'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്‍ണിച്ച മാല്‍കം എക്സ് എന്ന കൊച്ചു ബാലനോടുള്ള ഇംഗ്ലീഷ് അധ്യാപകന്റെ വര്‍ഗീയത നിറഞ്ഞ ഈ വാക്കുകള്‍ അവനെ മാനസികമായി തളര്‍ത്തിയിരുന്നു. കറുത്ത നിറത്തിന് യാതൊരു സ്വാതന്ത്ര്യവും വകവച്ച് നല്‍കാത്ത സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അനവധി ദുരനുഭവങ്ങളിൽ ഒന്ന് മാത്രമായിരുന്നു ഇത്.
വര്‍ഷങ്ങള്‍ക്ക് മുന്നേ ആട്ടിന്‍പറ്റങ്ങളെപ്പോലെ അമേരിക്കയിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ആയിരത്തോളം മനുഷ്യരുടെ പിന്‍ഗാമികളിലൊരാളായ 'ഹാജി മാലിക് ഷഹബാസ്' എന്ന മാല്‍ക്കം എക്സിന് സമൂഹത്തില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന പീഢനങ്ങള്‍ കാരണമായി അഭിഭാഷകന് എന്ന തന്റെ ചിരകാല സ്വപ്നം ചവറ്റുകുട്ടയില്‍ വലിച്ചെറിയേണ്ടി വന്നിട്ടുണ്ട്. കാരണം, അദ്ദേഹത്തെ പോലെയുള്ളവര്‍ ആശാരിയോ ചെരുപ്പുകുത്തിയോ ആയി മാറി, ഉയര്‍ന്ന ജോലികള്‍ വെളുത്തവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കണമായിരുന്നു.
തൊലി നിറം കറുപ്പായെന്ന ഒറ്റ കാരണത്താല്‍ അദ്ദേഹത്തിന്റെ പിതാവും അമ്മാവന്മാരും കൊല്ലപ്പെടുകയും ഇതേ കാരണത്താല്‍ അദ്ദേഹത്തിന്റെ വീട് അഗ്നിക്കിരയാക്കപ്പെടുകയും മാതാവിനെ വീട്ടുജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. നിരന്തരമായ ഈ അക്രമങ്ങള്‍ക്കുശേഷം, സഹായ വാഗ്ദാനവുമായി സാമൂഹിക സംഘടനകളൊന്നും മുന്നിട്ട് വരാത്തതിനാല്‍ അമ്മക്ക് മനോരോഗ ആശുപത്രി വരാന്തയില്‍ അലയേണ്ടി വരിക പോലുമുണ്ടായി. തങ്ങളുടെ തൊലി നിറത്തോട് ദയ കാണിക്കാത്ത ജനങ്ങളുടെ നാട്ടില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മാല്‍കം എക്സടങ്ങുന്ന ഏഴ് കുഞ്ഞുങ്ങളെങ്ങനെയാണ് ജീവിതം തള്ളിനീക്കിയതെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്.
പ്രാരാബ്ദങ്ങളുടെ പിടിയില്‍നിന്ന് കരകയറാന്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് തുടങ്ങിയ ആ യുവാവ് ഒടുവില്‍ ജയിലിലടക്കപ്പെട്ടു. അവിടെ വച്ച് ഇസ്ലാമിലേക്ക് ആകൃഷ്ടനാവുകയും ഇസ്ലാമാശ്ലേഷിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് വര്‍ഗീയ അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമായി അദ്ദേഹം വാഴ്ത്തപ്പെട്ടു. വെളുത്ത വര്‍ഗക്കാരുടെ ആധിപത്യങ്ങളില്നിന്ന് കറുത്ത വര്ഗക്കാരന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടങ്ങളായിരുന്നു അവ. ഇസ്ലാമിക പക്ഷത്ത് നിന്നുകൊണ്ടുള്ള വെളുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പ്രതിരോധ നീക്കങ്ങള്‍ അമേരിക്കയിലെ പ്രമുഖ പ്രബോധകരിലൊരാളായി അദ്ദേഹത്തെ മാറ്റി.
ഇവിടെ മാല്‍ക്കം എക്സിന്റെയോ അല്ലെങ്കില്‍ ഹാജി മാലിക് ഷഹബാസിന്റെയോ ജീവിതവിശകലനത്തെ പറ്റിയല്ല മറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തിലെ മര്‍മപ്രധാനമായ ഇസ്ലാമാശ്ലേഷണത്തിന് ശേഷം അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മാല്‍ക്കം എക്സ് ഇസ്ലാം മതം ആശ്ലേഷിച്ചിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തില്‍ കടന്നുവന്ന വര്‍ഗവിവേചനത്തിനെതിരെയുള്ള തീവ്ര നിലപാടുകള്‍ ഇസ്ലാമിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളില്‍നിന്ന് കടന്നുവന്നതാണ്. ഇസ്ലാമിക ആശയങ്ങളോടൊപ്പം വെള്ളക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു സംഘടന മുഖാന്തരമായിരുന്നു അദ്ദേഹം ഇസ്ലാമിനെ പരിചയപ്പെട്ടത് എന്നതാണ് ഇതിന് കാരണം. അവരെ സംബന്ധിച്ചിടത്തോളം ഇസ്ലാം കറുത്ത വര്‍ഗക്കാരുടെ മാത്രം മതവും അല്ലാഹു അവരുടെ മാത്രം ദൈവവുമായിരുന്നു. വെള്ളക്കാരെ അവര്‍ ചെകുത്താന്മാരായി എഴുതിത്തള്ളി.
തന്റെ സമുദായത്തെ ദീര്‍ഘകാലം തളച്ചിടപ്പെട്ട വര്‍ണവിവേചനത്തിന്റെ ചങ്ങലകള്‍ ഭേദിക്കാന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഈ ചിന്താധാരകള്‍ അനിവാര്യമായിരുന്നു. മനുഷ്യരാശിയെ കുറിച്ചുള്ള ഇസ്ലാമിന്റെ വിശാല കാഴ്ചപ്പാടുകളില്‍നിന്നും വ്യത്യസ്തനായി അദ്ദേഹം വര്‍ണ വസ്തുതകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പറഞ്ഞുവന്നാല്‍, തീവ്ര ആശയധാരകളധികവും അടിച്ചമര്‍ത്തലിന്റെയും നിഷ്ഠൂരവാഴ്ചയുടെയും സന്തതികളാണ്. അവ സ്വന്തം സമുദായത്തില്‍നിന്നോ ഭരണകൂടത്തില്‍നിന്നോ അവ രണ്ടില്നിന്നോ ആണെങ്കില്‍ പോലും. ഇവയില്‍ നിന്നാണ് അതിരു കവിഞ്ഞ ചിന്തകളുടെ മുഖങ്ങളും ഭാവങ്ങളും ജനിക്കുന്നതും രക്തത്തിന്റെ മൂല്യം കളഞ്ഞു പോകുന്നതും.
മനുഷ്യശരീരം തുടര്‍ച്ചയായ പീഢനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുമ്പോള്‍ അതില്‍ പ്രതികാരദാഹം പിറവിയെടുക്കും. അതവന്റെ മൂല്യനിര്ണയബോധത്തെയും ആശയങ്ങളെയും കീഴ്പ്പെടുത്തും. നാസര്‍ യുഗത്തില്‍ ഈജിപ്തില്‍ പിറവിയെടുത്ത അതിരു കവിഞ്ഞ ചിന്താധാരയുടെ ഉറവിടം ഇതുതന്നെയാണ്. വളരെ ക്രൂരമായ രീതികള്‍ പരീക്ഷിച്ചിരുന്ന അവിടെ ശിക്ഷ നേരിട്ട മുസ്ലിംകളില് വിശ്വാസത്തിന്റെ കണികപോലും കണ്ടെത്താനാവില്ല എന്ന് വാദിച്ചിരുന്നവര്‍ വരെയുണ്ട്.
ഭരണാധികാരികളെയും അവരുടെ പിന്‍ഗാമികളെയും സൈന്യങ്ങളെയും തുടങ്ങി സമുദായത്തെവരെ 'മതനിഷേധികള്‍' എന്ന് മുദ്രകുത്തി ഒടുവില്‍ മതനിഷേധ സംഘത്തെ ഉയര്‍ത്തിയെടുത്ത് പുതിയ അനുഷ്ഠാനങ്ങള്‍ സ്ഥാപിക്കുകയുമാണുണ്ടായത്. വര്ണവിവേചനത്തിന് നേരെയുള്ള കടുത്ത ചിന്തകള്‍ മാല്‍ക്കം എക്സ് വെച്ചുപുലര്‍ത്തിയിരുന്നു. കറുപ്പിനെ വൈരൂപ്യത്തിന്റെയും നിന്ദ്യതയുടെയും പ്രതീകമാണെന്ന് ചിത്രീകരിച്ചത് വെള്ളക്കാരെണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 'അന്നേദിവസം നാം പാപികളെ മുഖം വിളറിയവരായി സംഘമിപ്പിക്കും' എന്ന ഖുര്‍ആനിക അധ്യായത്തിന്റെ സാരം കൃത്യമായി മനസ്സിലാവാതെ അത് കറുത്ത വര്‍ഗക്കാരാണോ എന്ന് സംശയിച്ച അദ്ദേഹം തന്റെ മുസ്ലിം സുഹൃത്തുമായി വിഷയമവതരിപ്പിക്കുകയും സുഹൃത്ത് ശരിയായ അര്‍ഥം വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്ന സന്ദര്‍ഭം പോലുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഇസ്ലാമിക തത്വങ്ങളിലേക്ക് തന്റെ ചിന്താധാര കടത്തിവിടുന്നവര്‍ എത്രമാത്രം ഇസ്ലാമിക ആശയങ്ങളെ സങ്കുചിതമാക്കുന്നുവെന്നത് ദര്‍ശിക്കാവുന്നതാണ്.
ചുരുക്കത്തില്‍, ഒട്ടുമിക്ക തീവ്ര ചിന്താഗതിക്കാര്‍ക്കും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചില ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രഹിച്ചെടുത്ത തത്വങ്ങള്‍ അവര്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും വിശ്വാസ-അവിശ്വാസ തത്വങ്ങളെ തീവ്ര രീതിയില്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ക്രമേണ നിസ്സംഗതയുടെ പുതിയ ഭരണ വ്യവസ്ഥ പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നു. ഇത് പലപ്പോഴും പ്രബോധനമെന്ന ഉദ്യമത്തില്‍നിന്നും അവര്‍ അകന്ന് പോകാന്‍ അവരെ പ്രേരിപ്പിക്കാറുണ്ട്. അവര്‍ വെച്ചുപുലര്‍ത്തുന്ന ഇരുണ്ട ചിന്താധാരകള്‍ക്ക് പലപ്പോഴും നിദാനമായി വര്‍ത്തിക്കുന്നത് പീഢിത സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളാണ്.
മാല്‍കം എക്സ് തന്റെ തീവ്ര ചിന്താധാരകളില്‍ മാറ്റം വരുത്തുന്നത് ഹജ്ജ് തീര്‍ഥാടനത്തില്‍ ചില പണ്ഡിതന്മാരുമായുള്ള സമാഗമത്തിന് ശേഷമാണ്. മനുഷ്യകുലത്തിലാകമാനം ഇസ്ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങളെയും മാര്‍ഗങ്ങളെയും അങ്ങനെ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു അറബിക്ക് അനറബിയെക്കാള്‍ സ്ഥാനമില്ലെന്നും കറുത്തവനും വെളുത്തവനും തുല്യരാണെന്നും ദൈവഭക്തി കൊണ്ടല്ലാതെ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രവാചക വചനത്തിന്റെ പൊരുള്‍ അദ്ദേഹം മനസ്സിലാക്കി. പിന്നീടങ്ങോട്ട് തന്റെ അന്ത്യശ്വാസം വരെ ഈയൊരു തിരിച്ചറിവിനെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഹാജ് മലിക് ഷഹബാസ് മുന്നോട്ടു നീങ്ങിയത്. തിരിച്ചറിവുകള്‍ അങ്ങനെയാണ്. മറ്റൊരു തിരിച്ചറിവിനേ അതിനെ മായ്ക്കാനാകൂ. അവിടെയാണ് പരിവര്‍ത്തനങ്ങള്‍ ഒരു വ്യക്തിയോട് സംസാരിച്ച് തുടങ്ങുന്നത്.
തീവ്ര ചിന്താധാരയെ, അടിച്ചമര്ത്തലുകള്കൊണ്ട് നേരിടാനുള്ള ശ്രമങ്ങള്‍ അവനെ കൂടുതല്‍ കഠിനഹൃദയനാക്കുകയേ ഉള്ളൂ. അതവനെ യാഥാര്‍ഥ്യത്തിനു മേലുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തത്വങ്ങള്‍ അന്വേഷിക്കാനും അവന് മനസ്സിലാക്കിയ യാഥാര്‍ഥ്യത്തിനുമേല്‍ ദൃഢമായി മുറുകെ പിടിക്കാനും മാത്രമേ ഉപകരിക്കൂ. ചിലപ്പോള്‍ അടിച്ചമര്‍ത്തലുകള്‍ മറ്റൊരു തീവ്ര സ്വഭാവത്തിലേക്ക് തള്ളിവിടാനും കാരണമായേക്കാം. അത് അക്രമങ്ങളുടെ കാര്യകര്‍ത്താക്കളെ വഴിപ്പെടുക എന്ന കുടക്ക് കീഴില്‍ ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മതത്തിന് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ല എന്ന വാദം മുന്‍നിര്‍ത്തിക്കൊണ്ട് ഇസ്ലാം മതത്തിലെ സാമാന്യ തത്വങ്ങളെ അത് തല്ലിത്തകര്‍ക്കും. ഇതെല്ലാം അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും തുടര്‍ക്കഥകള്‍ മാത്രമായി ശേഷിക്കും. അള്ളാഹു സര്‍വതിനെയും മികച്ചു നില്ക്കുന്നവനാണ്. പക്ഷേ, അധികപേരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.
വിവ: തുഫൈല്‍ ത്രിപ്പനച്ചി
