'ഏതൊരു ദേഹവും മരണം രുചിക്കുന്നതാണ്.' (ആലു ഇംറാന്‍: 185)
മരണം
അലോസരപ്പെടുത്തുന്ന വിരസതക്ക് വിരാമം കൊതിച്ച് യൂടൂബ് തുറന്ന നേരത്ത് ഏത് ഭാഷയിലും ഏതൊരാള്‍ക്കും അനുയോജ്യമായ 'മാസ്റ്റര്‍പീസ്' രചിക്കാന്‍ ശേഷിയുള്ള എഴുത്തുകാരനെന്ന് അരുന്ധതി റോയ് വിശേഷിപ്പിച്ച അല്‍ഗോരിതം, തന്റെ നിരന്തരമായ നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ ഒരു കവിത മുന്നോട്ടു വെച്ചു. ചുരുങ്ങിയ വാക്കുകളില്‍ മഹത്തരമായ ദര്‍ശനങ്ങള്‍ അതിമനോഹരമായ കാവ്യഭാഷയിലൂടെ അവതരിപ്പിച്ച അനശ്വര കവി മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ വരികള്‍! തേടിയ വള്ളി കാലില്‍ ചുറ്റിയ പ്രതീതി.
"When you see
My corpse is being carried
Don't cry for my leaving
I'm not leaving
I'm arriving at eternal love
When you leave me
In the grave
Don't say goodbye
Remember a grave is
Only a curtain
For the paradise behind'.
എന്താണ് മരണം? ജീവന് നിലനിര്‍ത്താന്‍ അത്യന്താപേക്ഷികമായ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കല്‍ എന്നതിനപ്പുറം, മുസാഫിറായ മാനവന്റെ അനന്തമായ സഫറിന്റെ ഇടക്കുള്ള അത്താണിയായ ദുനിയാവില്‍നിന്നും പടച്ചോന്റെ അനശ്വരമായ ലോകത്തേക്കുള്ള യാത്രയുടെ ആരംഭമാണ് മരണം. അതായത് മരണം ഒരു തുടക്കത്തിന്റെ ഒടുക്കവും ഒടുക്കമില്ലാത്ത തുടക്കവുമാണ്. അല്ലെങ്കില്‍ സത്താശാസ്ത്രപരമായി(Ontology) ഭൗതികവും അഭൗതികവുമായ / നഫ്സാനിയും റൂഹാനിയുമായ രണ്ട് അസ്തിത്വങ്ങളുള്ള മനുഷ്യന് പുനര്ജന്മം വരെയുള്ള നിശ്ചിത കാലത്തേക്ക്, ഒരു അസ്തിത്വത്തിലേക്ക് ചുരുങ്ങലാണ് മരണം. മരണം സ്വയം ഒരു അസ്തിത്വമാണെന്നും അതല്ല, അത് ജീവിതത്തിന്റെ അസ്തിത്വ രാഹിത്യമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അനിശ്ചിതത്വത്തിന്റെ മൂര്‍ത്തിഭാവമാണ് മരണമെന്നു പറയാം. അത് എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും ആര്‍ക്കും സംഭവിക്കാവുന്നതാണ് എന്നത് തന്നെ കാരണം. ഒരു മനുഷ്യന് അവന് എവിടെ എങ്ങനെ എപ്പോള്‍ മരിക്കുമെന്നത് നിശ്ചയിക്കാന്‍ സാധ്യമല്ലല്ലോ.
സഞ്ചരിക്കുന്ന വാഹനം അപ്രതീക്ഷിതമായി പാലത്തിന്റെ വേലി തകര്‍ത്ത് പുഴയില്‍വീണ് ആ പുഴയില്‍നിന്നും മുതല പിടിച്ചുതിന്നു മരിക്കാം. നടന്നുപോകുന്നതിനിടയില്‍ മുന്നില്‍വീണ പഴുത്ത അടക്കയില്‍ ചവിട്ടി ഉരുണ്ടുവീണ് പാറയില്‍ തലയിടിച്ച് മരിക്കാം. വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പാമ്പു കടിക്കുകയും കടിയേറ്റതറിയാതെ ഒരുപാടുനേരം ഇരിക്കുകയും പെട്ടെന്ന് വേദന വരികയും നീലിപ്പ് ശ്രദ്ധയില്‍ പെടുകയും ചെയ്തപ്പോള്‍ മാത്രം വെപ്രാളപ്പെട്ട് ആംബുലന്‍സില്‍ ആശുപത്രിയില്‍ പോകുന്നതിനിടയില്‍ ആ ആംബുലന്‍സ് അപകടത്തില്‍പെട്ട് പുറത്തേക്ക് തെറിക്കുകയും പിറകെ വന്ന വാഹനത്തിന്റെ ചക്രം തലയില്‍ കയറിയിറങ്ങിയും മരിക്കാം. തലയില്‍ തേങ്ങയോ ചക്കയോ മടലോ വീണുമരിക്കാം.
ഇതൊന്നുമല്ലാതെ രാത്രിയുറക്കത്തില്നിന്ന് ശാശ്വതമായ ഉറക്കത്തിലേക്ക് / മരണത്തിലേക്ക് വഴുതിവീഴാം. മരണം വരുന്ന വഴികള്‍, ഇടങ്ങള്‍, എല്ലാം അനന്തമായ സാധ്യതകളാണ്. എന്നാല്‍ ജീവനുള്ള സര്‍വ വസ്തുക്കള്‍ക്കും അതൊരു അത്യന്താപേക്ഷികതയാണ്. അനിവാര്യതയും യാഥാര്‍ഥ്യവുമാണ്. അതിന്റെ സംഭവ്യതയില്‍ സാധ്യതകള്ക്കിടമില്ലെന്ന് സാരം. മനുഷ്യന് നിശ്ചയിച്ചുറപ്പിച്ച് സുനിശ്ചിതമാക്കിയ കാര്യങ്ങളെ അനിശ്ചിതത്വത്തിലേക്ക് മാറ്റിക്കുറിക്കാന്‍ മരണത്തിന് കഴിയുമെന്നത് അനിശ്ചിതത്വത്തിന്റെ മൂര്‍ത്തീഭാവം മരണത്തിന് നല്കുന്നു. ഭദ്രമായി പണിതുയര്‍ത്തിയ കോട്ടകളിലാണെങ്കില്പോലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യുമെന്ന ഖുര്‍ആനിക വചനം(നിസാഅ്: 78) മരണത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നു.
ഒരാള്‍ മരിക്കുമ്പോള്‍ കേവലം ഒരാളല്ല മരിക്കുന്നത്. അതായത്, ഒരാള്‍ അയാളായിരിക്കെത്തന്നെ ഒരുപാടാളുകളാണ്. ഒരേസമയം പിതാവാകാം മകനാവാം പേരമകനാവാം മരുമകനാവാം ഭര്‍ത്താവാകാം സുഹൃത്താവാം അനിയനാവാം ജ്യേഷ്ഠനാവാം മച്ചുനനാവാം അളിയനാവാം. സ്ത്രീയാണെങ്കില്‍ മാതാവാകാം മകളാവാം പേരമകളാവാം മരുമകളാവാം ഭാര്യയാവാം സുഹൃത്താവാം അനിയത്തിയാവാം ജ്യേഷ്ഠത്തിയാവാം അമ്മായിയാവാം. അങ്ങനെ വരുമ്പോള്‍ മരിക്കുന്നവന്റെ ഈ അസ്തിത്വങ്ങളും അവനോടൊപ്പം മരിക്കുന്നു. ഇത്തരത്തിലുള്ള അസ്തിത്വങ്ങള്‍ ചിലരുമായി ബന്ധപ്പെട്ടുകൊണ്ട് നിലനില്ക്കുന്നവയായതിനാല്തന്നെ, ബന്ധപ്പെട്ടവരുടെ ഹൃദയങ്ങളില്‍ ഒരു ശൂന്യത ഉണ്ടായിത്തീരുന്നു. മരിച്ചവന്റെ സ്മരണകളുടെ മരണം വരെ മാത്രം നിലനില്‍ക്കുന്ന ഈ ശൂന്യത നികത്താന്‍ മരണവീട്ടില്‍ പോകുന്നതിലൂടെയും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിലൂടെയും ഒരു പരിധിവരെ സാധിക്കുന്നു. ഇത്രയും അസ്തിത്വങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ട മരിച്ചവന്റെ ഏകാന്തത എത്ര ഭീകരമായിരിക്കും! മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുമ്പോഴും സംസ്കരണത്തിന് കൊണ്ട് പോകുമ്പോള്‍ കൂട്ട് പോകുമ്പോഴും ക്രിയകള്‍ കഴിയുന്നത് വരെ പ്രാര്‍ഥനകളും മറ്റുമായി ശ്മശാനത്തിനരികെ നില്‍ക്കുമ്പോഴും അവന്റെ ഏകാന്തത ശമിക്കുന്നുണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിന്റെ നൈമിഷികതയെയും മരണത്തിന്റെ ക്ഷണികതയെയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ശിക്ഷയായതിനാലും ജനങ്ങള്‍ ഭയക്കുന്നതിനാലും നിയമസംഹിതകളില്‍ മരണം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. മതങ്ങളും വേദഗ്രന്ഥങ്ങളും മരണത്തെ ഓര്‍മിപ്പിച്ച് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മരണത്തെ തടുക്കാനും അതില്‍നിന്ന് രക്ഷ നേടാനും വേണ്ടി പല മരുന്നുകളും സേവിച്ചിട്ടും മരിക്കാതിരിക്കാന്‍ ഒരാള്‍ക്കും സാധിച്ചിട്ടില്ലെന്നത് മരണത്തിന്റെ അനിവാര്യതയെയാണ് സൂചിപ്പിക്കുന്നത്. മരണത്തെ തടയാനും മരിച്ചവരെ പുനര്‍ജീവിപ്പിക്കാനും ക്രയോണിക് സയന്‍സ് എന്ന ശാസ്ത്രശാഖ തന്നെയുണ്ടത്രെ. മരണമില്ലായിരുന്നെങ്കിലോ? കൊന്നാലും തിന്നാലും ആരും മരിക്കാത്ത കാലം. 'കലി കാലത്തേക്കാളും കഷ്ടമായി വന്നു ഉലകില് കാലനില്ലാഞ്ഞു വലഞ്ഞു സര്‍വ ജന്തുക്കള്‍' എന്ന് കാലനില്ലാത്ത കാലമെന്ന കവിതയില്‍ കുഞ്ചന്‍ നമ്പ്യാര്‍.
ഓരോരുത്തരും മരണത്തെ കാണുന്ന രീതി വ്യത്യസ്തമാണ്. എപ്പിക്യൂറസിന്റെ ഹാം തീസിസ്(Harm thesis) പ്രകാരം ജീവിതത്തെ ആസ്വദിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മരണം അയാളെ സങ്കടപ്പെടുത്തുകയും അതുവഴി അയാള്‍ക്കത് ഉപദ്രവമായി ഭവിക്കുകയും ചെയ്യുന്നു എന്നാണ്. ചിലര്‍ക്ക് അകാരണമായ ഭയമാണ് മരണം. ഇത് അധികമായാല്‍ തനാട്ടോഫോബിയ(Thanatophobia), നെക്രോഫോബിയ(Necrophobia) തുടങ്ങിയ മാനസിക വിഭ്രാന്തികള്‍ക്ക് വരെ കാരണമാകാം. മരണത്തെ അതിയായി ആഗ്രഹിക്കുന്നവരുണ്ട്. ജീവിതത്തില്‍ നിരാശ തോന്നിയവരും മരിച്ചവരെപ്പോലെ ജീവിക്കുന്നവരും മരണത്തോളം ആഗ്രഹിക്കുന്ന മറ്റൊന്നുണ്ടാവില്ല. ചിലര്‍ ആത്മഹത്യയിലൂടെ അത് സഫലീകരിക്കുന്നു. കുറെപേര് മരണമെന്ന യാഥാര്‍ഥ്യത്തെ, അതിന്റെ അനിവാര്യതയെ ഉള്‍കൊണ്ട് മനസ്സിലാക്കുകയും ചെയ്യുന്നു.
സാഹിത്യകാരുടെ മരണ വര്‍ണനാ ലോകം അതിവിപുലമാണ്. ജലാലുദ്ദീന്‍ റൂമിയെ പോലുള്ളവര്‍ മരണത്തെ പ്രണയവല്കരിക്കുന്നു(Romanticizing death). മരണ-മരണാനന്തര അവസ്ഥകളെ വര്‍ണിച്ച് കാവ്യാത്മകതയോടെ അവതരിപ്പിക്കുന്ന ഈ രീതി അതിമനോഹരമാണ് (അതേസമയം പ്രണയത്തെ മരണവല്ക്കരിക്കുന്നവരുമുണ്ട്). ലോകപ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് മാസ്റ്റര്‍പീസായ അന്നാകരനീനയില്‍ മരണത്തെ ആഖ്യാനിക്കുന്നത് ഇപ്രകാരമാണ്: 'ജീവിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താറായപ്പോഴേക്കും ഒരു പുതിയ ഉത്തരമില്ലാത്ത പ്രശ്നം, മരണം മുന്നില്‍'. ഷെക്സ്പിയറാകട്ടെ രംഗബോധമില്ലാത്ത കോമാളിയുടെ പരിവേഷമാണ് മരണത്തിന് നല്‍കുന്നത്.
പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റായ ഹറുകി മുറകാമിയുടെ ഇന്റര്‍നാഷണല്‍ ബെസ്റ്റ്സെല്ലര് നോവലിലെ(Norwegian Wood) ആഖ്യാനം കാണുക: 'കിസുകിയുടെ മരണത്തില്‍നിന്നും ഞാന്‍ ഒരുകാര്യം പഠിച്ചു. ഞാന്‍ അതെന്റെ ഫിലോസഫിയാക്കുകയും ചെയ്തു. മരണം എന്നൊന്നുണ്ട്. അത് ജീവിതത്തിന് എതിരെ നില്ക്കുന്ന ഒന്നല്ല, കൂടെയുളളതാണ്'.
സ്മരണ
'മരിച്ചു കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ നമ്മുടെ ശവകൂടീരം അന്വേഷിക്കരുത്; മനുഷ്യ ഹൃദയങ്ങളിലാണ് അത് കണ്ടത്തേണ്ടത്' (റൂമിയുടെ കുടീരത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടത്)
മരണാന്തരം മനുഷ്യന് ഇതര മനുഷ്യരുടെ മനസ്സില്‍ ഓര്‍മകള്‍ മാത്രമായി അവശേഷിക്കുന്നു. മരണം സംഭവിച്ച ആദ്യ നിമിഷങ്ങളില്‍ ഓര്‍മകളുടെ കുത്തിയൊലിപ്പായിരിക്കും. മരിച്ചവനെ ചുറ്റിപ്പറ്റിയുള്ള നല്ലതും അല്ലാത്തതുമായ ഓര്‍മകള്‍ അയവിറക്കപ്പെടും. മരണ വീട്ടിലെ ചെറുസംഘങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും ഓര്‍മകള്‍ നിറയും. പിന്നെപ്പിന്നെ ഓര്‍മകള്‍ മരണാനന്തര ചടങ്ങുകളിലേക്ക് ചുരുങ്ങും. പ്രിയപ്പെട്ടവര്‍ മാത്രം ഓര്‍ക്കും. പതിയെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ മരിച്ചവന് ഉപയോഗിച്ച വസ്തുക്കളിലും വസിച്ച സ്ഥലങ്ങളിലും അടക്കം ചെയ്യപ്പെടും. അതു കാണുമ്പോള്‍ മാത്രം മരിച്ചവന് സ്മരിക്കപ്പെടും. പിന്നീട് സ്മൃതി, വര്‍ഷത്തിലൊരിക്കല്‍ ചരമവാര്‍ഷികത്തിനു മാത്രമാവും.
മരിച്ചാലും നശിക്കാത്ത നെറ്റിസണ്ഷിപ്പിന്റെ(Netizenship) ശേഷിപ്പുകള്‍ ആകസ്മികമായി ശ്രദ്ധിക്കുക, ഗാലറിയിലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അവിചാരിതമായി കാണുക തുടങ്ങി പുതിയ കാലത്ത് സ്മരിക്കപ്പെടാന്‍ ഒത്തിരി വഴികള്കൂടിയുണ്ട്.
വിസ്മരണ
ജോണ്ഗ്രീനിന്റെ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് (Fault in our stars) എന്ന നോവലില്‍ 'ഒബ്ലിവിയന്'(Oblivion) എന്ന സ്ഥിതിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്, മരിച്ചതിന് ശേഷം വിസ്മരിക്കപ്പെടുന്ന, ആരുടെയും ആരുമല്ലാതായി തീരുന്ന അവസ്ഥ! മരിച്ച് ഏറെക്കാലം കഴിയുന്നതിന് മുന്നെത്തന്നെ ഏറിയ പങ്ക് മനുഷ്യരുടെയും സ്മൃതി മണ്ഡലങ്ങളില്‍നിന്ന് മരിച്ചവന് വിസ്മൃതിയുടെ ആഴിയിലേക്ക് വലിച്ചെറിയപ്പെടുന്നു. പിന്നീട് പ്രിയപ്പെട്ടവര്‍ മരിക്കുന്നതോടുകൂടെ അവന് 'കഴിഞ്ഞ തലമുറ' എന്ന ബഹുസ്വരതയില്‍ അലിയിച്ചു ചേര്‍ക്കപ്പെടുന്നു.
വരും തലമുറക്ക് ഉപകാരപ്രദമോ / ഉപദ്രവപരമോ ആയ എന്തെങ്കിലും സംഭാവനകള്‍ അര്‍പ്പിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നവര് പുസ്തകങ്ങളിലെ 'ഫാക്റ്റ്' ആയിട്ടും ആര്‍ക്കൈവ്സിലെ കേവല രേഖകളായിട്ടും മാറുന്നു.
സ്മൃതി, വിസ്മൃതി എന്നീ വാക്കുകളിലെ മൃതിയുടെ സാന്നിധ്യവും സ്മരണ, വിസ്മരണ എന്നീ വാക്കുകളിലെ 'മരണ'ത്തിന്റെ സാന്നിധ്യവും ഓര്‍മക്കും മറവിക്കും മരണവുമായുള്ള ബന്ധത്തെയായിരിക്കുമോ സൂചിപ്പിക്കുന്നത്? മരണത്തോളം പോന്ന അനിശ്ചിതത്വമായി മറ്റെന്താണുള്ളത്? അതിന്റെ ആഗമനത്തേക്കാള് വലിയ സാധ്യത മറ്റേതിനാണുള്ളത്?മരിക്കും. ഓര്‍മകളാവും. മറവിയിലലിയും.മരണം, സ്മരണ, വിസ്മരണ.മൃതി, സ്മൃതി, വിസ്മൃതി!
