ആര്.എസ്.എസ് എന്ന തീവ്ര ദേശീയ സംഘടന ഈ രാജ്യത്ത് എത്രത്തോളം ആഴത്തില്‍ വേരാഴ്ത്തിയിട്ടുണ്ടെന്നും അവയുടെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നുമൊക്കെ ഗ്രന്ഥകാരന് ഇതില്‍ കൃത്യമായിത്തന്നെ വരച്ചുകാണിക്കുന്നുണ്ട്. കേവലം ഒരു ചരിത്രമെന്നതിനപ്പുറം തീവ്രമായ ഫാഷിസ്റ്റ് അജണ്ടകളും ഹിന്ദുത്വ രാജ്യ ഗൂഢാലോചനകളും എത്രമാത്രം സൂക്ഷ്മമായാണ് ആര്.എസ്.എസ് മതേതര ഇന്ത്യയില്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ നടുക്കുന്ന അനുഭവം കൂടിയാണിത്.
രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ 1973-ലാണ് ഭവര്‍ മെഘ്വന്‍ഷിയുടെ ജനനം. തന്റെ പതിമൂന്നാം വയസ്സില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന മെഘ്വന്‍ഷിക്ക് 1991-ല്‍ താന്‍ നേരിട്ട തിക്താനുഭവങ്ങള്‍മൂലം അതില്‍നിന്നും പുറത്ത് പോരേണ്ടിവന്നു. അതിനുശേഷം നടത്തിയ അന്വേഷണങ്ങളിലാണ് ഹിന്ദു ജാതി വ്യവസ്ഥയനുസരിച്ച് ശൂദ്രനും താഴെയാണ് തന്റെ സ്ഥാനമെന്ന് മെഘ്വന്‍ഷിക്ക് ബോധ്യമാവുന്നത്. താന്‍ അയിത്ത ജാതിക്കാരനാണ്, ഹിന്ദു മതത്തില്‍ നിലനില്‍ക്കുന്ന നാല് വര്‍ണങ്ങളില്‍ പോലും തനിക്ക് സ്ഥാനമില്ല എന്ന് പൂര്‍ണബോധ്യം വന്നതിനെക്കുറിച്ച് പുസ്തകത്തില്‍ മെഘ്വന്‍ഷി പ്രതിപാദിക്കുന്നുണ്ട്: 'ഞാനൊരു സ്വയം സേവകനായിരിക്കാം. പക്ഷെ, ഒരു നിലക്കും ഹിന്ദുവല്ല. അതിനാലായിരിക്കാം ഞാന്‍ അവര്‍ക്ക് അസ്വീകാര്യനായി തുടരുന്നത്.'
ഈ മനോവിഷമത്തില്‍ മെഘ്വന്‍ഷി ഒരു ദിവസം രാത്രി ഭക്ഷണത്തോടൊപ്പം എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബത്തിന്റെ തക്ക സമയത്തുള്ള ഇടപെടല്‍ കാരണം ആ ശ്രമം വിഫലമായി. അങ്ങനെ, ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം താന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അകറ്റിനിര്ത്തപ്പെടുകയാണെന്നുമുള്ള നിരാശാബോധം അദ്ദേഹത്തെ പിന്തുടര്ന്നുകൊണ്ടേയിരുന്നു. പിന്നീട് സാധ്യമായ രീതിയിലെല്ലാം ആര്.എസ്.എസിനെതിരെ പ്രതികാരം ചെയ്യണമെന്ന് മാത്രമായി അദ്ദേഹത്തിന്റെ ചിന്ത. അതിനായി ആരുമായും കൈ കോര്‍ക്കാന്‍ തയ്യാറായി. മതം മാറാന്‍ ശ്രമിച്ചെങ്കിലും തനിക്ക് വിമോചനമോ ദൈവമോ അല്ല ആവശ്യം, തന്റെ ആവശ്യം ആര്.എസ്.എസിനെ എതിരിടാന്‍ വേണ്ടി ഹിന്ദൂയിസത്തില്‍ നിന്നും പുറത്ത് കടക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു.
സംഘ് പരിവാറിന്റെ കാപട്യത്തെയും വര്‍ഗീയതയെയും ജാതിവാദത്തെയും അഴിമതിയെയും തുറന്നു കാണിക്കാന്‍ വേണ്ടി മെഘ്വന്‍ഷി 'ഡയമണ്ട് ഇന്ത്യ' എന്ന പേരില്‍ ഒരു മാസികയുടെ പ്രസിദ്ധീകരണമാരംഭിച്ചു. പത്രപ്രവര്ത്തനത്തോടൊപ്പംതന്നെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടു. ദലിത്, ആദിവാസി ജനങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്ക് നേരെയുള്ള തന്റെ പോരാട്ടങ്ങള്‍ ഭവര്‍ മെഘ്വന്‍ഷി ഈ പുസ്തകത്തില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്.
അംബേദ്കറിന്റെ കാഴ്ച്ചപാടുകളില്‍ ആകൃഷ്ടനായ അദ്ദേഹത്തിന്റെയുള്ളിലെ കലാപകാരി കൂടുതല്‍ ശക്തിയാര്‍ജിച്ചു. തീവ്രമായ നേര്കാഴ്ചകളുടെയും തിക്താനുഭവങ്ങളെയും അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അവരുടെ ചുണ്ടുകള്‍ക്ക് വഴങ്ങുന്നത് 'ജയ് ശ്രീറാം' മുദ്രാവാക്യമാണെങ്കില്, എന്റെ ചുണ്ടുകള്‍ക്ക് വഴങ്ങുക 'ജയ് ഭീം' മുദ്രാവാക്യമാണ്.' പ്രതികാരത്തിന്റെ ഭാഗമായി, അധികാരത്തിലിരിക്കുന്ന സംഘ ശക്തികള്‍ മെഘ്വന്ഷിക്കെതിരെ പലരീതിയിലും ആക്രമണങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തന്റെ ആദര്‍ശങ്ങളില്‍ അചഞ്ചലമായി അടിയുറച്ചു നില്ക്കാന് തന്നെയാണ് ഭവര്‍ മെഘ്വന്‍ഷി എന്ന 'ദലിതന്റെ' തീരുമാനം. ഇത് വെറുമൊരു വ്യക്തിയുടെ മാത്രം ആത്മകഥയല്ല, സംഘ് പരിവാറിനകത്ത് പ്രവര്‍ത്തിക്കുന്ന ആത്മാഭിമാന ബോധമുള്ള ഓരോ ദലിതന്റെയും ജീവിതാനുഭവങ്ങളാണ്.
