'സൗഹൃദ ഭാവത്തിലാണെങ്കിലും ശത്രുവിന്റെ വാക്കുകൾ ഒറ്റയടിക്ക് വായിച്ചെടുക്കാം.' - തിരുക്കുറൾ
ഹിന്ദു വലതുപക്ഷ വ്യവഹാരങ്ങളില്‍ 'അപകോളനീകരണം' എന്നത് ഒരു വിരോധാഭാസമായി മാറിയിരിക്കുന്നു. മിക്ക അക്കാദമിക - സാമൂഹ്യ നീതി രംഗങ്ങളിലും കൊളോണിയല്‍ സമ്പ്രദായങ്ങളെ ഇല്ലാതാക്കലെന്നും സാമ്രാജ്യത്വ ഘടനകളെയും അപഗ്രഥനങ്ങളെയും അപനിര്മിക്കലെന്നുമുള്ള പഴയ അര്‍ഥം തന്നെയാണ് പദം നിലനിര്‍ത്തുന്നത്. ഈയൊരര്‍ഥത്തില്‍ 'അപകോളനീകരണം' പ്രത്യേകിച്ചും തദ്ദേശീയരായ സമൂഹങ്ങളില്‍ നിന്നുള്ള നീതിയെയും ചരിത്രപരമായി അരികുവല്‍കരിക്കപ്പെട്ട ശബ്ദങ്ങളെയും തേടിയുള്ള ആഹ്വാനങ്ങളെ ഉള്‍ക്കൊള്ളുന്നു. എങ്കിലും, പൂര്‍വാധുനിക ഇന്ത്യാ ചരിത്രത്തെ കുറിച്ചുള്ള വിശേഷാല്‍ പ്രചാരണം മുതല്‍ വിവര നിയന്ത്രണ - വക്രീകരണ സംബന്ധിയായ ബ്രിട്ടീഷ് നിര്‍മിത ജ്ഞാനാധികാരങ്ങള്‍ വരെ വിഹരിച്ചു കിടക്കുന്ന കോളനിക്കാല ആശയങ്ങളെയും യുക്തിയെയും പുനഃപ്രതിഷ്ഠിക്കാനുള്ള തങ്ങളുടെ വ്യാപകമായ ശ്രമങ്ങളെ വിവരിക്കാനാണ് ഈയിടെയായി ഹിന്ദു ദേശീയവാദികള്‍ അധികമായും ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളത്.
എങ്കില്‍പോലും, അപകോളനീകരണത്തിന്റെ ഹിന്ദു ദേശീയവാദ പ്രയോഗങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടപ്പില്‍ വരുത്താനായിട്ടില്ലെന്നതാണ് വാസ്തവം. അതേസമയം, യഥാര്‍ഥ അര്‍ഥം വിട്ട് കൊളോണിയല്‍ ജ്ഞാനശാസ്ത്രത്തെ പ്രചോദനമുള്കൊള്ളും വിധമുള്ള പ്രാര്ദുര്ഭാവമായൊരു സവിശേഷതയും ഇവിടെ കൈവരുന്നുണ്ട്. ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളുടെമേല് കൊളോണിയല്‍ ആശയങ്ങളെയും നയങ്ങളെയും വെച്ചുകെട്ടാനുള്ള അധ്വാനങ്ങളെന്ന അര്‍ഥം ദ്യോദിപ്പിക്കുന്ന ഹിന്ദുത്വവാദികളുടെ അപകോളനീകരണത്തിന്റെ രൂപരേഖകളെയാണ് ഞാനീ ലേഖനത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും കൊളോണിയല്‍ പണിയായുധങ്ങളുപയോഗിച്ച് വരച്ചെടുത്തോ അതുവഴി രൂപപ്പെടുന്ന പ്രത്യയശാസ്ത്ര അധികാരത്തെ ഒരു ഗുണമായി എഴുന്നള്ളിച്ചോ വിജ്ഞാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് ഹിന്ദുത്വ രാഷ്ട്രീയാനുകൂലികളുടെ ശ്രമങ്ങളെന്ന് എനിക്ക് വാദിക്കാനാകും.
ഇന്ത്യന്‍ സ്വത്വ രൂപീകരണത്തിന് വേണ്ടിയുള്ള കര്‍മപദ്ധതികള്‍ ഹിന്ദു ദേശീയവാദികള്‍, കൊളോണിയല്‍ പ്ലേബുക്കില്‍ നിന്ന് വരച്ചെടുക്കുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. സര്‍വ്വോപരി ഹിന്ദു ദേശീയവാദത്തിന്റെ അല്ലെങ്കില്‍ ഹിന്ദുത്വ തത്വസംഹിതയുടെ മുന്‍കാല സൈദ്ധാന്തികര്‍ പല വിധേനയും കൊളോണിയല്‍ ശക്തികളെ അനുകരിച്ചവരാണ്. ഏറ്റവും വലിയ ഹിന്ദു നാഷണലിസ്റ്റ് സംഘടനയായ അര്ദ്ധസൈനികരെപ്പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) 1925-ലാണ് സ്ഥാപിതമാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സമാന യൂറോപ്യന്‍ പ്രസ്ഥാനങ്ങളുടെ മാതൃകാരൂപം സംഘടന കൈകൊണ്ടിരുന്നു. അതിനപ്പുറം, ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വേഷം പോലും ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥരെ അനുകരിച്ചുള്ള കാക്കി പാന്റുകളായിരുന്നു. ആദ്യകാല ഹിന്ദു നാഷണലിസ്റ്റ് നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാര്‍ ഇന്ത്യക്കൊരു മുഖ്യ ഭീഷണിയേ ആയിരുന്നില്ല. അതുകൊണ്ടുതന്നെ അവരിലധികവും സ്വതന്ത്രസമരങ്ങളില് നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പകരം, കൊളോണിയല്‍ തമ്പുരാക്കന്മാരുടെ അധ്യാപനങ്ങളനുസരിച്ച് പ്രധാന ശത്രുക്കളെന്ന പേരില്‍ അവര്‍ ദൂഷിച്ചത് മുസ്ലിംകളെയായിരുന്നു.
ചുരുക്കത്തില്‍, ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് കൊളോണിയലിസമുള്പ്പെടെയുള്ള അധിനിവേശക്കാല മോഡലുകളില്ലാതെ ഹിന്ദു നാഷണലിസം അപ്രാപ്യമാണ്. അതുപോലെത്തന്നെ യൂറോപ്പ് നേതൃത്വം നല്കിയ കൊളോണിയലിസം ഇന്ന് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ഭാഗമായിരിക്കുന്നു(കുടിയേറ്റ കൊളോണിയലിസം അഥവാ യൂറോപ്യനല്ലാത്തത് വര്‍ത്തമാനകാല ഇന്ത്യയുടെ ഭാഗവും). ഇന്ത്യക്കാര്‍ എഴുപതിലേറെ വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്ര്യം നേടിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴവര്‍ക്ക് അപകോളനീകരണത്തിനുള്ള പ്രോത്സാഹനമെന്ന കപടവേഷത്തില് ഹിന്ദു ദേശീയവാദികള്‍ നേതൃത്വം നല്കുന്ന കോളനിക്കാല ആശയങ്ങളുടെ തീവ്രമായ തീറ്റിക്കല്‍ യജ്ഞങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നു.
ഭൂതകാലത്തെ കുറിച്ച കൊളോണിയല്‍ വീക്ഷണങ്ങള്‍
ബ്രിട്ടീഷ് അധിനിവേശക്കാലത്ത് യൂറോപ്യന്‍ ചിന്തകന്മാര് ഗതകാല ഇന്ത്യയെ ഉടച്ചുവാര്‍ത്തു, കൊളോണിയല്‍ വര്ത്തമാനത്തിലെത്തിച്ചേരും വിധമുള്ള ഒരാഖ്യാനത്തിന് നിലമൊരുക്കാന്‍. ഇന്ത്യാ ചരിത്രത്തിലേക്ക് ഹിന്ദു ഭരണം, മുസ്ലിം ഭരണം (അല്ലെങ്കില്‍ കൊളോണിയല്‍ ചിന്തകന്മാരധികവും സൂചിപ്പിച്ച പോലെ മൊഹമ്മദന്‍ ഭരണം), ബ്രിട്ടീഷ് ഭരണം എന്ന തരത്തില്‍ ഒരു ത്രികക്ഷി കാലഗണന മുന്നോട്ടുവെക്കലായിരുന്നു ഈ പ്രചാരണ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ജെയിംസ് മില്ല് 1817-ല്‍ രചിച്ച 3 വാല്യങ്ങളുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം (History of British Bndia) എന്ന ഗ്രന്ഥത്തില്‍ പ്രസ്തുത കാല വിഭജനത്തെ അവതരിപ്പിക്കുകയും സമര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. മില്ലിന്റെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പ്രതിബദ്ധതകളുമായി കടപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, 'ബ്രിട്ടീഷുകാരുടെ മഹത്തായ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള പര്യാപ്തമായ പ്രത്യയഭാവന സാധ്യമാക്കാനനിവാര്യമായ വിജ്ഞാനത്തിന്റെ' ഉല്പാദനമെന്ന തന്റെ ഉദ്ദേശ്യത്തിന് ആമുഖത്തിന്റെ ആദ്യ ഖണ്ഡികയില്‍ തന്നെ മില്ല് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയെ കോളനിയാക്കിക്കൊണ്ട് ഫലപ്രദമായ രീതിയില്‍ ഭരണം നടത്തുന്നതിന് ആവശ്യമായ പ്രത്യേകയിനം ജ്ഞാന നിര്‍മാണത്തിനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു ഇന്ത്യാ ചരിത്രത്തോടുള്ള മില്ലിന്റെ സമീപനം. മില്ലും മറ്റനേകം ഓറിയന്റലിസ്റ്റുകളും ചേര്‍ന്ന് ഹിന്ദുക്കളെയും മുസ്ലിംകളെയും ചരിത്രപരമായും അല്ലാതെയും വിഭജിച്ചു. ഇന്ത്യക്കാരെ ശാശ്വതമായ സംഘര്‍ഷത്തിന് ഹേതുവായ വിശാല മതകീയ സ്വത്വങ്ങള്ക്കുള്ളിലായി ഒരേസമയം നിര്‍വചിച്ചോ പരിമിതപ്പെടുത്തിയോ ആയിരുന്നു ആ വിഭജനം. ഇന്ത്യയിലെ പൂര്‍വകാല ഭരണാധികാരികളെ, വിശേഷിച്ചും മുസ്ലിം ഭരണാധികാരികളെ അപേക്ഷിച്ച് 'ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേലധികാരത്തെ' ഹൈലൈറ്റ് ചെയ്തെടുക്കാന്‍ ഇന്ത്യാ ചരിത്രത്തില്‍ തങ്ങളുടെതായ രീതികളെ പ്രയോജനപ്പെടുത്തി കോളനിക്കാല ചിന്തകന്മാര് ബ്രിട്ടീഷ് ചരിത്രത്തെ വേര്‍തിരിച്ചിരുത്തുകയും ചെയ്തു.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തമിഴ്, സംസ്കൃതം, പേര്‍ഷ്യന്‍ എന്നിവയിലെയും മറ്റു ഭാഷകളിലെയും അസംഖ്യം പൂര്‍വാധുനിക ജ്ഞാന സംവിധാനങ്ങളിലൊന്നും ഈ കാലഗണനക്കും ചിന്താധാരക്കും മാതൃകകളില്ല. ഈ ജ്ഞാനശാസ്ത്ര ഇടവേളയെ വിവരിച്ചുകൊണ്ട് ഡോ. മനാന് അഹ്മദ് ഇപ്രകാരം പറയുന്നു: 'ബ്രിട്ടീഷ് ഇന്ത്യക്ക് സ്വാഭാവിക ചരിത്ര ഗണത്തില്‍ പെട്ടതായി മാറണം. കൊളോണിയല്‍ ജ്ഞാനസിദ്ധാന്തം രാഷ്ട്രീയ വിസ്മൃതിയെ സൃഷ്ടിച്ചെടുക്കുന്ന ഒരു പദ്ധതിയെന്ന നിലയ്ക്ക് അതിന് സ്വയം തന്നെ സ്വാഭാവികവത്കൃതമായിത്തീരണം. ഇങ്ങനെ നോക്കുമ്പോള്‍ കൊളോണിയല്‍ ജ്ഞാനസിദ്ധാന്തം മധ്യകാലത്തേതിനോട് തികച്ചും വിരുദ്ധമായ ഒന്നാണ്.' ചുരുക്കത്തില്‍, ബ്രിട്ടീഷുകാര്‍ ചരിത്രത്തെ അപഹാസ്യപ്പെടുത്തി, അവര്‍ ഭരിക്കാനാഗ്രഹിച്ച ഒരിന്ത്യക്ക് രൂപം നല്കാന്. ഈ കൊളോണിയല്‍ ചിന്താധാര ഇന്ന് ഏറെ ആവേശത്തോടെ ഹിന്ദു ദേശീയവാദികള്‍ അനന്തരമായേറ്റെടുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള കൊളോണിയല്‍ ആശയങ്ങളെ ആശ്ലേഷിച്ചതിന്റെ ദയനീയമായ ഒരുദാഹരണമാണ് 2021-ലെ യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ ബിരുദവിദ്യാര്ഥികള്ക്കായുള്ള ചരിത്ര സിലബസ് കരട്. ബി.ജെ.പി നിര്‍ദ്ദേശിച്ച ഈ സിലബസ് 1921-ല്‍ അല്ലെങ്കില്‍ ചിലപ്പോള്‍ 1821-ല്‍ തന്നെ എഴുതപ്പെട്ടതാവണം. പ്രസ്തുത സിലബസ്, ജെയിംസ് മില്ലിന്റെ 200 വര്‍ഷം പഴക്കമുള്ളതും കപടവുമായ, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് നിശിതമായി വിമര്‍ശിച്ച ഇന്ത്യാ ചരിത്രത്തിന്റെ ത്രികക്ഷി കാലഗണനയെയാണ് ആശ്രയിച്ചിരിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ പണ്ഡിതന്മാര് അപലപിച്ച നാസി വംശീയ സിദ്ധാന്തങ്ങളുടെ നിരീക്ഷണങ്ങളെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലുടനീളമുള്ള ചരിത്രകാരന്മാര് നിര്‍ദ്ദിഷ്ഠ സിലബസിനെ പണ്ഡിതോചിതമല്ലാത്തതെന്നും തള്ളിക്കളയേണ്ട വിധം കാലഹരണപ്പെട്ടതെന്നും വിലയിരുത്തിയിട്ടുണ്ട്. 'അത്യധികം രാഷ്ട്രീയവും ബാലിശവു'മെന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഒരു ചരിത്രകാരന് അതിനെ വിശേഷിപ്പിച്ചത്. പ്രാരംഭ ഖണ്ഡികയില്‍ തന്നെ 'ഭൂതകാലമില്ലാതെ ഒരു രാഷ്ട്രവുമുണ്ടാവുകയില്ല' എന്ന് വാദിക്കുന്ന യു.ജി.സിയുടെ ഹിസ്റ്ററി സിലബസ് പ്രത്യക്ഷത്തില്‍ ദേശീയമാണ്. വിമര്‍ശനാത്മകമായി പറഞ്ഞാല്‍, ഈ സിലബസിലെ രാഷ്ട്ര സങ്കല്പം കൊളോണിയല്‍ ജ്ഞാനസിദ്ധാന്തത്തിന്റെ തനി പകര്‍പ്പാണ്. ഇന്ത്യക്കാരൊന്നാകെ, അല്ലെങ്കില്‍ ഭൂരിപക്ഷമെങ്കിലും രണ്ട് നൂറ്റാണ്ടുകളായി ചരിത്ര ചിന്തയില്‍ കൈവന്ന പുരോഗതികളെ മറക്കാന്‍ നിര്‍ബന്ധിതരായാല്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടില്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു നീങ്ങാനാവൂ. സിലബസുമായി ബന്ധപ്പെട്ട് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ ഒരു ചരിത്രകാരന്റെ നിരീക്ഷണമിങ്ങനെയാണ്: 'കഴിഞ്ഞ 70 വര്‍ഷം നടന്ന ഗവേഷണങ്ങളൊക്കെയും പൂര്‍ണമായി തമസ്കരിക്കപ്പെട്ടു; കൊളോണിയല്‍ ചരിത്ര വിജ്ഞാനീയ കാലത്തേക്കൊരു തിരിച്ചുനടത്തമെന്ന പോലെ!'
കാശ്മീരിനോടുള്ള നിഷേധാത്മക സമീപനം
കോളനിയാനന്തര പണ്ഡിത മുന്നേറ്റത്തിന്റെ ദശാബ്ദങ്ങളെ നിഷ്കാസിതമാക്കാന്‍ ശ്രമിക്കുന്നതിന് പുറമെ കാശ്മീരികളുടെ ദുരിത ജീവിതത്തെ നിഷേധിക്കാനും ഹിന്ദു ദേശീയവാദികള്‍ ഒരുമ്പെടുന്നു. 1947-ലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യം മുതല്‍ തര്‍ക്ക പ്രദേശമായി നിലനില്‍ക്കുന്ന കാശ്മീരില്‍ കുടിയേറ്റ കൊളോണിയല്‍ സമ്പ്രദായങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അതിന് വിടുവേല നടത്തുകയും ചെയ്യുന്നവരാണ് ഹിന്ദു ദേശീയവാദികള്‍. കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ടെന്നതും ജനങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ തീര്പ്പാക്കാമെന്നതും അന്താരാഷ്ട്ര നിയമ പ്രകാരവും ഇന്ത്യന്‍ ഗവണ്മെന്റിന്റെ പ്രാരംഭ ഉടമ്പടി പ്രകാരവും വ്യക്തമാക്കപ്പെട്ടതാണ്.
എന്നിരുന്നാലും, പതിറ്റാണ്ടുകളായി അധിനിവിഷ്ഠ കാശ്മീരില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ ഇന്ത്യ നല്ലതുപോലെ കൈകടത്തിയിട്ടുണ്ട്. 2019-ല്‍ ഇന്ത്യന്‍ ഭരണഘടനയിലെ 35 എ, 370 എന്നീ അനുച്ഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ട് ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യന്‍ ഗവണ്മെന്റ് കാശ്മീരിലൊരു കുടിയേറ്റ കൊളോണിയല്‍ അജണ്ട കാര്യമായി തന്നെ നിര്‍മിച്ചെടുത്തു. ഈ നീക്കം മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം കാശ്മീരികളല്ലാത്തവര്ക്കും ജമ്മു കാശ്മീരില്‍ - സമകാലിക ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം - ചെന്ന് അധിവസിക്കുന്നതിനുള്ള വഴി തുറന്നു.
2019 മുതല്‍ കാശ്മീരിന്റെ പദവിയില്‍ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് നിരന്തര അറസ്റ്റുകള്‍, ഏഴ് മാസം നീണ്ട ആശയവിനിമയ നിയന്ത്രണം, തുടര്‍ന്ന് പതിനൊന്ന് മാസം അധിക ഇന്റര്‍നെറ്റ് വിലക്ക് ഉള്‍പ്പെടെ കടുത്ത ലോക്ക്ഡൗണാണ് ഇന്ത്യന്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയത്. 2012നും 2020നുമിടയില്‍ 200ലേറെ ആശയവിനിമയ നിയന്ത്രണങ്ങള്‍ അനുഭവിച്ച പ്രദേശമാണ് കാശ്മീര്‍.
കാശ്മീരിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന് അവിടുത്തെ നീണ്ടകാലത്തെ ലോക്ക്ഡൗണ്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്. വിശാലാര്‍ഥത്തില്‍, വിവരങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറക്കാന്‍ ലോക്ക്ഡൗണിന്റെ സമയത്ത് ബി.ജെ.പി ഗവണ്മെന്റ് പലപ്പോഴും കോളനിക്കാല നിയമങ്ങളെയും തന്ത്രങ്ങളെയും കാര്യമായും പ്രയോജനപ്പെടുത്തി. പ്രദേശത്തെ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട സമീപകാല സമീപനങ്ങളുള്പ്പെടെ കാശ്മീരിലെ സ്ഥിതിഗതികള്‍ പ്രത്യയശാസ്ത്ര അധികാരത്തിലെ ഹിന്ദുത്വ നിക്ഷേപത്തിന്റെ തീവ്രതകളെയാണ് പ്രകടമാക്കുന്നത്.
കാശ്മീരിലെ നേരനുഭവങ്ങള്‍ക്ക് നേര്‍വിപരീതമായി, 2019 ആഗസ്റ്റില്‍ ആരംഭിച്ച ലോക്ക്ഡൗണിനെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നതിന് 2020-ന്റെ തുടക്കത്തില്‍ തന്നെ സ്കൂള്‍ പാഠപുസ്തകങ്ങളെ ആയുധമാക്കിയെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. ഹിന്ദു ദേശീയവാദികളെ സംബന്ധിച്ചിടത്തോളം ചരിത്ര പുസ്തകങ്ങള്‍ ആവശ്യാനുസ്രണം മാറ്റിമറിക്കുന്നത് ഒട്ടും പുതുമയുള്ളതല്ല. എന്നാല്‍, 2020-ല്‍ കാശ്മീരില്‍ നടന്ന മാറ്റങ്ങള്‍, മുന്വര്ഷങ്ങളിലുടനീളം അനുഭവിച്ച ഇന്ത്യന്‍ ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങളെ റദ്ദാക്കിയ സംഭവത്തെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമായും ധാര്ഷ്ഠ്യപരമായിരുന്നു; അവയുടെ നിര്ണായകങ്ങളായിരുന്ന ആശയവിനിമയ വിലക്കുകളെയോ തടവറകളെയോ പ്രസ്ഥാവിച്ചില്ലെങ്കിലും.
പൂര്‍വ്വോപരി, ഭിന്നാഭിപ്രായങ്ങളെ അധൈര്യപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രണം ചെയ്യപ്പെട്ട ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവര നിയന്ത്രണ വ്യവസ്ഥകള്‍ക്ക് കാശ്മീര്‍ വിധേയപ്പെട്ടുകൊണ്ടിരിക്കുമ്പോള് തന്നെയാണ് പ്രസ്തുത പാഠപുസ്തകങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗവണ്മന്റിന്റെ ഈ ഒര്‍വീലിയന്‍ നീക്കം ഒരിനം ഔദ്യോഗിക സ്മൃതിഭ്രംശത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉദ്യമമായിരുന്നു. ദിനേന കടുത്ത തന്ത്രങ്ങളോടെയുണ്ടായ ഇന്ത്യന്‍ അധിനിവേശത്തെ കാശ്മീരികള്‍ സഹിച്ചുകൊണ്ടിരുന്നതു മുതല്‍തന്നെ അവര്ക്കെന്തറിയാമെന്നതിനെ ഇന്ത്യയിലെ ഹിന്ദു ദേശീയവാദ ഗവണ്മന്റിന് കടിഞ്ഞാണിടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പാഠപുസ്തകങ്ങള്‍ക്കുള്ളില്‍ വിജ്ഞാനമെന്ന നിലയില്‍ എന്ത് നിയുക്തപ്പെടുത്തണമെന്നതും എന്ത് അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെടണമെന്നതും ഗവണ്മന്റിന് നിയന്ത്രക്കാനായിരുന്നു. കാശ്മീരിനകത്തും കാശ്മീരിനെ കുറിച്ചുമുള്ള ആധികാരികമായ ഹിന്ദുത്വ വിജ്ഞാനത്തിന്റെ അടിസ്ഥാനമെന്നോണം താല്പര്യപൂര്വം അജ്ഞതയെ സ്ഥാപനവത്കരിക്കല് നയത്തെയാണവര് തെരഞ്ഞെടുത്തത്.
ഇരുളടഞ്ഞ ഭാവി
അതിയായ പ്രതീക്ഷയോടെ, ഹിന്ദുത്വ ദേശീയവാദികള്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി - അഥവാ അധിക ഇന്ത്യക്കാരില്‍ നിന്നും അവര്‍ മറച്ചുപിടക്കാന് ശ്രമിക്കുന്ന ഡിസ്ടോപിക് സവിശേഷതകളോടെയുള്ള വംശീയതയിലധിഷ്ഠിതമായ ദേശീയവാദ തട്ടകം - മാറ്റിയെടുക്കാന്‍ സവിശേഷ ശ്രമം നടത്തുന്നു. ഇന്ത്യക്കാര്ക്കധികവും മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാമെന്ന അടിസ്ഥാന തത്വമുള്പ്പെടെ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഹിന്ദു സൈദ്ധാന്തികര്‍ നിരവധി കെട്ടുകഥകള്‍ അവതരിപ്പിക്കുന്നു. വാസ്തവത്തില്‍, പത്രസ്വാതന്ത്ര്യം, പൗരസമൂഹം, മനുഷ്യാവകാശങ്ങള്‍, മനുഷ്യ സ്വാതന്ത്ര്യം എന്നിവയെയെല്ലാം ഊര്‍ജ്ജസ്വലതയോടെ കാര്‍ന്നുതിന്നുന്ന ഹിന്ദു ദേശീയവാദികളുടെ നീരാളിപ്പിടുത്തത്തില്‍ ഇന്ത്യക്കാര്‍ക്ക് കഷ്ടപ്പെടേണ്ടിവരികയാണ്.
ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യത്തിന്റെ ഗതിയെവിടേക്കെന്ന് നോക്കുന്നതില്‍ ഹിന്ദു ദേശീയ വാദികള്‍ തല്പരരല്ല. അതുകൊണ്ടാണ് അവര്‍ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങളെ രാജ്യത്ത് നിന്ന് ബഹിഷ്കരിച്ചതും മാധ്യമ പ്രവര്‍ത്തകരെ നിര്‍ദയം പീഢനാര്ഹരാക്കിയതും. രംഗവേദിയിലെ മര്‍ദ്ദനപരമായ സത്യങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു മാറ്റവും വരുത്തുന്നില്ല. എന്നാല്‍, അവ ഹിന്ദുത്വയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും ആ പ്രവര്‍ത്തനങ്ങള്‍ മൂലം ഇന്ത്യക്കാര്‍ക്കുമേല്‍ വന്നു ഭവിക്കുന്ന ദോഷകരമായ പരിണിതഫലങ്ങളെ പറ്റിയുമുള്ള വിവരങ്ങളെ ഗണ്യമായി പരിമിതപ്പെടുത്തുകയാണ്.
വിദേശത്ത് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കാര്യമായ സ്വാധീനങ്ങളുണ്ട്. ഉദാഹരണത്തിന്, മതകീയ സ്വാതന്ത്ര്യം നിരീക്ഷിക്കുന്ന വെസ്റ്റേണ്‍ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ പ്രദേശത്ത് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. അതിനാല്‍ സ്ഥല കേന്ദ്രീകൃത ഗവേഷണ പദ്ധതികള്‍ അസാധ്യമായിത്തീരുകയും ചെയ്യുന്നു. പക്ഷെ, വിവര നിയന്ത്രണം നന്നായി വര്‍ത്തിക്കുന്നത് പൊതുവേ ഇന്ത്യക്കകത്ത് തന്നെയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അതിന്റെ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പുകള്‍ ഗവണ്മന്റിന്റെ ആഭിമുഖ്യത്തില്‍ ദ്രുതഗതിയിലാവുന്നുമുണ്ട്. കൊളോണിയല്‍ വിഭജനം ലോകത്തിന് മൂലാധാരമായി മാറുന്നുവെന്നതാണിതിന്റെ ഫലം. മറ്റെല്ലാര്‍ക്കും ലഭ്യമായ വിവരങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തികളിലെത്തുമ്പോള്‍ അസാധുവായി മുദ്രണം ചെയ്യപ്പെടുന്നു. അല്ലെങ്കില്‍ പൂര്‍ണമായി നിരോധിക്കപ്പെടുകപോലും ചെയ്യുന്നു.
പ്രത്യയശാസ്ത്ര അധികാരത്തിനുള്ള മറുമരുന്ന് വിമര്‍ശനാത്മകമായ ചിന്തയാണ്. ഹിന്ദു ദേശീയവാദ വൃത്തങ്ങള്ക്കുള്ളിലത് ഭീഷണിയായി നിരീക്ഷിക്കപ്പെടുന്നു. ഇന്ത്യയെ പുനര്‍നിര്‍മിക്കാനുള്ള അവരുടെ ആസൂത്രിത നീക്കങ്ങള്‍ ഹിന്ദുത്വ പ്രചാരണങ്ങള്ക്കതീതമായി ഇന്ത്യക്കാര്‍ തങ്ങളുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെ സംബന്ധിച്ച് അല്പജ്ഞാനികളാണെങ്കില് മാത്രമേ വിജയകരമാവൂ. ജനങ്ങളോട് അജ്ഞരാവണമെന്ന് പറയുന്നത് പലപ്പോഴും അപ്രിയമാണ്. ഇനി 'നിങ്ങള്‍ പുരോഗതി പ്രാപിക്കരുത്' എന്ന വാക്യം വിജ്ഞാന കുതുകികളായൊരു വിഭാഗത്തിനെതിരായി നിര്‍വചിക്കപ്പെടുന്ന കൂട്ടായ ഐഡന്റിറ്റിക്ക് വേണ്ടിയുള്ള മന്ത്രമാക്കിയെടുക്കുന്നുവെങ്കില് കൂടുതല്‍ ആകര്ഷകമായേനെ.
വിമര്‍ശനങ്ങളോട് പുച്ഛഭാവം പ്രകടിപ്പിച്ച് ബി.ജെ.പിക്കാരനായ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് 2019-ല്‍ ഇന്ത്യക്ക് കാശ്മീരിലെ ഇടപെടലുകള്‍ കാരണം ഖ്യാതിഭംഗമേറ്റത് സംബന്ധിച്ച് ഇങ്ങനെ പ്രസ്ഥാവിച്ചു: 'ന്യൂയോര്‍ക്കിലെ പത്രമല്ല എന്റെ ഖ്യാതി തീരുമാനിക്കേണ്ടത്.' ചിലര്‍ ഇത്യാദി അതിരു കടന്ന ദേശഭക്തിയെയും ആസൂത്രിതമായ വികാരാധിഷ്ഠിത സമൂഹ നിര്‍മിതിയെയും മൂല്യവത്തായി ഗണിക്കുന്നു. എന്നാല്‍, തങ്ങളുടെ അനുയായികളെയും മറ്റു ഇന്ത്യക്കാരെയും അജ്ഞതയെ ആലിംഗനം ചെയ്യാനും ആഗോള വര്‍ത്തമാനങ്ങളുടെ ഭാഗമാകുന്നതിനെ പൂര്‍ണമായി നിരാകരിക്കാനും പ്രേരിപ്പിക്കുന്ന ഹിന്ദു ദേശീയവാദികള്‍ക്ക് ഈ സമീപനം ഒരു നിര്‍ബന്ധം തന്നെയാണ്. ഇവിടെ 'അപകോളനീകരണ'ത്തിന്റെ ഭാഷ ഉപയോഗപ്രദമായതായി തെളിയുന്നു. കാരണം, ആ പദം അചിന്തനീയമായതിനെ സദാചാരമായി തോന്നിപ്പിക്കുന്ന ആസ്വാദ്യകരമായൊരു വാചാടോപം പ്രദാനം ചെയ്യുന്നുണ്ട്; ഏറ്റവും ചുരുങ്ങിയത്, പദത്തിന്റെ പ്രതിലോമകരമായ ഹിന്ദു ദേശീയവാദ അര്ഥസാരത്തെ ജനം തിരിച്ചറിയുന്നത് വരെയെങ്കിലും.
വിവ: ഇർശാദ് കിഴിശ്ശേരി
Source: SHUDDHASHAR.COM
