ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനം ചര്‍ച്ചചെയ്യുന്ന ഇടങ്ങളില്‍ പൊതുവെ ഉദ്ധരിക്കുന്ന ചരിത്രസംഭവമാണ് ഖലീഫയായിരിക്കെ ഉമറും(റ) മറ്റൊരു സ്ത്രീയും തമ്മിലുണ്ടായ പൊതു സംവാദവും അതിനെത്തുടര്‍ന്ന് സ്ത്രീക്കനുകൂലമായി വന്ന വിധിയും. കോളനിവല്‍കരണത്തിന് മുമ്പുതന്നെ യുദ്ധങ്ങളിലും വൈജ്ഞാനിക മേഖലകളിലും തിളങ്ങിയ മുസ്ലിം സ്ത്രീകള്‍ ധാരാളമുണ്ടായിരുന്നു. ഇസ്ലാമിനെതിരെ വരുന്ന സ്ത്രീ വിദ്വേഷ പരാമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ നാം ഇന്നും അവയെ ഉദ്ധരിക്കാറുണ്ട്. എങ്കിലും ഈ സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിച്ച സാമൂഹിക ചട്ടക്കൂടിനെക്കൂടി മനസ്സിലാക്കുമ്പോഴാണ് ഈ ചര്‍ച്ചക്ക് പൂര്‍ണത കൈവരുന്നത്.
സ്വഹാബികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ മനസ്സിലാക്കി ആധുനിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍ നമ്മുടെ ബാധ്യതയാണ്. മുസ്ലിം ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന ഖ്യാതിയുള്ള ഖലീഫക്കെതിരെ തെറ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നതും ശേഷം തന്റെ തെറ്റ് സ്വയം ഏറ്റെടുക്കാനുള്ള സന്മനസ്സ് കാണിക്കുന്നതും ഖലീഫയുടെ വിനയത്തെയാണ് വ്യക്തമാക്കുന്നത്. ടോക്സിക് മസ്കുലിനിറ്റിയുടെ വളര്‍ച്ചയും ഉയര്‍ച്ചയും പരിഗണിക്കുമ്പോള്‍ ഇത്തരം സമീപനങ്ങള്‍ ആധുനിക പുരുഷത്വ സങ്കല്‍പ്പങ്ങളോട് തുലനം ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
വ്യത്യസ്തമായ സാമൂഹിക വീക്ഷണങ്ങളിലൂടെയാണ് ആദ്യകാല മുസ്ലിം സ്ത്രീകളെ സമൂഹം കണ്ടത്. ഉദാഹരണത്തിന്, നാം ഇന്ന് വിശ്വാസത്തിന്റെ മൂല്യ സ്രോതസ്സുകളിലൊന്നായി പരിഗണിക്കുന്ന ഹദീസുകളുടെ കൈമാറ്റ പ്രക്രിയയില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കടല്‍ കൊള്ളക്കാരിയായ സയ്യിദ അല്ഹുര്റ തന്റെ നഗരം ഭരിക്കുകയും ജന്മനാടായ ഗ്രാനഡയില്‍നിന്ന് സയ്യിദയെ പുറത്താക്കിയ ബാര്ബറോസയോട് പ്രതികാരം ചെയ്യാന്‍ സഖ്യം രൂപീകരിക്കുകയും ചെയ്തിരുന്നു.
സസ്സാഉ(Zazzau)വിലെ യുദ്ധപോരാളിയും രാജ്ഞിയുമായിരുന്ന രാജ്ഞി ആമിന പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മൂന്ന് പതിറ്റാണ്ടോളം ഭരണം നടത്തി. ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതില്‍ തടസ്സം കാണാതിരുന്ന മനുഷ്യരുടെ സാന്നിധ്യമാണ് അവിടെ പുരോഗതികള്‍ സാധ്യമാക്കിയത്. പുരുഷമേധാവിത്വ പടിഞ്ഞാറന്‍ സാമൂഹിക രീതികള്‍ ഇവയെ മായ്ച്ചുകളഞ്ഞ സമയത്തും ആദ്യകാല മുസ്ലിം സമൂഹങ്ങള്‍ സാമൂഹിക പുരോഗതിക്കായി സ്ത്രീക്കും പുരുഷനും ദൈവിക പ്രചോദിതമായ സ്ഥാനങ്ങളില്‍ തുല്യാവസരങ്ങള് നല്‍കിയിരുന്നു.
സാമ്പ്രദായിക പുരുഷത്വ(Traditional Masculinity)വുമായി ഇഴകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ടുതന്നെ പൊതുവായ പുരുഷത്വ(Popular Masculinity) സങ്കല്‍പ്പനങ്ങളിലെ പിഴവുകള്‍ ചര്‍ച്ച ചെയ്യുന്നത് പ്രയാസകരമാണ്. പുരുഷനാവുക എന്ന് പറഞ്ഞാല്‍ എന്താണര്‍ഥമാക്കുന്നത് എന്നത് വെല്ലുവിളിക്കുന്നതുപോലും സ്ത്രീത്വ(Feminity)ത്തിന്റെയും പുരുഷത്വത്തിന്റെയും അനിസ്ലാമികമായ ലിബറല്‍ വീക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. അധികപേരും പിന്തുടരുന്ന യാഥാസ്ഥിക വീക്ഷണങ്ങള്‍(Conservative Views) ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളല്ല; കൊളോണിയല്‍ സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണവ. ഉദാഹരണത്തിന്, ഇംഗ്ലീഷ് പൊതു നിയമ പ്രകാരം വിവാഹിതയായ സ്ത്രീയെ പ്രത്യേക വ്യക്തിയായി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും അവളുടെ സ്വത്തവകാശം ഭര്‍ത്താവിനായിരുന്നു (മറ്റു യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളിലും ഈ നിയമം നിലനിന്നിരുന്നു). കവേച്ചര് (coverture) എന്ന പേരില്‍ നിലനിന്നിരുന്ന ഈ നിയമം 1880-കളിലാണ് അസാധുവാകുന്നത്. ഇസ്ലാം വിവാഹിതരായ സ്ത്രീകള്‍ക്ക് നല്കുന്ന സ്വത്തവകാശം വെച്ച് നോക്കുമ്പോള്‍ ഇവ തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണ്. സ്ത്രീക്ക്, പ്രത്യേകിച്ച് വിവാഹിതരായവര്‍ക്ക്, അധികാരം കുറവായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങള്‍ സജീവമായി കോളനിവല്കരിച്ച സമയത്തും ഈ നിയമങ്ങള്‍ നിലനിന്നിരുന്നു. അതേ നിയമങ്ങള്‍ തന്നെയാണ് ആധുനിക രാഷ്ട്രങ്ങളിലെ നിയമനിര്‍മാണങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും. ദുരഭിമാനക്കൊലകള്‍ ഇതിന് വ്യക്തമായ ഉദാഹരണമാണ്. 1800-കളുടെ മധ്യത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടപ്പില്‍ വന്നിരുന്ന ബ്രീട്ടീഷ് നിയമം പെട്ടെന്നുള്ള പ്രകോപനത്തില്‍ ഭാര്യയെ വധിച്ച ഭര്‍ത്താവിന് മാപ്പ് നല്‍കുന്നുണ്ട്. ശരീഅത്ത് നിയമവുമായി കൈകോര്ത്തുപോവുന്നതിന്റെ ഭാഗമായി ഈ ബ്രിട്ടീഷ് നിയമത്തെയാണ് 1990-ല്‍ പാകിസ്ഥാന് പരിഷ്കരിച്ചത്.
ഇത്തരം സമീപനങ്ങള്‍ ഇസ്ലാമിക പാരമ്പര്യത്തിനെതിരാണ്. ലോകത്ത് വ്യാപകമായ ടോക്സിക് മസ്കുലിനിറ്റി ഇസ്ലാമിക പുരുഷത്വ(Islamic masculinity)ത്തിന് ഒരപവാദമാണ്. ടോക്സിക് മസ്കുലിനിറ്റിയുടെ ലക്ഷണമാണ് വികാരം പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. മനുഷ്യന് കരയാനോ വികാരവിക്ഷോപം പ്രകടിപ്പിക്കാനോ പാടില്ല; കാരണം വികാരപ്രകടനം സ്ത്രൈണതയുടെ അടയാളമാണ്. വികാരങ്ങളോടുള്ള ഈ നിഷേധ പ്രക്രിയ വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതും പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ ആക്രമണ സ്വഭാവത്തെ നിര്മിച്ചെടുക്കുന്നതുമാണ്. 2007-ല്‍ പുറത്തുവന്ന ഒരു പഠനപ്രകാരം, അമേരിക്കയില്‍ കൊല്ലപ്പെട്ട 45 ശതമാനം സ്ത്രീകളുടെയും കൊലപാതകത്തിന് പിന്നില്‍ അവരുടെ ഉറ്റ പങ്കാളികളായായിരുന്നു. യു.എസിലെ ആള്‍ക്കുട്ട വെടിവെപ്പുകളില്‍ പകുതിയും ഗാര്‍ഹിക പീഡകരാണ് നടത്തിയത്. വികാരം ശമിപ്പിക്കുന്നതിലെ ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ ചില ആത്മീയ പ്രശ്നങ്ങള്‍ കൂടി ഇവിടെയുണ്ട്.
ഖുര്‍ആനിലും ഹദീസിലും കരച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന കണ്ണുനീര് 'അല്ലാഹുവില്‍ നിന്നുള്ള കരുണ'യും 'അള്ളാഹുവില്‍ നിന്നുള്ള രോഷാഗ്നി കെടുത്താനുള്ള' സ്രോതസ്സുമാണ്. കണ്ണുനീരിന്റെ അഭാവവും ഹൃദയകാഠിന്യവും ദുരിതത്തിന്റെ പ്രതീകങ്ങളാണ്. സ്വഹാബികള്‍ അല്ലാഹുവിന്റെ മഹത്വമോര്‍ത്ത് കണ്ണുനീര് പൊഴിക്കാറുണ്ടായിരുന്നു. നിര്‍ഭയനും അചഞ്ചലനുമായിരുന്ന ഉമര്‍(റ)വിന്റെ മുഖത്ത് കണ്ണുനീര് കാരണം കറുത്ത വരകളുണ്ടായിരുന്നു. ആധുനിക പുരുഷത്വത്തിന്റെ രീതികള്‍ സ്വീകരിച്ച് വികാരങ്ങളെ അടച്ചുവെക്കുകയാണെങ്കില് നമുക്കെങ്ങനെ അല്ലാഹുവുമായുള്ള വൈകാരിക ബന്ധം നിലനിര്‍ത്താനാകും? പ്രവാചകന്(സ്വ) തന്റെ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും വാത്സല്യപൂര്‍വമാണ് പെരുമാറിയത്. പിതാവ്, സഹോദരന്, ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്നുകൊണ്ടുള്ള പെരുമാറ്റമാണ് കുടുംബത്തില്‍ കാണിക്കേണ്ടതെന്ന പലരുടെയും വീക്ഷണം നബി(സ്വ) കുടുംബത്തോടുകാണിച്ച അടുപ്പത്തിനും സൂക്ഷമതക്കുമെതിരാണ്.
ടോക്സിക് മസ്കുലിനിറ്റിയുടെ മറ്റൊരു രൂപമാണ് സ്ത്രീ ശരീരത്തിന്മേലുള്ള അധികാരം ഞങ്ങള്‍ക്കാണെന്ന പുരുഷന്മാരുടെ ധാരണ. ഖുര്‍ആന്‍ സ്ത്രീയോടും പുരുഷനോടും മാന്യമായ വസ്ത്രം ധരിക്കാനും എളിമ നിലനിര്‍ത്താനായി അവരുടെ നോട്ടം താഴ്ത്താനും പറഞ്ഞപ്പോഴും പലരും സ്ത്രീയുടെ പോരായ്മകള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. പരസ്പരമുള്ള പെരുമാറ്റങ്ങളെക്കുറിച്ച് ജനങ്ങളോട് ഉപദേശിക്കാന്‍ അധികാരമുള്ള അല്ലാഹുവിന്റെ പ്രവാചകന് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ആക്രോശിച്ചിട്ടില്ലായെങ്കില് പിന്നെ നമുക്കെന്തവകാശമാണണതിലുള്ളത്? ടോക്സിക് മസ്കുലിനിറ്റി സാധ്യമാക്കിയ സ്ത്രീ വസ്തുവല്‍ക്കരണവും ലൈംഗികവല്ക്കരണവുമായുമാണ് ഇതു ബന്ധിക്കുന്നത്.
പലയിടത്തും നടക്കുന്ന ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും സൂചിപ്പിക്കുന്നതും അതുതന്നെയാണ്. മൂന്നിലൊരു സ്ത്രീയെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. അതില്‍തന്നെ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. മാനഭംഗപ്പെടുത്തിയവരും ഇരയായവരും തമ്മിലുള്ള തെറ്റായ തുല്യാവസ്ഥയാണിന്ന് നിലനില്‍ക്കുന്നത്. ഇസ്ലാമിക സമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അവളെ സംരക്ഷിക്കുകയും മാനഭംഗത്തിനിരയായവളെ അവള്ക്കപമാനമാവാത്ത രൂപത്തില്‍ കുറ്റം ചെയ്തവരെ നീതിക്ക് മുമ്പില്‍ കൊണ്ടുവരുന്നു. ഭക്ഷണയിനങ്ങള്‍, മൃഗങ്ങള്‍ തുടങ്ങിയവയോട് സ്ത്രീകളെ സാദൃശ്യപ്പെടുത്തി മനുഷ്യഗുണങ്ങള്‍ ഇല്ലാതാക്കുന്ന ഭാഷകള്‍ അവള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്നതു കൊണ്ടുതന്നെ, സ്ത്രീയുടെ സ്ഥാനങ്ങള്‍ ഇത്തരം പ്രയോഗങ്ങളിലൂടെ സമൂഹത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു (ഉദാ: കുപ്രസിദ്ധ ലോലീപോപ്പ് അനലോഗി).
ഇത്തരം ഇടപഴകലുകളിലൂടെ ഉയര്‍ന്നുവരുന്ന ലജ്ജയുടെ അഭാവത്തെയും സ്ത്രീകള്‍ക്ക് സാംസ്കാരികമായി നിര്‍ണയിക്കപ്പെട്ട പങ്കിനെയും നിലനിറുത്തുന്ന ഇത്തരം ഭാഷാ രീതികള്‍ ജനങ്ങളോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന ഇസ്ലാമികാധ്യാപനത്തോട് വിയോജിക്കുന്നതാണ്. ഇസ്ലാമിലെ നമ്മുടെ സഹോദരികളായ സ്ത്രീകളെ നമ്മെക്കാള്‍ താഴ്ന്നവരായി കാണുകയാണെങ്കില്‍ അവരെ പങ്കാളികളായി കണ്ട പ്രവാചക പാരമ്പര്യത്തെ നമുക്കെങ്ങനെയാണ് പിന്തുടരാനാവുക?
ടോക്സിക് മസ്കുലിനിറ്റിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഉമ്മത്തിലെ പുരുഷന്മാരില് നിന്നാണ് ആദ്യം തുടങ്ങേണ്ടത്. സ്ത്രീകളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടതും അവളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതും അത്യാവ്യശ്യമായ ഈ സമയത്ത്, നിലവിലെ രീതികളെ വെല്ലുവിളിച്ച് നാം പുരോഗമനോദ്ദ്യേശ്യത്തോടെ മുന്നിട്ടിറങ്ങണം. ടോക്സിക് മസ്കുലിനിറ്റിയുടെ നിലനില്‍പ്പിനെ അംഗീകരിക്കുകയാണ് അതിന്റെ ആദ്യ പടി. അതിന്റെ സാന്നിധ്യത്തെ നിഷേധിക്കല്‍ നല്ല മനുഷ്യരാകാനുള്ള വെല്ലുവിളി സ്വീകരിക്കാനുള്ള ഭയം മൂലമുണ്ടാവുന്നതാണ്. സ്വയം പ്രാപ്തരാവലാണ് ഏറ്റവും പ്രധാനം. സമൂഹ നിയമങ്ങളെ (പ്രത്യേകിച്ച് അവ അടിച്ചമര്ത്തുന്നതാവുമ്പോള്) വിമര്‍ശന വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. ഖുര്‍ആന്‍ പറയുന്നത് പുരുഷന് സ്ത്രീയുടെ സംരക്ഷകനാണെന്നാണ്. ഏതൊരു സംരക്ഷകനാണ് ലൈംഗികാതിക്രമങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ അവളെ അവിശ്വസിക്കുകയും നല്ല രീതിയില്‍ ശരീരം മറക്കാത്തതിന്റെ പേരില്‍ അവളെ ശകാരിക്കുകയും ചെയ്യുക?
എന്തുകൊണ്ടാണ് ഇസ്ലാമിക പുരുഷത്വത്തിന് പകരം ടോക്സിക് മസ്കുലിനിറ്റി ഉമ്മത്തിനിടയില്‍ വ്യാപിക്കുന്നത്? ലോകവും ജന്‍ഡര്‍-സെക്സ് ഡൈനാമിക്സും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മുസ്ലിംകള്ക്ക് പുറമെ മറ്റുള്ളവരും ഇതില്‍ അകപ്പെട്ടിട്ടുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ചില മനുഷ്യര്‍ അവരുടെ പക്ഷപാതം ബലപ്പെടുത്താന്‍ ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് ഇടങ്ങളാണ്. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ 'റെഡ് പില്', 'ഇന്‍സെല്‍' വിഭാഗങ്ങളാണ് ടോക്സിക് ആശയങ്ങളെ വിസ്തൃതമാക്കുന്നത്. ഒരു സ്വയമാവര്ത്തന പ്രക്രിയ(Self-renewing cycle)യിലൂടെ ഇവ വീണ്ടും 'സെക്സിന് പകരം സ്ത്രീക്ക് അന്നപാനീയങ്ങള്‍ നല്കുന്ന പുരുഷനാണ് സമൂഹത്തെ സൃഷ്ടിച്ചതെ'ന്ന ആശയം പൊതു സംസ്കാരത്തിന്റെ ഭാഗമാകുന്നതിന് വഴിവെക്കുന്നു.
ആധുനിക പാശ്ചാത്യ വീക്ഷണത്തില്‍ സ്ത്രീത്വവും പുരുഷത്വവും എന്തെല്ലാമാണ് അര്‍ഥമാക്കുന്നതെന്ന് കാണാന്‍ ഇത്തരം ആശയങ്ങളിലകപ്പെട്ട മുസ്ലിംകളുടെ ഉദാഹരണങ്ങള്‍ നോക്കിയാല്‍ മതി. ഇസ്ലാം ഇന്റര്‍നെറ്റിലെ (അല്ലെങ്കില്‍ ലോകത്തിലെ മൊത്തം സമൂഹത്തിലെ) ആധിപത്യ സംസ്കാരമായി പരിഗണിക്കപ്പെടാത്തതിനാല്‍ നബി(സ്വ), സ്വഹാബിമാര്‍ തുടങ്ങിയവരുടെ ചരിത്രകഥകളെക്കാളും അവിടെ ജോര്‍ദാന്‍ പിറ്റേഴ്സണെ പോലോത്ത(Jordan Peterson) പണ്ഡിറ്റുകളുടെ സംസ്കാരിക വിചാര വികാരങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ചില മുസ്ലിംകളെങ്കിലും ടോക്സിക് മസ്കുലിനിറ്റിയുടെ അധികമുള്ള ബദല്‍-റൈറ്റ് രൂപങ്ങളോടൊപ്പം ചേര്‍ന്നേക്കാം. അതോടെ അവര്‍ക്ക് തന്നെ അപകടമാകുന്ന രൂപത്തില്‍ വംശീയവാദികള്‍ക്കും ഇസ്ലാമോ ഫോബുകള്ക്കും പിന്തുണ നല്‍കുകയും ചെയ്യും.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീയുടെ സ്ഥാനം ഇസ്ലാമിക പുരുഷത്വത്തിന് ഒരിക്കലും വെല്ലുവിളിയാകുന്നില്ല. പുരുഷമേധാവിത്വ രീതികള്‍ പിന്തുടരുന്ന പടിഞ്ഞാറിനാണ് അത് വെല്ലുവിളിയാകുന്നത്. ഇസ്ലാമിക പാരമ്പര്യത്തെ ശരിയായ രീതിയില്‍ പ്രയോഗിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാകും. ആദ്യകാല മുസ്ലിം സമൂഹങ്ങളെ മനസ്സിലാക്കി, ദൈവിക പ്രചോദിതമായ സ്ത്രീയുടെ അവകാശങ്ങളെ ചിന്തക്ക് വിധേയമാക്കി, അതിലുപരി നബി(സ്വ)യെ പോലോത്ത മഹത് വ്യക്തികളുടെ സ്വഭാവഗുണങ്ങളെ ആധാരമാക്കി രംഗത്തിറങ്ങിയാല്‍ ടോക്സിക് മസ്കുലിനിറ്റിക്കെതിരെയുള്ള പോരാട്ടത്തെ നാം മുസ്ലിംകള്ക്ക് മുന്നില്‍ നിന്ന് നയിക്കാനാകുമെന്നത് തീര്‍ച്ചയാണ്.
DEC 06, 2025•5 Min Read2 Views
ടോക്സിക് മസ്കുലിനിറ്റി ഇസ്ലാമികമാണോ?
അധികപേരും പിന്തുടരുന്ന യാഥാസ്ഥിക വീക്ഷണങ്ങള്‍(Conservative Views) ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളല്ല; കൊളോണിയല്‍ സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണവ. ഉദാഹരണത്തിന്, ഇംഗ്ലീഷ് പൊതു നിയമ പ്രകാരം വിവാഹിതയായ സ്ത്രീയെ പ്രത്യേക വ്യക്തിയായി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും അവളുടെ സ്വത്തവകാശം ഭര്‍ത്താവിനായിരുന്നു (മറ്റു യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളിലും ഈ നിയമം നിലനിന്നിരുന്നു). കവേച്ചര് (coverture) എന്ന പേരില്‍ നിലനിന്നിരുന്ന ഈ നിയമം 1880-കളിലാണ് അസാധുവാകുന്നത്.
