കേരളവും ആഫ്രിക്കയും തമ്മിലുള്ള തീരദേശ ബന്ധങ്ങളെക്കുറിച്ച് അറിയാത്തവരാണ് കേരളീയരില്‍ വലിയൊരു വിഭാഗം ആളുകളും. സാഹിത്യ രചനകളിലും പൈതൃക കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലുമായി കേരളവും യൂറോപ്പും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന രേഖകള്‍ ഒരുപാടുണ്ടെങ്കിലും ആഫ്രിക്കന്‍ ജനതയുടെ കേരളത്തിലേക്കുള്ള നിര്‍ബന്ധിത കുടിയേറ്റവും കേരളവുമായുള്ള അവരുടെ ബന്ധവും കേവലം ചില ആചാരങ്ങളിലും നാടോടിക്കഥകളിലും മാത്രമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. കേരളത്തിലെ തുറമുഖ പ്രദേശങ്ങളായ കൊച്ചിയിലെയും തൃശൂരിലെയും തീരപ്രദേശങ്ങളിലേക്കുള്ള നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായ ആഫ്രിക്കക്കാരുടെയും കാപ്പിരികളുടെയും(കറുത്ത വര്‍ഗക്കാര്‍) ഓര്‍മകള്‍, അവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേവാലയങ്ങളിലൂടെ ഇന്നും സംരക്ഷിക്കപ്പെട്ട് പോരുന്നുണ്ട്. ഈ ആഫ്രിക്കന്‍ പുണ്യ സ്ഥലങ്ങളുടെ അറ്റക്കുറ്റപണികളും മറ്റു പരിപാലനങ്ങളും നടത്തിപ്പോരുന്നത് തീരദേശ സബാള്‍ട്ടണ്‍ കമ്യൂണിറ്റികളില്‍ നിന്നുള്ളവരാണ്. ആഫ്രിക്കന്‍ ആത്മാക്കളാല്‍ തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് അവരുടെ വിശ്വാസം.
കാപ്പിരികള്ക്കായി സമര്‍പ്പിക്കപ്പെട്ട വഴിയോര ആരാധനാലയങ്ങളില്‍ -അവയില്‍ ഭൂരിഭാഗവും ഇന്ന് ഹിന്ദു ശവകുടീരങ്ങളുടെയും കാവുകളുടെയും ഭാഗമായി മാറിയിട്ടുണ്ട്- മറ്റു പൂര്‍വിക ആത്മാക്കള്‍ക്കും ദേവതകള്‍ക്കുമൊപ്പം കാപ്പിരികളുടെ ആത്മാക്കളും ആരാധിക്കപ്പെട്ടിരുന്നു. ഇത്തരം കാപ്പിരി ആരാധനാലയങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളും ഐതിഹ്യങ്ങളും കൊച്ചി അടക്കമുള്ള പ്രദേശങ്ങളിലെ പോര്‍ച്ചുഗീസ്-ഡച്ച് അധിനിവേശകാല രേഖകളില്‍ അവ്യക്തമായി കാണപ്പെട്ടിരുന്ന നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ചകളാണ് ചരിത്രത്തിന് നല്‍കിയത്. കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
മലയാളത്തില്‍ കാപ്പിരിക്ക് 'കറുത്തവന്' എന്നും കാപ്പിരികള്‍ക്ക് 'കറുത്ത വര്‍ഗക്കാര്‍' എന്നുമാണര്‍ഥം. 'കുഫ്ര്' എന്നതിന്റെ ഡയലറ്റിക്കല്‍ വേരിയെന്റായ(Dialetical varient) 'കാഫിര്‍' എന്ന അറബി പദത്തില്‍ നിന്നാണ് കാപ്പിരി എന്ന വാക്ക് രൂപപ്പെടുന്നത്. അമുസ്ലിം എന്നാണ് കാഫിര്‍ എന്ന പദത്തിനര്‍ഥം. അറബികള്‍ക്കിടയില്‍ 'അമുസ്ലിംകളായ ആഫ്രിക്കക്കാര്‍' എന്ന അര്‍ഥത്തിലും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഈ വാക്കിന്റെ വംശീയപരതയെക്കുറിച്ചും അതിന്റെ പരിഹാസ്യ രൂപേണയുള്ള ഉപയോഗത്തെക്കുറിച്ചും മിക്ക തീരദേശ പ്രദേശവാസികളും അജ്ഞരാണ്. മിക്കവര്‍ക്കും കാപ്പിരി എന്നാല്‍ രൂപരഹിതവും അമൂര്‍ത്തവുമായ ഒരു പൈശാചിക(Spectral) ദേവതയാണ്. ഇതിനെല്ലാമപ്പുറം അവ ഭൂതകാലങ്ങളിലെ ആക്രമണങ്ങളെയും വര്‍ത്തമാന കാലത്തെ അരക്ഷിതാവസ്ഥയെയും തങ്ങളില്‍ കുടിയിരുത്തിയ ആത്മാക്കളും കൂടിയാണ്.
കേരളത്തിലെ പോര്‍ച്ചുഗീസ്-ഡച്ച് ഭരണകാലത്തെ ആഫ്രിക്കക്കാരുടെ വരവ്, അതിജീവനം, അക്രമണാസക്തമായ കൊലപാതകങ്ങള്‍ എന്നിവയെ മുഖ്യധാര വ്യവഹാരങ്ങള്‍ അവഗണിക്കുമ്പോള്‍, കാപ്പിരി ആരാധനാലയങ്ങള്‍ അവയെ അറിയപ്പെടാത്ത ഐതിഹാസികങ്ങളുടെ രൂപത്തില്‍ നിലനിര്‍ത്തുന്നു. ആഫ്രിക്കക്കാരുടെ വരവിനെക്കുറിച്ച് ഒരുപാട് കഥകള്‍ പറയപ്പെടാറുണ്ടെങ്കിലും, പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ ഫാക്ടറികളിലേക്കും കോട്ടകളിലേക്കുമുള്ള ജോലിക്കാരായും കപ്പല്‍ തൊഴിലാളികളായുമായാണ് മലബാര്‍ തീരത്തേക്ക് അവരെ കൊണ്ടുവന്നത് എന്നാണ് മിക്ക പ്രദേശവാസികളും പറയുന്നത്. ഡച്ചുകാര്‍ കൊച്ചി കീഴടക്കിയ കാലത്ത്, ആഫ്രിക്കന്‍ ആത്മാക്കള്‍ നിധി സംരക്ഷിക്കും എന്ന അന്ധവിശ്വാസത്തില്‍ പോര്‍ച്ചുഗീസുകാര്‍ അവരുടെ സ്വത്തുക്കള്‍ സൂക്ഷിക്കാനുണ്ടാക്കിയ കുഴികളില്‍ അവക്കൊപ്പം അടിമകളെയും കുഴിച്ചുമൂടുമായിരുന്നു. മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട കൊളോണിയല്‍ നിധികള്‍ കാപ്പിരി ആത്മാക്കള്‍ നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങള്‍ തൃപ്തിപ്പെടുന്നവര്ക്കവര് സമ്പത്ത് നല്‍കുമെന്നുമുള്ള വിശ്വാസവും പ്രദേശവാസികള്‍ക്കിടയിലുണ്ട്. ആഫ്രിക്കക്കാര്‍ അനുഭവിച്ച ക്രൂരതകളും കൊലപാതകങ്ങളും കാരണമാണ് കൊച്ചി തീരപ്രദേശങ്ങളില്‍ അവരുടെ ആത്മാക്കള്‍ ഇപ്പോഴും കുടികൊള്ളുന്നത് എന്നാണ് തീരദേശവാസിയായ കുന്നത്തുവീട് ചേക്കു അഗസ്റ്റിന് ആഫ്രിക്കക്കാരെ കുറിച്ചുള്ള പ്രാദേശിക കെട്ടുകഥയെ പ്രതിഫലിപ്പിച്ചുകൊണ്ട് പറയുന്നത്.
കാപ്പിരികളുടെ സാന്നിധ്യം വളരെ രസകരമായ രൂപത്തിലാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഒരു പുണ്യാത്മാവിന്റെ രൂപത്തില്‍ മാര്‍ഗദര്‍ശിയായും രോഗശാന്തിക്കുള്ള നിദാനമായും സംരക്ഷകനായും കാപ്പിരികളെ കാണുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചരിത്രമായി അത് വികസിക്കുന്നു. കൊച്ചിയുടെ അതിര്‍ത്തികളില്‍ പറയപ്പെടുന്ന കഥകളിലൂടെയും സമകാലിക നോവലുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ദൃശ്യ കലകളിലൂടെയും കാപ്പിരികള്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. വിരോധാഭാസമെന്നോണം, പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയില്‍ യൂറോപ്യന്‍ ചരിത്രങ്ങള്‍ സ്മരിക്കപ്പെടുമ്പോള്തന്നെ അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാരുടെ ചരിത്രങ്ങള്‍ സാംസ്കാരികമായ ആരാധനകളിലൂടെയും വിശ്വാസങ്ങളിലൂടെയും ഇന്നും സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്.
DEC 06, 2025•2 Min Read1 Views
ആഫ്രിക്കന്‍ കുടിയേറ്റവും കേരളത്തിലെ കാപ്പിരിക്കാവുകളും
കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
