടെ കൂട്ടണം. പെണ് ഡോക്ടര്‍ വളരെ വിരളമായതിനാല്‍, അവരെ ലഭ്യമാകാതെ വരുന്ന പക്ഷം നീ ചാരിത്ര്യവതിയായ ഡോക്ടറെയോ സ്ത്രീരോഗത്തെ കുറിച്ചറിയാവുന്ന നിപുണയായ വയറ്റാട്ടിയെയോ ഈ കലയില്‍ ഉപദേശം നല്കാന് പ്രാവീണ്യമുള്ള സ്ത്രീകളെയോ സഹപ്രവര്‍ത്തകയായി കൂടെ കൂട്ടുക. നിങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ അനുസരിക്കാന്‍ അവരോട് കല്പിക്കുകയും വേണം. അവളോട് രോഗിയുടെ മൂത്രാശയത്തില്‍ ഇടത്തെ കൈകൊണ്ട് നല്ല സമ്മര്‍ദം ചെലുത്തിയതിന് ശേഷം രോഗിയുടെ യോനിയില്‍ വിരല്‍ കടത്തി കല്ലിനായി തിരയാന്‍ നിര്‍ദേശിക്കണം. കല്ല് കണ്ടെത്തിയാല്‍ ഇടുപ്പിന്(Pelvis) താഴേക്കെത്തുന്നതുവരെ സാവകാശം മൂത്രാശയത്തിന്റെ കൈവഴിയില്‍നിന്ന് പുറത്തേക്ക് തള്ളണം. എന്നിട്ട് താഴ്ഭാഗത്ത് സമ്മര്‍ദം കൊടുക്കുന്നതിനോടൊപ്പം ഇടുപ്പിന്റെ അറ്റത്തുള്ള ഗുഹ്യാവയവത്തിലൂടെ അവള്‍ക്ക് സൗകര്യമുള്ള ഭാഗത്തുകൂടി അത് മുറിച്ചുമാറ്റണം.'
ഇവിടെ സ്ത്രീകളെ കേവലം ആലങ്കാരിക പദപ്രയോഗങ്ങള്‍ മാത്രമായല്ല മറിച്ച്, സഹപ്രവര്‍ത്തകരായാണ് അവതരിപ്പിക്കുന്നത്. പരിശീലനത്തിലും അവബോധത്തിലും കിടപ്പറ പ്രകടനത്തിലും ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഉപയോഗത്തിലും ആശ്രയിക്കാവുന്ന അതിനിപുണരായ വയറ്റാട്ടികളെയാണ് സഹ്റാവി ഇവിടെ പ്രതീക്ഷിക്കുന്നത്. വൈദ്യന്മാര് വയറ്റാട്ടികളെ ആശ്രയിച്ചിരുന്നതായുള്ള വിവരണങ്ങള്‍ ലിംഗഭേദമന്യേ ജനങ്ങള്‍ ഇവരെ ആശ്രയിച്ചിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. അധിക വൈദ്യന്മാരും സ്വന്തമായി മരുന്ന് അന്യേഷിക്കുകയോ ഉണക്കി സംരക്ഷിച്ച് വെക്കുകയോ ചെയ്യാറില്ലായിരുന്നു. പലരും ഈ കാര്യങ്ങള്‍ക്ക് മരുന്ന് വ്യാപാരികളെ ആശ്രയിക്കലായിരുന്നു പതിവ്. സ്വന്തമായി മരുന്നുകള്‍ ഉണ്ടാക്കിയവര്‍തന്നെ കുഴമ്പുണ്ടാക്കാനും തിളപ്പിക്കാനും മരുന്ന് വാറ്റാനുമായി ജോലിക്കാരെ നിറുത്തിയിരുന്നു.
കപ്പിംഗ്, മസ്സാജ്, മറ്റ് ബോഡിവര്‍ക്ക് എന്നിവ ആവശ്യമുള്ള രോഗികളെ ലിംഗ വിദഗ്ധരിലേക്കും ഹമ്മാമുകളില്‍(പൊതുകുളിപ്പുരകള്) പ്രവര്‍ത്തിക്കുന്ന ജോലിക്കാരിലേക്കും റഫര്‍ ചെയ്യപ്പെടും. ഹമ്മാമില്‍ തീ കത്തിച്ച് ശരീരത്തെ ശീതീകരിക്കുകയും ചൂടാക്കുകയും ചെയ്തിരുന്നവര്‍ ധാരാളമുണ്ടായിരുന്നു. ഹ്യൂമോറല് മെഡിസിനിലെ ഒരു പ്രധാന ചികിത്സാ രീതിയാണിത്. ഈജിപ്തിലെ ഫാര്‍മസിസ്റ്റുകള്‍, സുഗന്ധദ്രവ്യ വില്പനക്കാര്, പലചരക്ക് കച്ചവടക്കാര്‍, ഭോജകര് എന്നിവരുടെ ലോകത്തേക്ക് വിരല്‍ചൂണ്ടുന്ന നിരവധി വിവരണങ്ങളാണ് മാര്‍ക്കറ്റ് ഇന്സ്പെക്ഷന് മാന്വലുകളില്‍ നിന്നും കയ്റോ ജനീസയിലെ അപൂര്‍വ രേഖകളില്‍നിന്നും ലഭ്യമായിട്ടുള്ളത്.
ഒരൊറ്റ സ്ത്രീ വൈദ്യപുസ്തകങ്ങള്പോലും ലഭ്യമല്ലാത്ത സ്ഥിതിയില്‍ അവ്യക്തതകളും നിശബ്ദതകളും മാത്രം തിങ്ങിനില്ക്കുന്ന പുരുഷ ഗ്രന്ഥങ്ങള്‍ മാത്രം കൈവശമുള്ള നമുക്ക് സ്ത്രീവിജ്ഞാനത്തെ കുറിച്ച് എന്താണറിവുണ്ടാവുക? പ്രത്യേകിച്ച് ഇത്തരം ഗ്രന്ഥങ്ങള്ക്കപ്പുറം അവരെന്തൊക്കെ പഠിച്ചുവെന്നും പരിശീലിച്ചുവെന്നും നാമെങ്ങനെ അറിയും? സ്ത്രീകളുടെ വൈദ്യജ്ഞാനത്തെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും പഠിക്കാന്‍ ശ്രമിച്ച ഉപര്യുക്ത സാറാ വേര്സ്കിന്, അവ്നര്‍ ഗീലാദി പോലെയുള്ള ചരിത്രകാരന്മാര്ക്ക് സ്ത്രീ വിജ്ഞാനങ്ങളില്‍ പുരുഷന്മാര്ക്കുണ്ടായിരുന്ന ആശങ്കകളെയും സംവാദങ്ങളെയും കുറിച്ച് മാത്രമാണ് എഴുതാനായത്. നമ്മുടെ കയ്യിലുള്ള ഏക ടെസ്റ്റല്‍ സോഴ്സ് ഇവയായതിനാല്‍ ഇവരുമായി ബന്ധപ്പെട്ട അറിവുകള്‍ വളരെ പരിമിതമാണ്.
മെഡിക്കല്‍ നിയമഗ്രന്ഥങ്ങളിലെ പുരുഷവാദത്തെ കുറിച്ചുള്ള സ്കോളേഴ്സിന്റെ ചര്‍ച്ചകള്‍ വിലമതിക്കാനാകാത്തതും ഉള്ക്കാഴ്ച്ചയുള്ളതുമാണ്. എന്നാല്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച് പോയ സ്ത്രീകളെ കുറിച്ച് പഠിക്കാനുള്ള ചിലരുടെ അതിശക്തമായ താല്പര്യം, കൃത്യമല്ലാത്ത ആന്ത്രപോളജിക്കല് പഠനങ്ങളെ അവലംബിച്ച് അവര്‍ സ്വന്തമായി രൂപപ്പെടുത്തിയെടുക്കുന്ന വാദങ്ങളെ പിന്തുണക്കുന്നതിന് കാരണമായിട്ടുണ്ട്.
അതേസമയം, നൈസാപൂരിലെ വൃദ്ധകളുടെ വിജ്ഞാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ആന്ത്രപോളജിക്കല് പഠനങ്ങള്‍, മാന്ത്രിക വസ്തുക്കള്‍, പുരാരേഖകള്‍, പുരുഷ വൈദ്യന്മാരുടെ രചനകള്‍ എന്നിവയുടെ പുതിയതും ശ്രദ്ധേയവുമായ വിശകലനം ചരിത്രകാരിയായ ടെയ്ലര് മൂറിന്റേതായുണ്ട്. Superstitious women: Race, magic, and medicine in Egypt (1875-1950) എന്ന തന്റെ ലേഖനത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കുള്ള ഈജിപ്തിന്റെ സാമ്രാജ്യത്വ വികസനത്തിനും 1877-ല്‍ അടിമത്വം നാമമാത്രമാക്കി മാറ്റിയ അടിമത്ത നിരോധനത്തിനും ശേഷം ഈജിപ്തിലെ നഗരകേന്ദ്രങ്ങളില്‍ സ്ഥിരതാമസമാക്കിയ അപ്പര്‍ ഈജിപ്ഷ്യരും കറുത്ത ആഫ്രിക്കക്കാരുമായ സ്ത്രീകളില്‍ നിലനിന്നിരുന്ന 'രോഗശാന്തിയുടെ ആത്മീയവും രാഷ്ട്രീയവുമായ സമ്പദ്വ്യവസ്ഥകളെ'(political and spiritual economy of healing) മൂര്‍ അടിവരയിടുന്നുണ്ട്.
എന്നാല്‍, സ്ത്രീകളെ വിജ്ഞാനത്തിന്റെ നിര്‍ണായക ഉത്പാദകരായി കാണുന്ന superstitious reading method രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ സംഭവിച്ച സോഷ്യല്‍ സയന്‍സിന്റെ അന്താരാഷ്ട്രവല്ക്കരണത്തില് പെട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. ആദ്യ കാലഘട്ടത്തിലുള്ള സ്ത്രീ പ്രാക്ടീസുകളെ കുറിച്ച് കൃത്യമല്ലാതെ രേഖപ്പെടുത്തിയ ആന്ത്രപോളജിസ്റ്റുകളുടെ രീതിയില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ഈ പഠനം ചരിത്രകാരന്മാരെ പ്രേരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, പുരോഗതിയയില്ലാത്തതും മാറ്റമില്ലാതെ തുടരുന്നതുമായ ആ കൊളോണിയല്‍ പ്രേതം നമ്മെ ഇപ്പോഴും വേട്ടയാടുന്നുണ്ടാവാം. നഷ്ടപ്പെട്ടവ തിരിച്ചെടുക്കുന്നതിന് വേണ്ടി 'ആര്‍ക്കൈവല്‍ താല്പര്യങ്ങളെ'ത്തന്നെ രണ്ടാമതൊന്ന് പുനരാലോചിക്കാന്‍ ഓര്‍മിപ്പിക്കുന്നതിലൂടെ വൃദ്ധ സ്ത്രീകളുടെ വിശ്വാസവും അറിവും കോളണിവല്കരണത്തിന്റെ ഈ വിശക്കുന്ന പ്രേതത്തില്‍ നിന്ന് രക്ഷ നേടാന്‍ നമ്മെ സഹായിച്ചേക്കാം. ഈ കാലഘട്ടങ്ങളില്‍ ജ്ഞാനികളായ വൃദ്ധകള്‍ ജീവിച്ചിരുന്നു എന്ന സത്യം അറിഞ്ഞിരിക്കെ നിശബ്ദരാക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഇവരെ 'പുനഃസംരക്ഷിക്കാന്' നാം തയ്യാറാകുമോ?
അക്കാലഘട്ടത്തെ വൃദ്ധകളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതിലൂടെ അവരുടെ ജ്ഞാനാനുഷ്ടാനങ്ങള് പഠിക്കുക എന്നതിലുപരി നമ്മുടെ സ്വന്തം ജീവിതത്തിലെയും ഭൂതകാലത്തിലെയും വൈദ്യത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് നമുക്ക് എത്തിച്ചേരാനാകും. ജ്ഞാനികളായ വൃദ്ധ സ്ത്രീകളുടെ ചിത്രം ഔപചാരിക മെഡിക്കല്‍ പ്രാക്ടിസിലെ ലിംഗവല്ക്കൃത അധികാരശ്രേണിയെ കൂടുതല്‍ വ്യക്തമാക്കും. ആധുനികശാസ്ത്രത്തിലെ ജ്ഞാനസമ്പാദനത്തിന്റെ അതിര്‍വരമ്പുകള്‍ പോലെ ബയോമെഡിക്കല്‍ ഫിസിഷ്യന്മാര് അവരുടെ വംശം, ക്ലാസ്, ലിംഗം എന്നിവയാല്‍ അടയാളപ്പെടുത്തുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന സത്യം ജ്ഞാനികളായ വൃദ്ധ സ്ത്രീകള്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
വിവ: ബാസിത് പി കെ തെന്നല
Source: Did the Old Women of Nishapur Know Medicine?
നൈസാപൂരിലെ വൃദ്ധകളും പുരുഷാധിപത്യ ചരിത്രാഖ്യാനങ്ങളും
എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു.
