അത്യാധുനിക ആയുധങ്ങളും ക്രൂരത നിറഞ്ഞ യുദ്ധ തന്ത്രങ്ങളും കൈവശമുണ്ടായിരുന്ന നാടോടി യോദ്ധാക്കള്‍. ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലാകമാനം വ്യാപിച്ചിരുന്ന മംഗോള്‍ സാമ്രാജ്യത്തെ ഇങ്ങനെ സംഗ്രഹിച്ചെടുക്കാം. നഗരങ്ങളെ തരിശുഭൂമികളാക്കി, മരണവും നാശവുമല്ലാതെ മറ്റൊന്നും ബാക്കിയാക്കാതെ മുസ്ലിം നാടുകളില്‍ സംഹാരതാണ്ഡവമാടിയ ദയാദാക്ഷിണ്യമില്ലാത്ത പോരാളികളെന്ന അവരുടെ കുപ്രസിദ്ധി പില്ക്കാലത്തെ അവരുടെ ഇസ്ലാമാശ്ലേഷത്തെ ആശ്ചര്യമുള്ളതാക്കുന്നു.
നാടോടികളായ യുദ്ധവീരന്മാര്
ഒരു മംഗോളിയന്‍ ഗോത്ര തലവന്റെ പുത്രനായിരുന്ന ചെങ്കിസ് ഖാന് ചെറുപ്രായത്തില്‍തന്നെ ആര്‍ക്കും പിടി കൊടുക്കാത്ത പ്രകൃതക്കാരനായിരുന്നു. വലിയ മംഗോളിയന്‍ ഗോത്ര തലവന്മാരെ തോല്‍പ്പിച്ചും അതേസമയം വടക്കുകിഴക്കന്‍ ഏഷ്യയിലെ നാടോടികളായ ഗോത്രങ്ങളെ ഒന്നിപ്പിച്ചും ചരിത്രത്തില്‍ ഏറ്റവുമധികം തുടര്‍ച്ച ഉണ്ടായിട്ടുള്ള സാമ്രാജ്യത്തിനാണ് അദ്ദേഹം അടിത്തറയിട്ടത്.
അവരുടെ പ്രസിദ്ധി ഒരു തരത്തില്‍ ക്രൂരതയുടെ പ്രതിബിംബമാണെങ്കിലും സൈനിക തന്ത്രങ്ങളുടെ കാര്യത്തില്‍ യഥാര്‍ഥ പ്രതിഭകള്‍ തന്നെയായിരുന്നു മംഗോളുകള്‍. അക്കാലത്തെ മുസ്ലിം ഭരണകൂടങ്ങളടക്കമുള്ള പ്രവിശാലമായ ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നതിലുള്ള അവരുടെ വിജയത്തിന്റെ പ്രധാന ഘടകമായിരുന്നു ഇത്. വെറും നാല്പത് വര്‍ഷംകൊണ്ട് ഖവാരിസ്മികള്, സെല്ജൂഖികള്, അയ്യൂബികള്‍, അബ്ബാസികള്‍ എന്നീ നാല് പ്രമുഖ മുസ്ലിം രാജവംശങ്ങളെ തകര്‍ത്തുകളഞ്ഞ് മംഗോളുകള്‍ ഇസ്ലാമിക ലോകത്തിലൂടെ സഞ്ചരിച്ചു. എഡി 1219-നും 1222-നുമിടക്ക് വടക്കു കിഴക്കന്‍ ഇറാനിലെ ചെങ്കിസ് ഖാന്റെയും സന്താനങ്ങളുടെയും പ്രാരംഭ പര്യടനങ്ങളോടെയാണ് മുസ്ലിം നാടുകളിലേക്കുള്ള മംഗോളിയന്‍ ആക്രമണങ്ങളുടെ തുടക്കമുണ്ടാവുന്നത്. അന്നവര്‍ ജയിച്ചടക്കിയ പ്രദേശങ്ങളിലെ പല സമ്പന്ന നഗരങ്ങളും പൂര്‍ണമായി നാമാവശേഷമായി തീര്‍ന്നിരുന്നു.
ബുഖാറ, സമര്‍ഖന്ദ് പോലെയുള്ള ചില സുപ്രധാന നഗരങ്ങള്‍ ഒഴിവാക്കിയാല്‍ മര്‍വ്, നൈസാപൂര്‍ ഉള്‍പ്പെടുന്ന ഒട്ടനവധി നഗരങ്ങള്‍ അവര്‍ അഗ്നിക്കിരയാക്കി. മറ്റിടങ്ങളിലെന്ന പോലെ വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബല്‍ഖിലും സ്ത്രീകളും പുരുഷന്മാരും വാളിനിരകളാക്കപ്പെടണമെന്ന ചെങ്കിസ് ഖാന്റെ നിര്‍ബന്ധ ആജ്ഞയുണ്ടായിരുന്നു. മര്‍വിന്റെ തകര്‍ച്ചയെ അതിജീവിച്ചവര്‍ക്ക് ജീവനറ്റ ശരീരങ്ങളെ എണ്ണിത്തീര്‍ക്കാന്‍ പതിമൂന്ന് ദിവസം വേണ്ടി വന്നതായി പിന്നീട് മംഗോളിയന്‍ കോര്‍ട്ടിലെ ചരിത്രകാരനായിരുന്ന ജുവയ്നി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1.3 ദശലക്ഷമായിരുന്നു മരണനിരക്ക്. അത് പിന്നെയും അധികരിച്ചിട്ടുണ്ടായിരുന്നിരിക്കാം. മധ്യേഷ്യയിലെ മംഗോളിയന്‍ ചെയ്തികള്‍ 'വംശഹത്യാപരമായിരുന്നു'വെന്നാണ് ഡേവിഡ് മോര്ഗന് വീക്ഷിക്കുന്നത്.
മംഗോളിയന്‍ അധിനിവേശത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ വടക്കു കിഴക്കന്‍ ഇറാന് സന്ദര്‍ശിച്ച പ്രശസ്ത ചരിത്രകാരന് ഇബ്നു അഥീര്‍ അധിനിവിഷ്ഠ ബുഖാറയെക്കുറിച്ച് തന്റെ അല്‍കാമില്‍ ഫിത്താരീഖ് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: 'സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും കൂട്ടക്കരച്ചിലുകളായി ഭീമാകാരമായ ദിവസമായിരുന്നുവത്. അവര്‍ അങ്ങിങ്ങായി ജീവനറ്റ് കിടന്നു. ബുഖാറയിലെ ജനം പൂര്‍ണമായും ചിന്നിച്ചിതറിപ്പോയി. അക്രമികള്‍ സ്ത്രീകളെ തങ്ങള്‍ക്കിടയില്‍ വീതം വച്ചെടുത്തു. മുമ്പ് ശൂന്യമായിരുന്നുവെന്ന പോലെ ബുഖാറ അതിന്റെ മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടന്നു'.
സമാന കഥകള്‍ പരക്കെ വ്യാപിച്ചു. മംഗോളിയന്‍ ക്രൂരതകളുടെ കഥകള്‍ ജനങ്ങള്കിടയില് ഭീതിയും ഭീകരതയും വര്‍ധിപ്പിച്ചു. മംഗോളുകളുടെ പ്രശസ്തി തങ്ങളെ കവച്ചുവെക്കുമെന്ന് അവര്‍ക്ക് ഉറപ്പായി. ഇതെല്ലാം മംഗോള്‍ സൈന്യത്തിന്റെ അനായാസ വിജയത്തിനും കാരണമായി. ചെങ്കിസ് ഖാന് തന്നെ മംഗോള്‍ വീരകഥകള്‍ പറഞ്ഞു പരത്തുന്നത് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ബുഖാറ കീഴടക്കിയതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ചെങ്കിസ് ഖാന്റെ സംസാരം ഇബ്നു അഥീര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്:
'ഹേ ജനങ്ങളേ, അറിയുക, നിങ്ങള്‍ ഒരുപാട് വന്‍പാപങ്ങള്‍ ചെയ്തവരാണ്. നിങ്ങളിലെ കാര്യവര്ത്തികള് തന്നെയാണ് ആ പാപികള്‍! എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നന നിങ്ങള്‍ ചോദിച്ചേക്കാം. ദൈവം നിങ്ങളിലേക്കയച്ച ശിക്ഷയാണ് ഞാനെന്നാണ് അതിനുള്ള എന്റെ മറുപടി. നിങ്ങള്‍ ആ വലിയ പാപങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്നെ പോലൊരു ശിക്ഷയെ ദൈവം നിങ്ങളിലേക്ക് ഇറക്കുമായിരുന്നില്ല'. ആ സദസ്സില്‍ വച്ച് പ്രതികരിക്കാന്‍ ശ്രമിച്ച വ്യക്തിയോട് തന്റെ സുഹൃത്ത് പറഞ്ഞു: 'നിശബ്ദത പാലിക്കുക. സര്‍വാധിപനായ അള്ളാഹുവിന്റെ കോപത്തിന്റെ അടയാളമാണിത്. നമുക്ക് അതിനെതിരെ ശബ്ദിക്കാന്‍ യാതൊരു അധികാരവുമില്ല'.
മറ്റുള്ള ഭരണാധികാരികള്‍ വരുമാനം ലക്ഷ്യം വെച്ച് നഗരങ്ങളെ നശിപ്പിക്കാതിരിക്കുന്നിടത്ത് മംഗോളുകള്‍ തെരഞ്ഞെടുത്തത് അവയെ കൊള്ളയടിക്കലും തീവച്ച് നശിപ്പിക്കലുമായിരുന്നു. 'അവിശ്വാസികള്‍ മിമ്പറുകളും ഖുര്‍ആന്‍ സൂക്ഷിക്കുന്ന പെട്ടികളുമെടുത്ത് കിടങ്ങുകളിലേക്കെറിയുകയായിരുന്നു. നിശ്ചയമായും നമ്മള് അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്. അല്ലാഹു സ്വയം ക്ഷമാശീലനെന്നും സഹനശീലനെന്നും വിശേഷിപ്പിച്ചില്ലായിരുന്നെങ്കില് ഭൂമി എന്നോ അവരെ വിഴുങ്ങുമായിരുന്നേനെ'. ആരാധനാലയങ്ങളോട് അവര്‍ക്ക് യാതൊരുവിധ ആദരവും ഉണ്ടായിരുന്നില്ലെന്ന് മേല്പറഞ്ഞ വരികളില്‍നിന്ന് വളരെ വ്യക്തമാണ്.
ചെങ്കിസ് ഖാന് ശേഷം
വടക്കന്‍ ചൈനയും ഇറാനും തന്റെ അധീനതയിലാക്കിയാണ് 1227-ല്‍ ചെങ്കിസ് ഖാന് മരണമടയുന്നത്. തുടര്‍ന്ന് 1236-ല്‍ പുനരാരംഭിച്ച മംഗോളിയന്‍ പര്യടനങ്ങള്‍ തെക്കു കിഴക്കന്‍ ചൈനയും പടിഞ്ഞാറു കിഴക്കന്‍ യൂറോപ്പും കേന്ദ്രീകരിച്ചായിരുന്നു. 1255-ല്‍ പുതിയ മംഗോള്‍ ഭരണാധികാരി, ഇറാന്റെയും മധ്യദരണ്യാഴിയുടെയും ഇടയില്‍ അവശേഷിച്ച മുഴുവന്‍ മുസ്ലിം രാഷ്ട്രീയ ശക്തികളെയും നശിപ്പിക്കാന്‍ ചെങ്കിസ് ഖാന്റെ തന്നെ പൗത്രനായ ഹുലാഗു ഖാനെ ചുമതലപ്പെടുത്തി. ഇതാണ് പിന്നീട് ഇറാനിലേക്കും സിറിയയിലേക്കുമുള്ള മംഗോളിയന്‍ പര്യടനങ്ങളിലേക്കും 1258-ലെ ബഗ്ദാദിന്റെ പതനത്തിലേക്കും ചെന്നെത്തിച്ചത്.
ബഗ്ദാദിന്റെ തകര്‍ച്ച ചരിത്രത്തിലെ ഒരു നിര്‍ണായക സംഭവമായിരുന്നു. ദുരന്തപൂര്‍ണമായൊരു പതനം. സംശയാസ്പമാണെങ്കിലും, ചില സ്രോതസ്സുകളുടെ കണക്കുകള്‍ പ്രകാരം അന്ന് നഗരത്തിലെ മരണനിരക്ക് ഖലീഫ മുസ്തഅ്സിം അടക്കം 2 ലക്ഷത്തിനും 8 ലക്ഷത്തിനുമിടക്കായിരുന്നുവത്രെ. സമാധാനത്തിന്റെ നഗരം പൂര്‍ണമായും സംഹരിക്കപ്പെട്ടു. നഗരത്തോടൊപ്പം അമൂല്യമായ നിരവധി കയ്യെഴുത്തുപ്രതികള്‍ അടങ്ങുന്ന ലൈബ്രറികളും നശിപ്പിക്കപ്പെട്ടു(ഈ വാദത്തിന്റെ കൃത്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും). ഈ സാഹചര്യത്തെ 14-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ചരിത്രകാരനായ വസ്സാഫ് അബ്ദുല്ലാഹ് വിവരിക്കുന്നതിങ്ങനെയാണ്: 'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു. ബഗ്ദാദിന് പിന്നാലെ അയ്യൂബി സാമ്രാജ്യ തലസ്ഥാനമായ ഡമസ്കസും അവരുടെ വരുതിയിലായി. സുല്‍ത്താന്‍ ഖുത്വുസിന്റെ നേതൃത്വത്തിലുള്ള ബഹ്രീ മംലൂക്കുകളുമായുള്ള 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് ഹുലാഗുവിന്റെ സൈന്യം പരാജയപ്പെട്ടതോടെ 1260-ലാണ് മംഗോളുകളുടെ സാമ്രാജ്യ വികസനം ഒരന്ത്യത്തിലെത്തുന്നത്.
ഏറെക്കാലമായി സാമ്രാജ്യത്തിനകത്ത് രൂപപ്പെടാന്‍ തുടങ്ങിയ പിളര്‍പ്പുകള്‍ വിശാലമായ സാമ്പത്തിക മതകീയ വ്യത്യാസങ്ങളോടെയുള്ള വിവിധ മംഗോളിയന്‍ രാജ്യങ്ങളുടെ(ഖാനേറ്റുകള്‍) വരവില്‍ കലാശിച്ചു. ഇതേസമയം, ചെങ്കിസ് ഖാന്റെ പുത്രനായ ജൂചിയും അദ്ദേഹത്തിന്റെ പിന്‍ഗാമികളും സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ ഗോള്‍ഡന്‍ ഹോര്‍ഡെ എന്ന പ്രദേശത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഗ്രേറ്റ് ഖാനായ ഖുബിലായി ഖാന് ചൈനയെ ഭരണത്തിന് കീഴില്‍ ഏകീകരിച്ച് നിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഹുലാഗുവും പിന്‍ഗാമികളും ഇറാനിലും റഷ്യയിലുമായി ഇല്ഖാനീ ഭരണം സ്ഥാപിക്കുകയും ചെയ്തു.
പുതിയ മുസ്ലിംകള്
കാലത്തിന്റെ വിധി പോലെ കത്തിയമര്‍ന്ന ഖിലാഫത്തിന്റെ ചാരത്തില്‍നിന്ന്, ഗോള്‍ഡന്‍ ഹോര്ഡെയില് ആരംഭിച്ച് പിന്നീട് പേര്‍ഷ്യന്‍ മംഗോളുകളായ ഇല്ഖാനികളുടെ ഇസ്ലാമിക പരിവര്‍ത്തനത്തിലൂടെ ഒരു പുതിയ മുസ്ലിം സാമ്രാജ്യം ഉയര്‍ന്ന് വന്നു.
മംഗോളുകളില്നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ചെങ്കിസ് ഖാന്റെ മകനായ ജൂചിയുടെ ചെറുമകന് ബെര്‍കെ ഖാന് ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1267-ല്‍ മരിക്കുന്നതു വരെയുള്ള പത്ത് വര്‍ഷമാണ് ബെര്‍കെ ഖാന് ഗോള്‍ഡന്‍ ഹോര്‍ഡെ ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഇസ്ലാമാശ്ലേഷത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വളരെ കുറഞ്ഞ സ്രോതസ്സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തോടൊപ്പം കൊട്ടാരജോലിക്കാരും അടുപ്പക്കാരും ഇസ്ലാം സ്വീകരിച്ചെന്നും അവരെല്ലാം തങ്ങളുടെ മുസ്ലിം ഐഡന്റിറ്റിയെ കൊട്ടാരത്തില്‍ പ്രകടിപ്പിച്ചിരുന്നുവെന്നും മനസ്സിലാക്കപ്പടുന്നു.
പേര്‍ഷ്യന്‍ ചരിത്രകാരനും വൈദ്യനുമായിരുന്ന റാഷിദുദ്ദീന്‍ ഹമദാനി ഉദ്ധരിച്ചത് പ്രകാരം, ഹുലാഗു ബഗ്ദാദ് തകര്‍ത്തത് കേട്ട് ബെര്‍കെ ഖാന് ഇങ്ങനെ പറഞ്ഞത്രെ: 'അദ്ദേഹം മുസ്ലിംകളുടെ നഗരങ്ങള്‍ മുഴുവന്‍ അക്രമിക്കുകയും സ്വന്തം ബന്ധുക്കളോട് പോലും ആലോചിക്കാതെ ഖലീഫയെ കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ സഹായത്താല്‍ അത്രയും നിരപരാധികളുടെ രക്തത്തിന് ഞാനദ്ദേഹത്തോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും'.
ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ മംഗോളുകള്‍ പരാജയപ്പെട്ടതോടെ ബെര്‍കെ ഖാന്, മംലൂക്കുകളുടെ സുല്‍ത്താന്‍ ഖുത്വൂസുമായും ശേഷം സുല്‍ത്താന്‍ റുക്നുദ്ദീന് ബൈബറസുമായും സഖ്യത്തിലേര്‍പ്പെട്ടു. 1262-ല്‍ ചരിത്രത്തിലാദ്യമായി ബെര്കെയുടെയും ഹുലാഗുവിന്റെയും സൈന്യം പരസ്പരം ഏറ്റുമുട്ടി. അത് ആത്യന്തികമായി മംഗോളിയന്‍ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. യഥാക്രമം 1265-ലും 1266-ലുമായി ഇരു സേനാനായകന്മാരും മരണപ്പെടുകയും ചെയ്തു. ഹുലാഗുവിനെ മംഗോളിയന്‍ ആഭ്യന്തര കലഹങ്ങളില്‍ തിരക്കിലാക്കി, മക്ക, മദീന, ജറൂസലേം തുടങ്ങിയ ഇസ്ലാമിക പുണ്യ ഭൂമികള്‍ ഹുലാഗുവിന്റെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കുകയെന്നത് ബെര്‍കെ ഖാന്റെ തന്ത്രമായി ചില ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
ബെര്‍കെ ഖാന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികളായ തോഡെ മോംഗെ(1282-1287)യും ഉസ്ബഗും(1312-1341)- ഇദ്ദേഹത്തിലേക്ക് പേരുചേര്‍ത്താണ് ഉസ്ബക്കിസ്ഥാന് ഉണ്ടാവുന്നത്- ഇസ്ലാമാശ്ലേഷിച്ചു. ഗോള്‍ഡന്‍ ഹോര്ഡെയില് ഇസ്ലാം രൂഢമൂലമായെന്ന് അവ ഉറപ്പുവരുത്തി: 'ഈ കൂട്ടായ പരിവര്‍ത്തനങ്ങള്‍ കേവലം രാഷ്ട്രീയ അവസരവാദപരമായിരുന്നില്ല, മറിച്ച് അത് ചെങ്കിസുകളുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടുകള്‍ക്കപ്പുറത്തേക്ക് പോകുന്ന ഒരു പുതിയ സാമൂഹിക ഐഡന്റിറ്റിയുടെയും ഒരു സംഘടിത ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെയും പ്രകടഭാവമായിരുന്നു'. ബെര്കെയുടെ പ്രാരംഭ പരിവര്‍ത്തനത്തെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍, നാല് മംഗോളിയന്‍ ഖാനേറ്റുകളിലെ മൂന്നെണ്ണവും അവരുടെ ഭരണാധികാരികളിലൂടെ ഓരോ സമയങ്ങളിലായി ഇസ്ലാമിലേക്കെത്തി.
ഭരണത്തിലെ പ്രമുഖ ഉദ്യോഗ്യസ്ഥരോടെല്ലാം തന്നെ പിന്തുടരാന് കല്പിച്ചുകൊണ്ട് ഹുലാഗുവിന്റെ നേര്പിന്ഗാമിയായ, ഇല്ഖാനികളിലെ മഹ്മൂദ് ഗസാനാണ്(1295-1304) ഭരണകൂടത്തിലെ പ്രമുഖ നേതാക്കളിലും ഇസ്ലാമിനോടുള്ള ആഗ്രഹം ജനിപ്പിച്ച് കൊണ്ട് ആദ്യമായി ഇസ്ലാമിനെ ഖാനേറ്റിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നത്. ചൈനയിലെ മംഗോളിയന്‍ നേതാക്കളുമായുള്ള ബന്ധം അപ്പോഴേക്കും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ശൈഖ് സദ്റുദ്ദീന്‍ ഇബ്റാഹീം ഹമുവായിയുടെ നേതൃത്വത്തില്‍ 2 ശഅ്ബാന്‍ 694 / 17 ജൂണ്‍ 1295-നാണ് ഗസാന്‍ ഔദ്യോഗികമായി ഇസ്ലാമാശ്ലേഷിക്കുന്നത്.
ഗസാന്‍ മുസ്ലിം രാജവംശങ്ങളുമായി നിരന്തര ഉടക്കിലായിരുന്നുവെങ്കിലും മുസ്ലിം മതപണ്ഡിതന്മാരോടുള്ള അദ്ദേഹത്തിന്റെ സംരക്ഷണാടിസ്ഥാനത്തിലുള്ള സമീപനം വളരെ പ്രസിദ്ധമാണ്; ചരിത്രകാരനായ റാഷിദുദ്ദീന്‍ ആ തണലില്‍ വളര്‍ന്ന നിരവധി പണ്ഡിതന്മാരിലെ ഒരാളാണ്. പൂര്‍ണമായ മത സ്വാതന്ത്ര്യം നല്‍കിയതിലൂടെ രാജ്യത്തെ നല്ലൊരു ശതമാനം ന്യൂനപക്ഷ പിന്തുണയും ഗസാന്‍ നേടിയെടുക്കാനായി.
ചഗതായി ഖാനേറ്റാണ് മൂന്നാമതായി ഇസ്ലാം സ്വീകരിക്കുന്നത്. എന്നിരുന്നാലും, അതിനതിന്റെ ഐഡന്റിറ്റിയുമായി കുറച്ച് കാലം മല്ലിടേണ്ടി വന്നു. തര്മഷിരിന് ഖാന്(1331-1334), ബുദ്ധിസ്റ്റുകളും തെങ്ക്രിസ്റ്റുകളുമായി തന്നെ തുടര്‍ന്ന തന്റെ മംഗോളിയന്‍ പ്രഭുക്കന്മാരുടെ കുണ്ഠിതത്തിന് വഴങ്ങാതെ ഇസ്ലാം സ്വീകരിച്ചു. മംഗോളിയന്‍ പെരുമാറ്റ ചട്ടങ്ങള്‍ അവഗണിച്ചെന്നാരോപിക്കപ്പെട്ട് ഒടുവിലദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ച തുഗ്ലഗ് തിമൂര്‍ ഖാന്(1347-1360) കീഴില്‍ മാത്രമാണ് ഖാനേറ്റില് കൂടുതലായ ഇസ്ലാമിക സാനിധ്യമുണ്ടാവുന്നത് (തിമൂറിനൊപ്പം 120000 ചഗതായി മംഗോളുകളും ഇസ്ലാം സ്വീകരിച്ചതായി പറയപ്പെടുന്നു).
പ്രസ്തുത മൂന്ന് പടിഞ്ഞാറന്‍ ഖാനേറ്റുകളില് നിന്ന് വിരുദ്ധമായി നാലാം മംഗോള്‍ ഭരണകൂടമായ ആധുനിക ചൈനയിലെ യുവാന്‍ ഇസ്ലാമാശ്ലേഷിച്ചില്ല, അവര്‍ ബുദ്ധിസ്റ്റുകളായി തന്നെ തുടരുകയായിരുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാന്റെ മറ്റൊരു പിന്‍ഗാമിയും മുസ്ലിം ചഗതായി ഭരണാധികാരിയായ തിമൂറിന്റെ(താമര്ലൈന്) പൗത്രനുമായ ഒരാള്‍ ഈ മംഗോളിയന്‍ പാരമ്പര്യം തുടരുകയായിരുന്നു. സഹീറുദ്ദീന്‍ ബാബര്‍(1483-1526) ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന് ശിലയിട്ട് ലോകത്തിലെ തുര്‍ക്ക്-മംഗോള്‍ രാജവംശങ്ങളിലെ അവസാനത്തേതായിരിക്കാനിരുന്ന ഭരണകൂടത്തിന്റെ ആദ്യ ചക്രവര്‍ത്തിയായി.
ചില മംഗോള്‍ നേതാക്കന്മാരും പ്രഭുക്കളും, ഇസ്ലാമികാശ്ലേഷത്തിലൂടെ അവര്‍ മുന്നില്‍കണ്ട സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ചില ചരിത്രകാരന്മാര് അതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പീറ്റര്‍ ജാക്സണ് നമ്മെ ഇങ്ങനെ ഓര്‍മപ്പെടുത്തുന്നു:
'ഇസ്ലാം സ്വീകരിച്ച മംഗോള്‍ ഭരണാധികാരികളുടെ പൂര്‍ണ മനസ്സിനെ ചോദ്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു കാര്യവും നമ്മള് കൈവശപ്പെടുത്താത്തതിനാല് ഈ തരത്തിലുള്ള ഒരു പരിവര്‍ത്തനത്തെ 'ഭാഗികമായത്' അല്ലെങ്കില്‍ 'ആത്മാര്‍ത്ഥതയില്ലാത്തത്' എന്നൊക്കെ എഴുതിത്തള്ളുന്നത് അനൗചിത്യമാണ്. അഗാധമായ ആന്തരിക മാറ്റത്തെ സൃഷ്ടിച്ചെടുത്ത ഈ ഒരു പരിവര്‍ത്തന വീക്ഷണങ്ങള്‍ക്കുമേല്‍ കെട്ടിവെക്കപ്പെട്ട ഇത്തരം വിധികള്‍ പാശ്ചാത്യ കൃസ്ത്യന്‍ പ്രതീക്ഷകളോടും അനുഭവങ്ങളോടുമാണ് കടപ്പെട്ടിരിക്കുന്നത്.
എന്തുതന്നെയായാലും ബഗ്ദാദിന്റെ പതനത്തിന് ശേഷം, മതം കൂടുതല്‍ കിഴക്ക് വ്യാപിക്കുന്നതിനും ആ പ്രദേശത്തിന്റെത്തന്നെ മുഖച്ഛായ മാറ്റുന്നതിനും വഴിയൊരുക്കിക്കൊണ്ട് ഒരു നൂറ് വര്‍ഷം തികയും മുമ്പേ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ മംഗോളിയന്‍ പ്രമുഖര്‍ ഇസ്ലാമാശ്ലേഷിക്കുമെന്ന് ചിലര്‍ പ്രവചിച്ചിട്ടുണ്ടായിരുന്നിരിക്കാം.
വിവ: ഇർശാദ് കിഴിശ്ശേരി
Source: SACRED FOOTSTEPS
