കഴിഞ്ഞുപോയ കാലങ്ങളിലെവിടെയോ മനുഷ്യരാശിയുടെ ചരിത്രത്തോടൊപ്പം ഇഴകിചേര്ന്നതാണ് കാപ്പിയോടുള്ള മനുഷ്യന്റെ ഭ്രമവും അതിന്റെ ഉപഭോഗവും. തുടര്‍ന്നങ്ങോട്ട് അനവധി സംസ്കാര നിര്‍മിതിക്കും പൈതൃകങ്ങള്ക്കും വഴിവെച്ച കാപ്പി കണ്ടുപിടിക്കുന്നത് എത്യോപ്യക്കാരനായ ഒരാട്ടിടയനാണെന്നതാണ് പ്രബലപക്ഷം. തന്റെ ആടുകള്‍ ഏതോ കായ്കള്‍ ഭക്ഷിച്ച ശേഷം പൊടുന്നനേ ഉന്മേശഭരിതരാകുന്നതും വിശ്രമമില്ലാതെ തുള്ളിക്കളിക്കുന്നതും കല്ദിയെന്ന് പേരുള്ള ഈ ആട്ടിടയന് ശ്രദ്ധിക്കുന്നു. ജിജ്ഞാസയോടെ ആ കായ്കള്‍ പരീക്ഷിച്ച കല്ദിക്കും എന്തെന്നില്ലാത്ത ഉണര്‍വ് ലഭിക്കുന്നതായി അനുഭവപ്പെട്ടു. ആട്ടിടയന് ഈ കായ്കള്‍ സ്വര്‍ഗ നിയുക്തമായി കരുതി അവ പറിച്ച് സമീപത്തെ ആശ്രമത്തിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തല്‍ കേട്ടറിഞ്ഞ അവിടത്തെ മഠത്തിലെ മഠാധികാരികള്‍ ആദ്യം ഇതിനെ തിരസ്കരിക്കുകയും ചെകുത്താന്റെ വേലയാണെന്ന് പറഞ്ഞ് ഈ കായ്കള്‍ എടുത്ത് തീയിലിടുകയും ചെയ്തു. എന്നാല്‍ തീയില്‍ നിന്ന് പൊങ്ങിയ ഗന്ധം ഇവരെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. തീയില്‍ നിന്ന് അവര്‍ കാപ്പിക്കുരു കോരിയെടുത്ത് വെള്ളത്തിലിട്ടെന്നും അത് അവര്‍ പാനീയമായി ഉപയോഗിച്ചുവെന്നുമാണ് വിശ്വാസം. ഈ വാര്‍ത്ത അയല്‍നാടുകളില്‍ പരന്നതോടെ കാപ്പി എന്ന പാനീയത്തിന് പുതിയ മാനം കൈവന്നു. തുടര്‍ന്നങ്ങോട്ട് മനുഷ്യ സമ്പര്‍ക്കങ്ങളിലൂടെ വളര്‍ന്ന് പന്തലിച്ച കാപ്പികൃഷി പിന്നീട് തീന്മേശയിലെ ഒഴിച്ച് കൂടാനാവാത്ത പാനീയമായി കാപ്പിയെ മാറ്റിയെടുത്തു. കാപ്പി ഭൂഖണ്ഡങ്ങള്‍ താണ്ടി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ അവ പുതിയ വകഭേദങ്ങള്‍ക്കും ശൈലികള്‍ക്കും രൂപം കൊടുക്കാന്‍ തുടങ്ങി. കാപ്പിയുടെ രുചിക്കെന്ന പോലെ കാപ്പി സേവിക്കേണ്ട ആചാരത്തിനും കാലഗതിക്കും മാറ്റം സംഭവിച്ചു. ചിലര്‍ക്കത് ആഥിത്യ മര്യാദയിലെ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനമായി മാറിയെങ്കില്‍ ചിലര്‍ക്കത് അനുപേക്ഷണീയമായ ദിനചര്യയായി. മറ്റ് പ്രദേശങ്ങളെ പോലെ എത്യോപ്യയിലും കാപ്പി പുതിയ ജീവിതരീതികള്‍ കൊണ്ടുവന്നു. വ്യാവസായിക മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത കാപ്പികൃഷി ഉപജീവനമായി കൊണ്ടുനടക്കുന്ന പന്ത്രണ്ട് ദശലക്ഷം ജനങ്ങള്‍ ഇന്നും എത്യോപ്യയിലുണ്ട്.
കാപ്പിയും ചില എത്യോപ്യന്‍ പഴമൊഴികളും
എത്യോപ്യന്‍ സംസ്കാരത്തില്‍ കാപ്പിയുടെ ഏറ്റവും വ്യക്തമായ പ്രതിഫലനങ്ങളിലൊന്ന് അവയുടെ ഭാഷയിലായിരിക്കും. എത്യോപ്യന്‍ സംസ്കാരത്തില്‍ ജീവിതം, ഭക്ഷണം, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങളിലെല്ലാം കാപ്പി പ്രത്യക്ഷപ്പെടുന്നുണ്ട്. എത്യോപ്യന്‍ ഭാഷയിലെ ഏറ്റവും വിഖ്യാതമായ ചൊല്ലായ 'ബുന ദാബോ നവ്' (Buna dabo naw) അര്‍ഥമാക്കുന്നത് കാപ്പിയാണ് നമ്മുടെ ഉപജീവനമെന്നാണ്. ഭക്ഷണമെന്നതിനപ്പുറം കാപ്പി അവരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെയുള്ള മറ്റൊരു ചൊല്ലാണ് 'ബുന തേറ്റു' (Buna Tetu). ഭാഷാര്‍ഥം കാപ്പി കുടിക്കുക എന്നാണെങ്കിലും അതിനപ്പുറം മറ്റുള്ളവരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കുന്നതിനാണ് ഇത് ഉപയോഗിക്കാറുള്ളത്. എത്യോപ്യയില്‍ ആരെങ്കിലും 'എനിക്ക് കാപ്പി കുടിക്കാന്‍ ആരുമില്ല' എന്ന് പറഞ്ഞാല്‍ അവയെ അതിന്റെ ഭാഷാര്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, ആ വ്യക്തിക്ക് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കള്‍ ഇല്ല എന്നാണ് അര്‍ഥമാക്കുന്നത്. കോഫി എത്യോപ്യന്‍ ജീവിതരീതിയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നുള്ളതിലേക്കും ദൈനംദിന ജീവിതം, നര്‍മ സല്ലാപം, ആഴമേറിയ ചര്‍ച്ചകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ക്കായി ജനങ്ങള്‍ കാപ്പി കുടിക്കുന്ന സമയത്തെയാണ് ആശ്രയിച്ചിരുന്നുവെന്നതിലേക്കുമുള്ള സൂചനയാണിത്. അതുപോലെ, 'കാപ്പി കുടിക്കുന്ന സമയത്ത് നിന്റെ നാമം ഉയര്‍ന്ന് കേള്‍ക്കാന്‍ നീ അനുവദിക്കരുത്' എന്ന് ഉപദേശ സ്വരത്തില്‍ ആരെങ്കിലും പറഞ്ഞാല്‍ അതര്ഥമാക്കുക നിന്റെ മാനം നീ നഷ്ടപ്പെടുത്തരുതെന്നും അപവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ്.
ചരിത്രം
പുരാണങ്ങളിലെ കല്ദിയെന്ന കഥാപാത്രം എ.ഡി എണ്ണൂറ്റി അമ്പതുകളില്‍ ജീവിച്ചുവെന്നാണ് കരുതപ്പെടുന്നത്. എത്യോപ്യയിലും സമീപ പ്രദേശങ്ങളിലും കാപ്പി കൃഷി ഒമ്പതാം നൂറ്റാണ്ടിലാണ് തുടങ്ങിയതെന്ന പൊതുധാരണയെ ഇത് ശരിവെക്കുന്നു. കാപ്പിയെ ഉത്തേജകമായും പാനീയമായും കണ്ട് തുടങ്ങിയത് ഒരേ ദിനമാണെന്നാണ് കല്ദിയുടെയും സന്യാസിമാരുടെയും കഥ പറഞ്ഞു വെക്കുന്നത്. എന്നാല്‍ പാനീയമായി ഉപയോഗിക്കപ്പെടുന്നതിനും മുന്നേ അവ ഉത്തേജകമായി ഉപയോഗിക്കപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യത. ദീര്‍ഘയാത്രകളില്‍ കാപ്പിപ്പൊടി നെയ്യ് ചേര്‍ത്ത് ചവയ്ക്കുന്ന ശീലം പണ്ടുള്ളവര്ക്കുവര്ക്കുണ്ടായിരുന്നു. മുസ്ലിം അടിമച്ചന്തകളില്‍ വില്ക്കപ്പെടാന് വേണ്ടി കൊണ്ടുവന്ന സുഡാനിയന്‍ അടിമകളാണ് ഈ രീതി കാഫയില്‍ നിന്ന് ഹറാറിലേക്കും അറേബ്യയിലേക്കും കൊണ്ടുവന്നത്. അതിജീവനാവശ്യാര്ഥം ദീര്‍ഘവും ദുര്‍ഘടവുമായ പാതകള്‍ താണ്ടേണ്ടി വന്നതിനാലാണ് ഉത്തേജനത്തിനായി ഇവര്‍ കാപ്പി സേവിച്ചത്. ഈ രീതി എത്യോപ്യയിലെ ഗല്ല എന്ന പ്രദേശത്തെ സംസ്കാരത്തില്‍ നിന്ന് കടമെടുത്തിരിക്കാനാണ് കൂടുതല്‍ സാധ്യത. കാപ്പി ചവയ്ക്കുന്നതായുള്ള ശീലം കാഫയിലും സിഡമോയിലും ഇപ്പോഴുമുണ്ട്. ചിലയിടത്ത് പഴയ രീതിയുടെ അനുകരണമെന്നോണം ഇപ്പോഴും കാപ്പിയില്‍ നെയ്യ് ചേര്‍ക്കാറുമുണ്ട്. ചില രേഖകള്‍ പ്രകാരം പത്താം നൂറ്റാണ്ടില്‍ എത്യോപ്യയിലും സമീപ പ്രദേശങ്ങളിലും കാപ്പി കഞ്ഞി പോലെയാക്കി കുടിക്കുന്ന ശീലമുള്ളവരുമുണ്ടായിരുന്നു. ക്രമേണ എത്യോപ്യക്കപ്പുറത്തേക്ക് കാപ്പി കൃഷി വ്യാപിച്ചതോടെ കാപ്പി വൈന്‍ പോലെ വാറ്റി ഉപയോഗിക്കാനും ഉണക്കി പൊടിച്ച് ഉപയോഗിക്കാനും തുടങ്ങി. പതിമൂന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക ലോകത്തേക്കും കാപ്പി കൃഷി വ്യാപിച്ചു. അവിടെ കാപ്പിയെ അവര്‍ കൃത്യമായ ഫലമുള്ള മരുന്നായും പ്രാര്‍ഥനാ സഹായിയുമായാണ് വരവേറ്റത്. ശക്തിക്കും ഉണര്‍വിനുമായി അവര്‍ കഷായം പോലെ കാപ്പി തിളപ്പിച്ചുപയോഗിക്കാന് തുടങ്ങി. കാപ്പി തിളപ്പിച്ചുപയോഗിക്കുന്ന ശീലം എത്യോപ്യയിലും തുര്‍ക്കിയിലും ബാക്കിയുള്ള മെഡിറ്റേറിയന്‍ രാജ്യങ്ങളിലും ഇപ്പോഴും സജീവമാണ്.
കാപ്പി സല്‍ക്കാരത്തിലെ എത്യോപ്യന്‍ മാതൃക
കാപ്പി സേവിക്കുന്നതിന് എത്യോപ്യക്ക് തനതായൊരു മാതൃകയുണ്ട്. തുര്‍ക്കിഷ് കാപ്പി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇബ്രിക്കിനോട് സാമ്യമുള്ള ഒരുതരം പാത്രത്തില്‍ വറുത്ത കാപ്പിക്കുരു വെള്ളവുമായി തിളപ്പിച്ചാണ് ഇത് തയ്യാറാക്കുക. എത്യോപ്യന്‍ വീടുകളിലെ കുടുംബനാഥകളോ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളോ ആകും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ട് നില്ക്കുന്ന കാപ്പി സല്‍ക്കാരത്തിന് നേതൃത്വം നല്‍കുക. ആചാരത്തിനായി മുറിയൊരുക്കുന്നതിലൂടെയാണ് ചടങ്ങിന് തുടക്കമാവുന്നത്. ആദ്യമായി അവര്‍ തറയില്‍ നനുത്തതും സുഗന്ധമുള്ളതുമായ പുല്ലുകളും പൂക്കളും വിതറും. ദുരാത്മാക്കളെ തടയാന്‍ വേണ്ടി സുഗന്ധം കത്തിച്ച് വെക്കുകയും ചടങ്ങുകളിലുടനീളം ഇത് അണയാതെ സൂക്ഷിക്കുകയും ചെയ്യും. ജെബീന (jebena) എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള കളിമണ്‍ പാത്രത്തില്‍ വെള്ളമൊഴിച്ച് അത് ചൂടുള്ള കല്‍ക്കരിക്ക് മുകളില്‍ വെക്കും. തുടര്‍ന്ന് അതിഥിയായി വന്ന സ്ത്രീ ചൂടാക്കിയ വറവ് ചട്ടി പോലെയുള്ള പാത്രം ഒരുപിടി പച്ച കാപ്പിക്കുരുവെടുത്ത് വൃത്തിയാക്കും. ചൂടുള്ള കല്‍ക്കരിയിലോ തീയിലോ ഈ പാത്രം വെച്ച് കാപ്പിക്കുരുവിന്റെ തോലും മറ്റും ശുദ്ധിയാകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കും. കുരു വൃത്തിയായെന്നുറപ്പായാല് അതേ പാത്രത്തിലിട്ട് അവ വറുത്തെടുക്കും. കാപ്പി വിത്തുകള്‍ തവിട്ട് നിറമായാലോ എണ്ണ ചേര്‍ത്തതാണെങ്കില്‍ കറുപ്പ് നിറമായാലോ മാത്രമാണ് ഇവ തീയില്‍ നിന്നെടുക്കുക. അപ്പോള്‍ ഉയര്‍ന്ന് പൊങ്ങുന്ന വറുത്ത കാപ്പിയുടെ ഗന്ധം ചടങ്ങിന്റെ പ്രധാന ഘടകമായി കരുതപ്പെടുന്നു. ശേഷം മൂകേചയെന്നും (mukecha) സെനസേനയെന്നും (zenezena) പേരുള്ള ഉലക്കയോടും ഉരലിനോടും നന്നായി സാമ്യമുള്ള ഒരു ഉപകരണം വെച്ച് വറുത്ത കോഫിബീന്‍സിനെ മിനുസമല്ലാത്ത രീതിയില്‍ പൊടിച്ചെടുക്കും. ഏതാണ്ട് ഈ സമയമാകുമ്പോഴേക്ക് ജെബീനയിലെ വെള്ളം കാപ്പി തയ്യാറാക്കാന്‍ പാകത്തില്‍ ഒരുങ്ങിയിട്ടിണ്ടാകും. അപ്പോള്‍ പതിയെ പാത്രത്തിന്റെ മൂടി നീക്കം ചെയ്ത് അതിഥി അതിലേക്ക് കാപ്പിപ്പൊടി ചേര്‍ക്കും. കുടിക്കാന്‍ തക്കവണ്ണം തയ്യാറായ കാപ്പി നിരനിരയായി ഒരുക്കി വെച്ച ഗ്ലാസിലേക്ക് ഒരടി ഉയരത്തില്‍ നിന്ന് ഒഴുക്ക് നിലക്കാത്ത വിധത്തില്‍ ഒഴിച്ച് കൊടുക്കും. പരുക്കന്‍ ചണ്ടികള്‍ കാപ്പിയിലേക്ക് ചാടുന്നത് തടയാന്‍ വേണ്ടിയാണത്.

ചിലയിടങ്ങളില്‍ കാപ്പി വീട്ടിലെ ഇളയ പയ്യന് ഏറ്റവും മുതിര്‍ന്ന അതിഥിക്ക് വിളമ്പുന്ന ശീലവും കണ്ടുവരാറുണ്ട്. ഇവിടെ അതിന്ന് ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വിളമ്പുക. അതിഥിയുടെ ആവശ്യമനുസരിച്ച് മാത്രമേ മധുരം ചേര്‍ക്കുകയുള്ളൂ. തുടര്‍ന്ന് അതിഥികള്‍ 'ബൂന ദേ തൂ' (drink coffee) എന്ന് പറഞ്ഞ് കാപ്പി കുടിക്കാനാരംഭിക്കുകയും കാപ്പി തയ്യാറാക്കിയ അതിഥിയെ പുകഴ്ത്തുകയും ചെയ്യുന്നു. കാപ്പി കുടിക്കുന്ന ആദ്യ റൗണ്ട് പൂര്‍ത്തിയായാല്‍ രണ്ടു തവണ കൂടി കാപ്പി വിളമ്പും. ഈ മൂന്ന് റൗണ്ടുകള്‍ അബോല്‍, ടോണ, ബറക്ക (abol, tona, baraka) എന്നിങ്ങനെ വിളിക്കപ്പെടുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് സമയങ്ങളില്‍ ഇവര്‍ കാപ്പി സേവിക്കും.
സാംസ്കാരിക പ്രാധാന്യം
കാപ്പി കുടിക്കാന്‍ വേണ്ടി ക്ഷണിക്കുന്നത് പല ഗ്രാമത്തിലും ആദരവിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അടയാളമാണ്. കാപ്പി കുടിച്ചുകൊണ്ട് അതിഥികള്‍ രാഷ്ട്രീയം മുതല്‍ സാമൂഹ്യജീവിതം, നര്‍മം എന്നിവയെല്ലാം ചര്‍ച്ച ചെയ്യുകയും കാപ്പി കുടിച്ച ശേഷം അത് തയ്യാറാക്കിയ കുടുംബനാഥയെ പ്രശംസിക്കുകയും ചെയ്യും. നേരിയ മാറ്റങ്ങളുണ്ടെങ്കിലും കാപ്പി സല്‍ക്കാരത്തില്‍ എത്യോപ്യയിലങ്ങോളമിങ്ങോളം പിന്തുടരുന്നത് ഒരേ ഘടനയാണ്. ശുദ്ധമായ സാമൂഹികവല്ക്കരണത്തിലെന്ന പോലെ കാപ്പി സല്‍ക്കാരം എത്യോപ്യയിലെ ആത്മീയ പാരമ്പര്യങ്ങളിലും തനതായ പങ്ക് വഹിക്കുന്നു. എത്യോപ്യയിലെ കാപ്പിസേവക്ക് അവിടത്തെ ഇസ്ലാം മതവുമായി അഗാധമായ ബന്ധമുണ്ട്. ആത്മീയ ഗുണങ്ങളുള്ള കാപ്പി മൂന്ന് തവണകളായി സേവിക്കപ്പെടുന്നതിലൂടെ ആത്മാക്കളുടെ പരിവര്‍ത്തനം നടക്കുന്നതായി അവിടത്തുകാര്‍ വിശ്വസിക്കുന്നു.
എത്യോപ്യന്‍ കാപ്പിയുടെ ചില വകഭേദങ്ങള്‍
എത്യോപ്യയില്‍ പൊതുവെ കാണപ്പെടുന്ന രീതിയാണ് മുന്നേ വിശദീകരിച്ചത്. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടുവരാറുണ്ട്. കാപ്പി വറുത്ത് പാകമായി വരുമ്പോള്‍ അവയിലേക്ക് ഏലം, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേര്‍ക്കുന്ന രീതി അവയില്‍ പെട്ടതാണ്. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് കാപ്പിയില്‍ പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ക്കുന്ന ശീലവുമുണ്ട്. ചില പ്രദേശങ്ങളില്‍ കാപ്പിയില്‍ നെയ്യും തേനും ചേര്‍ക്കുന്നു. അതുപോലെ കാപ്പിക്കൊപ്പം വറുത്ത ബാര്‍ലി, കടല, ചോളം എന്നിവ കഴിക്കുന്നവരും അവിടെയുണ്ട്.
