കഴിഞ്ഞാഴ്ച്ച ഫുട്ബോള്‍ ലോകകപ്പിന് തുടക്കമായപ്പോള്തന്നെ ഖത്തറില്‍ അവിടുത്തെ മതപരതയും സ്വവര്‍ഗ്ഗാനുരാഗികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങളും ഉയര്‍ത്തിക്കാണിച്ച് ഖത്തരികളുടെ മനുഷ്യാവകാശ നയങ്ങള്‍ക്ക് മേല്‍ കടന്നാക്രമിച്ചിരിക്കുകയാണ് ലിബറല്‍ യൂറോപ്പും അമേരിക്കയും (ഇതിനെ പിന്താങ്ങുന്ന ആംനസ്റ്റി ഇന്റര്നാഷനലിന്റെതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ കാണാം). എങ്കിലും, പതിറ്റാണ്ടുകളായി ഫുട്ബോള്‍ വളര്‍ത്തിയെടുത്ത കളിയോടുള്ള അഭിനിവേശം ഈ കളിയുടെ കൊളോണിയല്‍, വംശീയ, ദേശീയ, മുതലാളിത്ത ചരിത്രങ്ങളെ പാടെ അവഗണിക്കുന്നതായി കാണപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടായിരത്തി പതിനെട്ടിന് റഷ്യയിലും ഈ വര്‍ഷം ഖത്തറിലുമായി നടന്ന ലോകകപ്പുകള്‍ക്ക് മുമ്പൊന്നും മുന്നേ പറഞ്ഞ മനുഷ്യാവകാശങ്ങള്‍ക്കായുള്ള വേവലാതികള്‍ വെളുത്ത ലിബറലുകളെ അസ്വസ്ഥപ്പെടുത്തിയിട്ടില്ല. ലിബറല്‍ മനുഷ്യാവകാശ നയങ്ങള്‍ മിക്കപ്പോഴും സാമ്രാജ്യത്വ യൂറോപ്പിന്റെയും യു.എസ്സിന്റെയും താല്പര്യങ്ങള്ക്കനുസരിച്ചാണ് രൂപപ്പെട്ടു വരുന്നതെന്നത് യാദൃശ്ചികമല്ല.
ലിബറല്‍ ഹിപോക്രിസി
1966-ല്‍ ഇംഗ്ലണ്ട് ലോകകപ്പിന് ആതിഥേയമരുളിയപ്പോള്‍ സ്വവര്‍ഗ്ഗലൈംഗികത നിയമവിരുദ്ധമായിരുന്നു. 1980 വരെ സ്കോട്ലാന്റിലും 1982 വരെ വടക്കന്‍ അയര്‍ലന്റിലും ഇതേ നിയമം തന്നെയാണ് നിലനിന്നിരുന്നത്. ഒടുവില്‍ അവിടെങ്ങളിലെല്ലാം നിയമ ഭേദഗതി വന്നപ്പോള്‍തന്നെ കേവലം ഇരുപത്തൊന്ന് വയസ്സിന് മുകളിലുള്ള പുരുഷന്മാര് തമ്മിലുള്ള സ്വവര്‍ഗ്ഗരതിയെ കുറ്റവിമുക്തമാക്കലിലേക്ക് മാത്രമായി അത് ചുരുങ്ങി. അതേസമയം, തെരുവ് കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പിഴ ചുമത്തിയിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ നോക്കുകയാണെങ്കില്‍ ബ്രിട്ടീഷ് ട്രേഡ് യൂണിയനുകളിലുള്പ്പെടെ വെളുത്ത വര്ഗ്ഗക്കാരല്ലാത്തവരോടുള്ള വിവേചനം അതിശക്തമായിരുന്നു.
ബ്രിട്ടന് തങ്ങളുടെ കൊളോണിയല്‍ മേധാവിത്വം ലോകത്താകമാനം നിലനിര്‍ത്തി. റൊഡേഷ്യ മുതല്‍ ഹോങ്കോങ്, മാല്വീനാസ് ദ്വീപുകള്‍ വരെയുള്ള അന്നത്തെ വെള്ളക്കാരുടെ കുടിയേറ്റ കോളനിയില്‍ തുടങ്ങി കെനിയക്കാര്ക്കെതിരെയുള്ള സമീപകാല അതിക്രമങ്ങള്‍ വരെ അത് എത്തിനില്‍ക്കുന്നു. അവര്‍ മനുഷ്യാവകാശ സംരക്ഷകരെ കാര്യമായി പരിഗണിക്കുക പോലും ചെയ്തില്ല. എന്തിനേറെ ഇത്തവണ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തര്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അന്നും ഇന്നും ബ്രിട്ടനില്‍ മതനിന്ദക്കെതിരായ ശിക്ഷകള്‍ നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അതിന്റെ ഔദ്യോഗിക മതമായി ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. എങ്കില്‍പോലും, യൂറോപ്യന്‍ സ്വതന്ത്ര്യവാദികളില്നിന്ന് യാതൊരു പരാതിയുമില്ലാതെ ലോകകപ്പിന് അവര്‍ ആതിഥേയരായി. ഏറ്റവും ചുരുങ്ങിയത് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ അടുത്ത് നിന്നുപോലും പരാതിയുണ്ടായില്ലെന്നതാണ് വാസ്തവം. 1974-ന് പശ്ചിമ ജര്‍മനി ലോകകപ്പിന് ആതിഥ്യമരുളിയപ്പോള്‍ അവിടത്തെ ജനത സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ പുതിയൊരു ഘട്ടം അഭിമുഖീകരിക്കുകയായിരുന്നു. 1972-ന് ജര്‍മന്‍ സര്‍ക്കാര്‍ രാജ്യത്തെ സിവില്‍ സര്‍വ്വീസില്‍ നിന്ന് റാഡിക്കലുകളെ ശുദ്ധീകരിക്കാന്‍ തുടങ്ങി (ഇവര്‍ പശ്ചിമ ജര്‍മന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇരുപത് ശതമാനത്തോളം വരും). ജര്‍മന്‍ ട്രേഡ് യൂണിയനുകള്‍ ഇടതടവില്ലാതെ ആക്ടിവിസ്റ്റുകളെ പുറത്താക്കി. ഭരണഘടനയുടെ സംരക്ഷണ ചുമതലയുള്ള ഫെഡറല്‍ ഓഫീസ് രണ്ടര ദശലക്ഷം വരുന്ന പൗരന്മാരെ സൂക്ഷ്മ പരീക്ഷണത്തിന് വിധേയമാക്കി. വാസ്തവത്തില്‍ എട്ട് ലക്ഷം വരുന്ന സിവില്‍ പരീക്ഷ അപേക്ഷകള്‍ ഭരണകൂടത്തോടുള്ള കൂറിന്റെ മേലാണ് വിലയിരുത്തിയത്. നിവേദനങ്ങളില്‍ ഒപ്പിടുക, പ്രകടനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയവയിലെ കുറ്റവാളികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്താനും 'ബെറുഫ്സ്വെര്ബോട്ട്' (ആജീവനാന്ത തൊഴില്‍ നിരോധനം) ചെയ്യാനും തുടങ്ങി. സര്‍വ്വകലാശാലകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍, അധ്യാപകരെ പിരിച്ചുവിടല്‍, ചോദ്യം ചെയ്യാനിടയുള്ള പുസ്തകങ്ങള്‍ പ്രസാധകര് സ്വമേധയാ തിരിച്ചയക്കല്‍ തുടങ്ങിയവ അവിടെ ദൈനംദിന ജീവിതക്രമത്തിന്റെ ഭാഗമായി. 1969-ന് നാസികള്‍ സ്വവര്‍ഗ്ഗരതി വിരുദ്ധ നിയമങ്ങള്‍ എടുത്ത് കളഞ്ഞെങ്കിലും സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള ഔദ്യോഗിക വിവേചനം രണ്ടായിരം വരെ രാജ്യത്ത് തുടര്‍ന്നു.ട്ടര്‍ക്കിഷ് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള വംശീയാക്രമണങ്ങളും ജര്‍മനിയില്‍ വ്യാപകമായിരുന്നു. വാസ്തവത്തില്‍, ഡസന്‍ കണക്കിന് അര്‍ദ്ധസൈനിക എസ്.എകളുള്പ്പെടെ 1949 മുതല്‍ 1973 വരെ വെസ്റ്റ് ജര്‍മന്‍ ജസ്റ്റിസ് മിനിസ്റ്ററിയുടെ തലപ്പത്തിരുന്നവരധികവും നാസി പാര്‍ട്ടിയുടെ മുന്‍ അംഗങ്ങളായിരുന്നു. എങ്കിലും, ആംനസ്റ്റി ഇന്റര്നാഷനലടക്കമുള്ള യുറോപ്പിലെ പൗരസ്വതന്ത്ര്യവാദികളുടെ ചെറിയ പരാതി പോലുമില്ലാതെ ജര്‍മന്‍ ലോകകപ്പിന് ആതിഥ്യമരുളി (അതേസമയം, പീഢനത്തിനെതിരെ പ്രതിഷേധിച്ച് നിരാഹാരമിരുന്ന ബാഡര്‍-മെയിന്ഹോഫ് തടവുപുള്ളികളുടെ വിഷയത്തില്‍ ഇടപെടാന്‍ ആംനസ്റ്റി വിസമ്മതിക്കുകയാണുണ്ടായത്. അവരുടെ കണക്കിലത് പീഢനമായി എണ്ണാന്‍ പറ്റിയില്ലത്രേ). 1994-ല്‍ ലോകകപ്പ് യു.എസില്‍ നടക്കുമ്പോഴും അവിടെയുള്ള പകുതി സ്റ്റേറ്റുകളിലും പ്രകൃതിവിരുദ്ധഭോഗത്തിനെതിരെയും സ്വവര്ഗ്ഗരതിക്കെതിരെയുമുള്ള നിയമങ്ങള്‍ നിലനിന്നിരുന്നു. എയ്ഡ്സ് ഒരു സ്വവര്‍ഗ്ഗാനുരാഗ രോഗമാണെന്ന വാദം ഇന്നും അവിടെ പ്രചാരത്തിലുണ്ട്. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെ അരലക്ഷം ഇറാഖി കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ച ഇറാഖ് ഉപരോധവുമായി മുന്നോട്ട് പോവുകയായിരുന്നു അമേരിക്ക.
1992-ന് റോഡ്നി കിംഗിന് നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ വീഡിയോ വൈറലായതോടെ അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളില്‍ കറുത്ത വര്‍ഗ്ഗക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നതും കൊല്ലുന്നതുമായുള്ള സംഭവങ്ങള്‍ പകല്വെളിച്ചത്തിലെത്തി. കറുത്ത വര്‍ഗ്ഗക്കാരെ അമേരിക്കന്‍ തടവറയിലടക്കുന്ന ഇപ്പോഴും നിലനില്‍ക്കുന്ന ന്യൂ ജിം ക്രോ സിസ്റ്റവും (ബില്‍ ക്ലിന്റണ് ഗവണ്മെന്റായിരുന്നു ഈ നിയമത്തിനായി കൂടുതല്‍ പ്രയത്നിച്ചത്) ഭരണകൂട തടവുകാരെ അടിമകളായി ഉപയോഗിക്കാന്‍ അനുമതി നല്കുന്ന പതിമൂന്നാം ഭേദഗതിയും അമേരിക്കന്‍ പൗരാവകാശലംഘനങ്ങളും മാറ്റി നിര്ത്തിയാലുള്ള അവസ്ഥയാണിത്. എന്നിട്ടും അമേരിക്ക ആ വര്‍ഷം യൂറോപ്പകാരുടെയോ അമേരിക്കന്‍ സ്വതന്ത്ര്യവാദികളുടെയോ ആംനസ്റ്റിയുടെയോ പരാതിയില്ലാതെ ലോകകപ്പിന് വേദിയൊരുക്കി. ആ വര്‍ഷം വധശിക്ഷയെയും പൊലീസ് അതിക്രമങ്ങളെയും ഹെയ്തിയന്‍ അഭയാര്‍ഥികളുടെ നിര്‍ബന്ധിത തിരിച്ചയക്കലിനെയും കണക്കില്ലാതെ വിമര്‍ശിച്ച ആംനസ്റ്റി സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നിയമങ്ങള്‍ക്ക് നേരെയും കുടിയേറ്റ തൊഴിലാളികളുടെ ദുരുപയോഗത്തെ കുറിച്ചും മൗനമവലംബിച്ചു.

1996-ന് യു.എസ് ഒളിമ്പിക്സിന് ആതിഥ്യമരുളിയപ്പോള്‍ ആംനസ്റ്റി അവരുടെ റിപ്പോര്‍ട്ടില്‍ ഒളിമ്പിക്സിന്റെ പേരുകൂടി പരാമര്‍ശിക്കുകയുണ്ടായില്ല. നേരെതിരിച്ച് കഴിഞ്ഞ വര്‍ഷത്തെ വധശിക്ഷ, പൊലീസ് അതിക്രമം, ഹെയ്തിയന്‍ അഭയാര്‍ഥികളുടെ നിര്‍ബന്ധിത തിരിച്ചയക്കല്‍ എന്നിവക്ക് നേരെയുള്ള വിമര്‍ശനം അതേപടി ആവര്‍ത്തിക്കുകയാണുണ്ടായത്. ജോര്‍ജിയ സംസ്ഥാനം വിധിച്ച വധശിക്ഷയെ അപലപിച്ച് ഒരു ചെറിയ കുറിപ്പ് പുറത്തിറക്കിയെന്നതാണ് അതിലെ ഏക അപവാദം. ഒളിമ്പിക്സ് നടക്കുന്ന നഗരത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജോര്‍ജിയന്‍ വധശിക്ഷ, പ്രകൃതിവിരുദ്ധരതിക്കെതിരെയുള്ള നിയമങ്ങള്‍, സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നിയമങ്ങള്‍, ദരിദ്രര്‍ക്കെതിരെയുള്ള നയങ്ങള്‍ എന്നിങ്ങനെയുള്ള മോശം രേഖകളെ വിമര്‍ശിച്ച് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചും(എച്ച് ആര് ഡബ്ല്യൂ) ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. അവരും 1994-ലെ അമേരിക്കയെ സംബന്ധിച്ചുള്ള എച്ച് ആര് ഡബ്ലിയൂവിന്റെ റിപ്പോര്‍ട്ടില്‍ സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നിയമങ്ങളെ പരാമര്‍ശിച്ചില്ല.ഇത്രയെല്ലാമുണ്ടായിരുന്നിട്ടും അമേരിക്ക ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്നതിനെതിരേ ഒരു വിഭാഗവും ഒരു അന്താരാഷ്ട്ര സംഘടിത കാമ്പയിന് മുന്നിട്ടിറങ്ങിയില്ല. യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ അടുത്ത ലോകകപ്പിന് ആതിഥ്യമരുളാനിരിക്കുമ്പോള് ഈ മൂന്ന് രാജ്യങ്ങളിലുമുള്ള മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് ഒരു കാമ്പയ്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. 2018-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ കാലത്താണ് 2026-ന് ലോകകപ്പിന് ആതിഥ്യമരുളാനുള്ള ലേലം വിളി അമേരിക്ക നേടിയെടുത്തതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കൊളോണിയല്‍ അടിവേരുകള്‍
യൂറോപ്പും വെള്ളക്കാര്‍ ഭരിക്കുന്ന അമേരിക്കയും മറ്റ് വെള്ളക്കാരുടെയല്ലാത്ത രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന സത്യത്തെ മുന്‍നിര്‍ത്തി വേണം ഖത്തറിന്റെ മനുഷ്യാവകാശ നയങ്ങള്‍ക്ക് നേരെയുള്ള യൂറോപ്യന്‍-അമേരിക്കന്‍ ലിബറലുകളുടെ കടന്നാക്രമങ്ങളെ വിലയിരുത്താന്‍. വെള്ളക്കാരല്ലാത്തവരടക്കമുള്ളവരുടെ അവകാശം നിഷേധിച്ച ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായ ഇസ്രയേല്‍ പോലും ഖത്തറിനെതിരെ ധാര്‍മികത സംസാരിക്കാന്‍ മാത്രം തീവ്രതയടങ്ങിയതാണ് പ്രസ്തുത കാമ്പയിന്. ഫിഫ പ്രസിഡന്റും സ്വിസ്-ഇറ്റാലിയന്‍ പൗരനുമായ ജിയാന്നി ഇന്‍ഫാന്റീനോ കഴിഞ്ഞാഴ്ച്ച നടന്ന ഉദ്ഘാടന ചടങ്ങിനിടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയുണ്ടായി: 'ധാര്‍മിക പാഠങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുന്നേ കഴിഞ്ഞ 3000 വര്‍ഷങ്ങളായി നാം യൂറോപ്യന്മാര് ചെയ്തു കൂട്ടിയ കാര്യങ്ങള്‍ക്ക് ഇനിയുള്ള 3000 വര്‍ഷങ്ങള്‍ നമുക്ക് ക്ഷമാപണം നടത്തേണ്ടതായുണ്ട്.' വിഷയത്തില്‍ പശ്ചാത്യമാധ്യമങ്ങള്‍ പ്രകോപിതരായി. സി.എന്‍.എന്‍ അദ്ദേഹത്തിന്റെ വാക്കുകളെ 'ക്രൂരതയായാണ്' വിവരിച്ചത്. ഫുട്ബാളിന്റെ ചരിത്രം യൂറോപ്പിന്റെ, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളോണിയലിസത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. കളി കണ്ട് പിടിക്കുന്നത് ബ്രിട്ടീഷുകാരാണ്. 1872-ല്‍ ആദ്യത്തെ ഫുട്ബോള്‍ അസോസിയേഷന് ഫൈനല്‍ നടന്നു. തൊട്ടുടനെ ഒരു ഫുട്ബോള്‍ ലീഗും സംഘടിപ്പിക്കപ്പെടുകയുണ്ടായി. 1863-നും 1877-നുമിടയില്‍ ഫുട്ബോളില്‍ കൃത്യമായ നിയമങ്ങളുണ്ടായി. പന്ത് കൈ കൊണ്ടുപയോഗിക്കുന്ന രീതി പൂര്‍ണമായും നിരോധിച്ചു. മസ്കുലര്‍ ക്രിസ്റ്റ്യാനിറ്റി കലര്‍ന്ന പ്രൊട്ടസ്റ്റന്റിന്റെ കായികവും മതപരിവര്‍ത്തനവും അവിശ്വാസികള്ക്കുള്ളതാണെന്ന ആശയവും ഈ കാലത്താണ് ഉരുത്തിരിഞ്ഞ് വരുന്നത്. അതോടെ ഫുട്ബോളിന്റെ കയറ്റുമതി വലിയതോതില്‍ തുടങ്ങി. കാല്പന്ത് കളി യൂറോപ്പില്‍ പടര്‍ന്ന് പിടിച്ചതോടെ 1904-ന് ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, സ്വീഡന്, സ്പെയിന്, ഡെന്മാര്ക്ക്, സ്വിസര്‍ലന്റ്, നെതര്‍ലന്റ് എന്നിവര്‍ ചേര്‍ന്ന് ഫിഫ രൂപീകരിച്ചു. അവരതിനെ ഫെഡറേഷന് ഇന്റര്‍നാഷനലെ ദെ ഫുട്ബോള്‍ അസോസിയേഷന്(ഫിഫ) എന്ന് പേരിട്ടു. 1930-ല്‍ ഫിഫ ആദ്യ ലോകകപ്പ് സംഘടിപ്പിച്ചു. അന്നുതൊട്ട് യൂറോപ്യന്മാര് ഈ കളിയുടെ ഭരണസമിതി നിയന്തിച്ച് കൊണ്ടിരിക്കുന്നു. ബെല്‍ജിയന്‍ കുടിയേറ്റക്കാരന്റെ മകനായ വെള്ളക്കാരനായ ബ്രസീലിയനും 2015-നും 2016-നുമിടയില്‍ അഞ്ച് മാസം പോലും തികക്കാത്ത കാമറൂണ്‍ സ്വദേശിയും ഒഴിച്ച് മറ്റെല്ലാ ഫിഫാ പ്രസിഡന്റുമാരും വെള്ളക്കാരാണ്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനികളില്‍ ഫുട്ബോള്‍ കളി അവതരിപ്പിച്ചത് ബാര്ബേറിയന്മാരെ അച്ചടക്കവും കൂട്ടായ പ്രവര്‍ത്തനങ്ങളും പഠിപ്പിക്കാനും അവരില്‍ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ വളര്ത്തിയെടുക്കാനുമായിരുന്നു. 1880-ല്‍ കല്‍ക്കട്ടയിലേക്ക് അവര്‍ ഫുട്ബോള്‍ കൊണ്ട് വന്നപ്പോള്‍ ബ്രിട്ടീഷ് റഫറിമാരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. 1911-ല്‍ ഇന്ത്യന്‍ ടീമായ മോഹന്‍ ബഗാന് ബ്രിട്ടീഷ് ഈസ്റ്റ് യോര്‍ക്ക് റെജിമെന്റിനെ 2-1 ന് തോല്പിച്ചു. ഈജിപ്തില്‍ പ്രാദേശിക ടീമുകള്‍ 1916 മുതല്‍ തന്നെ ബ്രിട്ടീഷ് ടീമുകള്‍ക്കെതിരെ കളി ആരംഭിച്ചു. 1924 മുതല്‍ അവര്‍ ഒളിമ്പിക്സിലും പങ്കെടുക്കാന്‍ തുടങ്ങി. ഫ്രഞ്ചുകാരും വടക്കേ ആഫ്രിക്കയിലെ തങ്ങളുടെ കോളനികളിലേക്ക് ഫുട്ബോള്‍ കൊണ്ടുവന്നു. അള്‍ജീരിയ, മൊറോക്ക, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ 1919-ല്‍ സ്ഥാപിതമായ നോര്‍ത്ത് ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും 1930-ല്‍ സ്ഥാപിതമായ നോര്‍ത്ത് ആഫ്രിക്കന്‍ കപ്പിലും മത്സരിച്ചു.
യുറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ക്ക് സമാനമായി സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ സ്ഥാപിതകാലം മുതല്‍ സ്പോര്‍ട്സിലും അത്ലറ്റിക്സിലും നന്നായി നിക്ഷേപം നടത്തിയിരുന്നു. അവയുടെ സ്ഥാപകനേതാക്കളിലൊരാളായ മാക്സ് നോര്ഡോ പ്രൊട്ടസ്റ്റന്റുകാരെ അനുകരിച്ച് 'മസ്കുലര്‍ ജൂതായിസ'ത്തിന് ആഹ്വാനം നടത്തുകയും ചെയ്തു. സയണിസ്റ്റിലെ ജൂതബാല്യന്മാര്ക്കായി യൂറോപ്പിലുടനീളം നോര്ഡോ ജിംനേഷ്യം പണി കഴിപ്പിച്ചു.

ബ്രിട്ടീഷ് സ്വാധീനവും മിഷണറി സ്കൂളുകളും കാരണമായി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെത്തന്നെ ഫലസ്തീനികള്‍ക്ക് ചില ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നു. 1917-ല്‍ ബ്രിട്ടീഷുകാര്‍ ഫലസ്തീന് കീഴടക്കിയപ്പോള്‍, അവര്‍ സ്പോര്‍ട്സ് ക്ലബുകളിലൂടെ പുതുതായി വന്ന ജൂത ജനസംഖ്യയെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനും അവരെ മറ്റുള്ളവരുമായി സമന്വയിപ്പിക്കാനുമായി സ്പോര്‍ട്സിനെ ഉപയോഗിച്ചു. സ്പോര്‍ട്സ് ക്ലബുകളിലേക്ക് അവര്‍ ഫലസ്തീനി നിവാസികളെയും കൊളോണിയലുകളെയും ഒരുപോലെ ക്ഷണിച്ചു. അതിലൂടെ ഫലസ്തീനിയന്‍ നാട്ടുകാരുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്.പക്ഷെ, പദ്ധതി നടപ്പായില്ല. അധിക ടീമുകളും വിഘടിച്ചും ബ്രിട്ടീഷില്‍ നിന്ന് സ്വതന്ത്രമായും നിലനിന്നതാണ് അവര്‍ക്ക് വിനയായത്. വൈകാതെത്തന്നെ സയണിസ്റ്റ് കോളനികള്‍ ജൂതന്മാര് മാത്രമുള്ള ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന് രൂപീകരിച്ചു(ഡൈറക്ടറേറ്റ് മീറ്റിന് പങ്കെടുത്ത ഒരു ഫലസ്തീനി മാത്രമുണ്ട്). മാത്രമല്ല, മൊത്തം ഫലസ്തീനെ പ്രതിനിധീകരിക്കുന്ന ഫുട്ബോള്‍ അസോസിയേഷനായി അവരതിനെ പരസ്യപ്പെടുത്തുകയും ചെയ്തു. സയണിസ്റ്റ് ഗാനം ആലപിച്ച് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ കോളനിക്കാരുടെ ടീമുകള്‍ മാത്രമാണ് കളിച്ചത്.
അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പ്പ്.
ബ്രിട്ടീഷ് ഇംഗിതങ്ങളെ വകവവെക്കാതെ, അധിനിവിഷ്ഠരായിരുന്ന ഫലസ്തീനികള്‍ മുമ്പ് ഇന്ത്യക്കാരും ഈജിപ്തുകാരും ചെയ്തതുപോലെ ഫുട്ബോളിനെ തങ്ങളുടെ കോളനി വിരുദ്ധ ദേശീയതയെ ശക്തിയുക്തം സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ഒരു മാര്ഗ്ഗമായെടുത്തു. 1930-കളില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ആശ്രയമില്ലാതെത്തന്നെ കുറേ സ്പോര്‍ട്സ് ക്ലബുകള്‍ക്ക് അവര്‍ രൂപം നല്കി. 1931-ല്‍ ഫലസ്തീനികള്‍ അറബ്-ഫലസ്തീന് സ്പോര്‍ട്സ് ഫെഡറേഷന് രൂപീകരിച്ചു. പത്ത് ക്ലബുകള്‍ അതില്‍ അംഗങ്ങളായുണ്ടായിരുന്നു. പക്ഷെ, 1936 - 1939 കാലയളവിലെ ഫലസ്തീന് വിപ്ലവത്തിനിടെ ഫെഡറേഷന് അപ്രത്യക്ഷമാവുകയായിരുന്നു. 1944-ല്‍ ബ്രിട്ടീഷുകാരുടെ നിരന്തരമായ ഉപദ്രവങ്ങളുണ്ടായിട്ട് പോലും 21 ഫലസ്തീനി ക്ലബുകളുടെ അംഗത്വത്തോടെ അറബ്-ഫലസ്തീന് സ്പോര്‍ട്സ് അസോസിയേഷന് രൂപീകൃതമായി. 1947 ഓടെ ക്ലബുകളുടെ എണ്ണം 65 ആയി വര്‍ധിച്ചു. 1945-ല്‍ സംഘടന അതിന്റെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജാവയില്‍ വെച്ച് നടത്തുകയും ചെയ്തു. ആ വര്‍ഷം ഫലസ്തീന് ടീം ബ്രിട്ടീഷ് ആര്‍മി ടീമിനെ പരാജയപ്പെടുത്തിയത് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഉത്സാഹഭരിതം തന്നെയായിരുന്നു. ഫലസ്തീന് അസോസിയേഷന് അറബ് രാജ്യങ്ങളിലേക്കും ഇറാനിലേക്കും ടീമുകളെ അയച്ചിരുന്നെങ്കിലും ഫിഫയുടെ അംഗത്വം ലഭിച്ചില്ല. കാരണം, ഫിഫയില്‍ ഫലസ്തീനിന്റെ സ്ഥാനത്ത് ജൂത അധിനിവേശക്കാര്‍ ഇടം പിടിച്ചിരുന്നു. ഫിഫയുടെ തീരുമാനത്തിനെതിരെ ഫലസ്തീന് ഫുട്ബോള്‍ സംഘടനകള്‍ പ്രതിഷേധിച്ചു. 1948-ല്‍ സയണിസ്റ്റ് കയ്യേറ്റങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഫലസ്തീനില്‍നിന്നും മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഫിഫയുടെ പരിഗണനയിലുണ്ടായിരുന്നു. പക്ഷെ, അധിനിവിഷ്ഠ വിഭാഗം കോളനി വിരുദ്ധ വികാരം പുറത്തെടുക്കുന്നതിന് അധിനിവേശക്കാര്‍ക്കെതിരെ ഫുട്ബോളിനെ പ്രയോഗിക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കും യൂറോപ്യന്‍ പ്രേക്ഷകര്ക്കുമിടയിലത് പ്രാദേശികമായ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകും. അധിനിവിഷ്ഠ സമൂഹത്തിനിടയില്‍, പ്രത്യേകിച്ച് അറബ് ലോകത്ത് ദേശീയ വിയോജിപ്പിലേക്കത് വഴിവെക്കുകയും ചെയ്യും. 1970കളുടെ അവസാനം മുതല്‍ ജോര്‍ദാനില്‍ രാജ്യത്തെ ഫലസ്തീനിയന്‍ സ്വത്വത്തിനും ദേശീയതക്കുമെതിരെ ഒരു എക്സ്ക്ലൂസീവിസ്റ്റ് ജോര്‍ദാനിയന്‍ സ്വത്വത്തിന്റെയും ദേശീയതയുടെയും അരങ്ങേറ്റത്തിനുള്ള പ്രധാന രംഗവേദിയാണ് ഫുട്ബോള്‍. കഴിഞ്ഞ മാസം അല്‍ വഹ്ദത് ക്ലബും ബദ്ധവൈരികളായ അല്‍ ഫൈസലി ക്ലബും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം ഒരു ബാലന്റെ കരങ്ങളാല്‍ മറ്റൊരു ബാലന്റെ മരണത്തിനിടയാക്കിയത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു സംഘര്‍ഷമാണ്. പ്രതിസന്ധി അടക്കിനിര്‍ത്തുന്നതിന് ഇരു വശങ്ങളില് നിന്നുമുള്ള പ്രമുഖര്‍ ഇടപെടേണ്ടി വന്നു. 2009 മുതല്‍ അള്‍ജീരിയന്‍ ടീമിനും ഈജിപ്ഷ്യന്‍ ടീമിനുമിടയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വൈര്യം ഇരു രാജ്യങ്ങളുടെയും നയതന്ത്രപരവും ജനകീയവുമായ ശത്രുതയിലേക്ക് നയിച്ചു. ഇത് മാറ്റിനിര്‍ത്തിയാല്‍, യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന ഫ്രഞ്ച് -അള്‍ജീരിയന്‍ സിനദിന്‍ സിദാനിലും ഈജിപ്തുകാരന് മുഹമ്മദ് സലാഹിലുമുള്ള ദേശീയ അഭിമാനം അറബ് ലോകത്തൊന്നാകെ വ്യാപിക്കുന്നുണ്ട്.
കച്ചവട ചരക്കാകുന്ന ആവേശങ്ങള്‍
നോം ചോംസ്കി ഒരിക്കലിങ്ങനെ പ്രസ്ഥാവിച്ചു: ''പ്രൊഫഷണല്‍ സ്പോര്‍ട്സ് പോലെ നമ്മുടെ സമൂഹത്തിലും മറ്റുമുള്ള ചടങ്ങുകള്‍ കാര്യപ്പെട്ട വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അവസരങ്ങളുണ്ടാക്കിയെടുക്കുന്നവയാണ്. അതുവഴി പൊതുസമൂഹത്തിന്റെ ഇടപെടലില്ലാതെ അധികാരികള്‍ക്ക് എന്തും ചെയ്യാനാവും''. ലോകത്തിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഏറ്റവും ജനപ്രീതിയുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഗെയിമായ ഫുട്ബോള്‍ മത്സരങ്ങള്‍ തീര്‍ച്ചയായും തങ്ങളനുഭവിക്കുന്ന ആകസ്മികമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഒന്നാന്തരം ആയുധങ്ങളാണ്. എന്നാല്‍, സ്പോര്ട്സോ ഫുട്ബോളോ അല്ല വ്യതിചലിപ്പിക്കുന്നത്, മറിച്ച് സാംക്രമികമായ ദേശീയതയാണ്. അതുപോലെത്തന്നെ ഫിഫയും. സാമ്രജ്യത്വ വിരുദ്ധ ഉറുഗ്വേ എഴുത്തുകാരനായ എഡ്വാര്‍ഡോ ഗ്ലീനോ മുന്നോട്ടുവെക്കുന്ന പോലെ, 'രാഷ്ട്രീയ ഐക്യ ദാര്‍ഢ്യത്തിന്റെ സന്ദേശ വാഹകരാകുന്നതില്‍നിന്ന് കളിക്കാരെ വിലക്കുന്നതോടൊപ്പം ഓരോ കളിക്കാരന്റെയും ചലനാത്മകത പരസ്യ വസ്തുവായി മാറുന്നതിന്റെ കുറ്റക്കാരും ഫിഫയും സ്പോര്‍ട്സ് സാമഗ്രികളുടെ നിര്‍മാണക്കാരായ മുതലാളിത്ത വ്യവസായികളുള്ക്കൊള്ളുന്ന അതിന്റെ മേധാവികളുമാണ്.' അവര്‍ തന്നെയാണ് ''ഐഡന്റ്റിയെയും ആവേശത്തെയും സദാ കച്ചവട ചരക്കാക്കാന്‍ കൊതിക്കുന്നവരെന്നും'അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഫിഫയും ലോകകപ്പും വലിയ ലാഭകരമായ മുതലാളിത്ത സംരംഭങ്ങളായി മാറിയതില്‍ ആശ്ചര്യപ്പെടാനില്ല. അന്താരാഷ്ട്ര സ്പോര്‍ട്സിന്റെ സംഘാടകര്‍ അന്താരാഷ്ട്ര ഫുട്ബോളിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പങ്കിനെ നന്നായി മനസ്സിലാക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ലേകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ ഗെയിമുകളുടെ സംഘാടനത്തിന് വേണ്ടി ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കണം. എല്ലാവരെയും മറികടന്ന് ഖത്തര്‍ 200 ബില്യണിലേറെയെടുത്തത് നന്നായി ചെലവാക്കിയതുകൊണ്ടാണ്. ആംനസ്റ്റി ഇന്റര്നാഷനലിനെ ഓര്മപ്പെടുത്താനല്ലാതെയുള്ള വെളുത്ത ലിബറലുകളുടെ മനുഷ്യാവകാശങ്ങളെ ചൊല്ലിയുള്ള കപട ആവലാതികള്‍, ഇന്നവര്‍ ഖത്തറിനും അതിന് മുമ്പ് റഷ്യക്കും നല്കിയ അതേ നിലവാരം യു.എസിനോ യൂറോപ്പിനോ ആണ് നല്കിയിട്ടുണ്ടായിരുന്നതെങ്കില്, ആഗോള പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരുന്നേനെ. ഇതേയവസ്ഥയില്‍ പാശ്ചാത്യ ലിബറലുകളെ വെള്ള ലിബറലുകള്‍ക്ക് മാത്രമേ ബോധ്യപ്പെടൂ. അവരിലധികവും അറബ് വിരുദ്ധ വംശീയ പക്ഷപാതത്തെ മനുഷ്യാവകാശ കവചങ്ങള്‍ കൊണ്ട് മറച്ചുപിടിക്കുന്നവരാണ്.
വിവ: ഇർശാദ് കിഴിശ്ശേരി, ബാസിത് പി കെ
Source: MIDDLEEASTEYE.NET
