കിഴക്കനേഷ്യയിലെ പലയിടങ്ങളിലും ഇസ്ലാമിന്റെ ചരിത്രപരമായ സാന്നി ധ്യമുണ്ടായിരുന്നെങ്കിലും ജപ്പാനും മുസ്ലിംകളും തമ്മിലുള്ള സാംസ്കാരിക സമ്പര്‍ക്കം അടുത്തകാലം വരെ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ ജപ്പാനെക്കുറിച്ചുള്ള വ്യവഹാരങ്ങളിലൊന്നും അവിടുത്തെ ഇസ്ലാമിന്റെ സാന്നിധ്യം അത്ര വിഷയമാകാറില്ല. എന്നിരുന്നാലും, ജപ്പാനിലേക്കുള്ള വര്‍ധിതമായ മുസ്ലിം കുടിയേറ്റവും മാധ്യമദ്വാരാ രൂപപ്പെട്ടുവരുന്ന ഔത്സുക്യവും പരിഗണിക്കുമ്പോള്‍ അവിടുത്തെ സമൂഹത്തിനും പാരമ്പര്യത്തിനുമുള്ളില് ഇസ്ലാമിന്റെ ഇടം എത്രത്തോളമുണ്ടെന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് മനസ്സിലാക്കാം.
മത പരിവര്‍ത്തനം ചെയ്തവരും കുടിയേറിയവരുമായി ജപ്പാനില്‍ 230,000 ഓളം മുസ്ലിംകള് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അടുത്ത ദശകങ്ങളിലായി പ്രതീക്ഷിക്കപ്പെടുന്ന വര്‍ധനവുകൂടി അതിനോടു ചേര്‍ത്തുവായിക്കണം. ഇതൊക്കെയും ജപ്പാന്റെ സാംസ്കാരിക വൃത്തത്തിനുള്ളില്‍ ഇസ്ലാമിന് വ്യവസ്ഥാപിത രൂപംനല്കുുണ്ടെന്നതാണ് വസ്തുത. എന്നിരുന്നാലും, ജപ്പാനിലെ സാധാരണ ജനങ്ങള്‍ ഇസ്ലാമിനെ വൈദേശികവും തങ്ങളുടെ ചരിത്ര-സാംസ്കാരിക ചുറ്റുപാടുകളോട് അന്യമായതുമായാണ് പൊതുവേ മനസ്സിലാക്കുന്നത്. മാംഗ പോലെ ഇന്നും നിലനില്‍ക്കുന്ന ജാപ്പനീസ് സംസ്കാരിക പ്രകടനങ്ങളില്‍ പലതിലും ഒട്ടനവധി ഇസ്ലാമികാധ്യാപനങ്ങള്‍ പ്രകടമാണെന്ന് ജാപ്പനീസ് അക്കാദമിഷ്യനായ ഡോ. നവോകി യമാമോതൊ അഭിപ്രായപ്പെടുന്നതും കാണാം.
ഇസ്താംബൂളിലെ മര്‍മറാ യൂണിവേഴ്സിറ്റി ആസ്ഥാനമായി Introduction to Sufism through Key Concepts of Manga എന്ന ഒരു പ്രൊജക്ടിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യമാമോതൊ അവകാശപ്പെടുന്നത്, മാംഗയും വിശേഷിച്ച് അനിമേയുമെല്ലാം ജപ്പാനിലെ യുവതലമുറയടങ്ങുന്ന ഒരു വലിയ വിഭാഗത്തെ ഇസ്ലാമിക അധ്യാപനങ്ങളെക്കുറിച്ച് ഉത്ബുദ്ധരാക്കുന്നതിന് ഏറെ സഹായകരമാണെന്നാണ്.
മാംഗയുടെ ചരിത്രം
കോമിക് പുസ്തകങ്ങള്‍, ഗ്രാഫിക് നോവലുകള്‍, അനിമേഷനുകള്‍ എന്നിവയുടെ ജാപ്പനീസ് രൂപങ്ങളെ സൂചിപ്പിക്കുന്ന പദമാണ് 'മാംഗ' (Manga). മാംഗയുടെ ആധുനികശൈലിയുടെ ഉത്ഭവം 19 ാം നൂറ്റാണ്ടിലാണെങ്കിലും അതിന്റെ യഥാര്‍ഥ വേരുകള്‍ ഒട്ടനേകം മതകീയ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്ന ഒരു പശ്ചാത്തലത്തില്‍ വളരെ കാലങ്ങള്‍ മുന്നേ പ്രചാരത്തിലുള്ളതാണ്. 12 ാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസികള്‍ രൂപപ്പെടുത്തിയെടുത്ത ഇമാകി രേഖകളില്‍ (Emaki Scrolls) എത്തിച്ചേരുന്നതാണ് മാംഗയുടെ പാരമ്പര്യം. പലപ്പോഴും വിവരണാത്മകമായ രൂപത്തില്‍ ആധ്യാത്മിക-രാഷ്ട്രീയ വിഷയങ്ങള്‍ പോലുള്ളവ ചര്‍ച്ച ചെയ്തിരുന്ന ആ സചിത്ര രേഖകള്‍ ആരാധനാ ഭവനങ്ങള്‍ പോലോത്ത കെട്ടിട ചുമരുകളിലാണ് കാണപ്പെട്ടിരുന്നത്.
18 ാം നൂറ്റാണ്ടിലെ ജാപ്പനീസ് വുഡ്ബ്ലോക്ക് ആര്‍ട്ടിസ്റ്റായിരുന്ന (Woodblock artist) കത്സുഷികാ ഹൊകുസായ് (Katsushika Hokusai) ആണ് ആദ്യമായി മാംഗ എന്ന വാക്യത്തെ ജനകീയമാക്കിയത്. 'വിചിത്രം' എന്നര്‍ഥമുള്ള 'മാന്‍', 'ചിത്രം' എന്നര്‍ഥം വരുന്ന 'ഗ' എന്നീ പദങ്ങളുടെ സങ്കലനമാണ് 'മാംഗ'. ഹൊകുസായിയുടെ രചനകള്‍ വിചിത്ര സ്വഭാവമുള്ളതായാണ് പറയപ്പെടുന്നത്. ലോകപ്രശസ്ത പെയിന്റിങ്ങുകളിലൊന്നായ 'ദി ഗ്രേറ്റ് വേവ് ഓഫ് കനാഗവ' (The great wave of Kanagava) എന്ന തന്റെ അച്ചുചിത്രമാണ് ഹൊകുസായിയെ പ്രസിദ്ധനാക്കിയത്. 'ഹൊകുസായ് മാംഗ' എന്ന പേരില്‍ 15 വാള്യങ്ങളുള്ള ആയിരത്തോളം മാംഗ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കളക്ഷന്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 1814 ല്‍ പുറത്തിറങ്ങിയ ഇതില്‍ അധികവും പരസ്പരം ബന്ധമില്ലാത്ത ചിത്രാലങ്കാരങ്ങളാണുണ്ടായിരുന്നത്.
19 ാം നൂറ്റാണ്ടിലെ മെയ്ജി കാലഘട്ടത്തില്‍, ജപ്പാന് പുറംലോകത്തേക്കിറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍, അവിടുത്തെ കലാരൂപങ്ങള്‍ 'ജാപ്പനിസം' എന്ന പേരില്‍ വാന്‍ ഗോഗ്, മോണെയ്, മാണെയ് തുടങ്ങിയ യൂറോപ്യന്‍ ചിത്രകാരന്മാര്ക്ക് പ്രചോദനപാത്രങ്ങളായതു മുതലാണ് ഹൊകുസായിയുടെ കലാസ്വാധീനം പാശ്ചാത്യലോകത്തേക്കെന്നത്തുന്നത്. തങ്ങളുടേതായ രീതിയില്‍ 'ഒട്ടോമന്‍ ജാപ്പനിസം' രൂപപ്പെടുത്തിയെടുത്ത് ഉഥ്മാനികളും ഈ ട്രെന്‍ഡില്‍ പങ്കാളികളായി. സചിത്ര കഥാവതരണ രീതികള്‍ മുസ്ലിം ഇടങ്ങള്‍ക്കും അസുവിദിതമായിരുന്നില്ല. ഉഥ്മാനികള്‍, ഇറാനികള്‍, മുഗളര്‍ എന്നിവരുള്‍ക്കൊള്ളുന്ന പേര്‍ഷ്യന്‍ ലോകത്ത് വ്യവസ്ഥാപിതമായൊരു മിനിയേച്ചര്‍ പാരമ്പര്യമുണ്ടായിരുന്നു. 13 ാം നൂറ്റാണ്ടില്‍ ഈല്ഖാനികളുടെ പിന്തുണയിലാണ് ഈ പാരമ്പര്യം പുഷ്കലമായത്.
പാക്സ്-മംഗോളിക്ക കാലഘ'ത്തില്‍ (Pax-Mongolica period), മംഗോളുകളുടെ ഇസ്ലാമാശ്ലേഷം വഴി സചിത്ര കഥാവതരണ രീതി മിഡില്‍ ഈസ്റ്റിലും മധ്യേഷ്യയിലും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബുദ്ധമതക്കാരായി മാറിയ മംഗോളുകളിലൂടെ ഈ കഥാവതരണ രീതി ഫാര്‍-ഈസ്റ്റിലും ജനകീയമായി. ഫാര്‍-ഈസ്റ്റിലെ മുസ്ലിം സമൂഹങ്ങള്‍ക്കുള്ളില്‍ ഇത് വികസിച്ചുകൊണ്ടിരുന്നപ്പോള്, മനുഷ്യച്ഛായാ ചിത്രീകരണമാണിത് എന്നതിനാല്‍ ചില യാഥാസ്ഥിക വൃത്തങ്ങള്ക്കുള്ളില്നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. അതുകാരണമായി, വര്‍ത്തമാനകാലത്ത് ഇത്തരം രൂപങ്ങള്‍ മുസ്ലിം സമൂഹങ്ങള്‍ക്കുള്ളില്‍ വിരളമായിത്തീര്‍ന്നു. എന്നി രുന്നാലും, നൂറ്റാണ്ടുകളോളം മതപരമായ ആശയങ്ങള്‍ സംവേദനം ചെയ്യുന്നതിനും പുതുതലമുറയെ ഉദ്ബുദ്ധരാക്കുന്നതിനും വേണ്ടി സൂഫീ പാരമ്പര്യങ്ങളിലും ജാപ്പനീസ് പുരാവൃത്തങ്ങളിലും സചിത്ര കഥാവതരണ രീതി വ്യാപകമായിരുന്നു. ആയതിനാല്‍, ജപ്പാനിലെ യുവ തലമുറ അവരുടെ മാറുന്ന സമൂഹത്തെക്കുറിച്ചും പുറംലോകത്തെ വികാസങ്ങളെക്കുറിച്ചും കൂടുതല്‍ വിദ്യാസമ്പന്നരാവാന് ഏറ്റവും ലളിതമായ മാര്‍ഗമാണ് 'മാംഗ'.
ആത്മീയ വഴികള്‍
Drawing on Tradition: Manga, Anime and Religion in Contemporary Japan എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവായ ജോലിയന്‍ ബരാക തോമസ് (Jolyon Baraka Thomas) പറയുന്നതനുസരിച്ച് ജപ്പാനിലെ പരമ്പരാഗത മതങ്ങളായ ബുദ്ധിസവും ഷിന്റോയിസവും കൺഫ്യൂഷനിസവുമെല്ലാം ജീവിതം, മരണം, ധര്‍മം, വിശ്വവിജ്ഞാനം എന്നീ വിഷയങ്ങളിലെല്ലാം ഒരു ജാപ്പനീസ് സങ്കല്‍പ്പം കൊണ്ടുവന്നിട്ടുണ്ട്. ഈ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സ്പഷ്ടമായ മതകീയ വ്യവസ്ഥകളായല്ല മറിച്ച്, 'പൊതുബോധപരമായ ജപ്പാനിസം' അല്ലെങ്കില്‍, ജോഷികി(Joshiki)യെന്നാണ് അറിയപ്പെടുന്നത്.
സ്റ്റുഡിയോ ഗിബ്ലിയുടെ അനിമേ സംവിധായകന് ഹയാവൊ മിയസാകിയുടെ കൃതികള്‍ പലപ്പോഴും 'ഷിന്റോ' ഘടകങ്ങളോട് ഇണങ്ങിച്ചേരുവയായി പറയപ്പെടാറുണ്ട്. അദ്ദേഹം ഈ അവകാശവാദങ്ങളെ നിരസിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ മിക്കതും ആരാധനാമൂര്‍ത്തികളെ പ്രതിനിധാനം ചെയ്യുവയാണ്. 'മൈ നെയ്ബര്‍ തൊടോരോ' (Tonari no Totoro, 1988) എന്ന അനിമേ ചിത്രത്തിലെ ഒരു ഭീമന് മുയലിന്റെ രൂപത്തില്‍ വരുന്ന ദേവീ പ്രതിനിധാനം ഇതിനുദാഹരണമാണ്.
ജാപ്പനീസ് അനിമേ സംവിധായകനും മാംഗ ആര്‍ട്ടിസ്റ്റുമായ മകോതൊ ഷിങ്കായിയുടെ പല കൃതികളിലും ഇതിനോട് സാമ്യമായ പ്രതിനിധാനങ്ങള്‍ കാണാനാകുന്നുണ്ട്. 2016 ല്‍ റിലീസ് ചെയ്ത 'യുവര്‍ നെയിം' (Kimi no na wa) എന്ന അനിമേ ചിത്രത്തില്‍ ഒരു സാമാന്യ ഔപചാരിക മതമെന്നതില്നിന്ന് പുറത്തുകടന്ന് മായികമായൊരു ആത്മീയ മണ്ഡലത്തിലേക്ക് കാഴ്ച്ചക്കാരെ കൊണ്ടുപോകുന്നത് ഇതിനുദാഹരണമാണ്. മിയസാകിയെയും മകോതൊയെയും സംബന്ധിച്ചിടത്തോളം അവര്‍ രണ്ടുപേരും ചിത്രീകരിക്കുന്നത് മതത്തെയല്ല മറിച്ച്, ജപ്പാനിസത്തെയാണ്.
ഇതേ മാര്‍ഗത്തില്‍ ഇസ്ലാമിക മൂല്യങ്ങളെയും ചിത്രീകരിക്കാനാകുമോ? അതെയെന്നായിരിക്കും യമാമോതൊയുടെ ഉത്തരം. അനിമേ, മാംഗ എന്നിവകളിലെ ആവിഷ്കാര ശൈലി സൂഫി ആശയങ്ങള്‍ കൈമാറുന്നതിനു ഉപയോഗിക്കാവുന്നതാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇത് ജാപ്പനീസ് വംശജര്‍ക്ക് സുപരിചിതമായ ആശയങ്ങളായി പ്രതിധ്വനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ വെറും അനുമാന സിദ്ധാന്തങ്ങളല്ലെന്ന് സൂഫിസത്തില്‍ പഠനം നടത്തിയ പ്രൊഫസര്‍ തൊഷികൊ ഇസുത്സു തെളിയിക്കുന്നു. ഇസ്ലാമും (വിശേഷിച്ച് സൂഫിസം) താവോയിസവും ഷിന്റോയിസവും പരസ്പരം പങ്കിടുന്ന മൂല്യങ്ങള്‍ യഥേഷ്ടമാണ്.
1914 ല്‍ ജനിച്ച ഇസുത്സു ഒരു ബുദ്ധമതക്കാരനായിരിക്കെത്തന്നെ ഇസ്ലാമിനെ പഠിച്ച പണ്ഡിതന് കൂടിയായിരുന്നു. അദ്ദേഹം ഖുര്‍ആനിന്റെ ഒരു ജാപ്പനീസ് വിവര്‍ത്തനം തയ്യാറാക്കുകയുംSufism and Taoism: A Comparative Study of Key Philosophical Concept എന്ന ഗ്രന്ഥത്തില്‍ ഇസ്ലാമിന്റെയും ജപ്പാനിന്റെയും മതകീയ പാരമ്പര്യങ്ങള്‍ക്കിടയിലുള്ള സമാനതകളെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. 1984 ലാണ് പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകൃതമായത്.
നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍. നറൂതൊയും ഡീമ സ്ലേയറും ഉള്‍ക്കൊള്ളുന്ന ഷോനന് മാംഗ (Shonen Manga) വിഭാഗത്തിന്റെ പ്രധാന സവിശേഷത അതിലെ പ്രധാന കഥാപാത്രങ്ങളെ ആവിഷ്കരണത്തിന്റെയും വികാസത്തിന്റെയും ധാര്‍മികമായ പര്യടനത്തില്‍ ചിത്രീകരിക്കുന്നുവെന്നതാണ്. ഈ യാത്രയില്‍ അവരെ നയിക്കാനായി അധ്യാപകരും ജ്ഞാനികളുമെല്ലാം മുന്നോട്ടുവരുന്നു. തദ്ഫലമായി, ലളിതമായ ഭൗതിക ലോകത്തിനപ്പുറത്തുള്ള യാഥാര്‍ഥ്യങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്യുന്നു.
ഭൗതികതയെ അചഞ്ചലമായി നിരാകരിക്കുന്ന ഒരു പ്രതിരൂപമാണ് സൂഫിസത്തിനുളളത്. അത് ലൗകികതയില്നി് ആന്തരികതയിലേക്കുള്ള ചലനത്തെ പ്രോത്സാഹിപ്പിക്കുന്നു. സൂഫീ പാരമ്പര്യമായി ഇതിനുള്ള മറ്റൊരു സാമ്യത 'ഗുരു-ശിഷ്യ ബന്ധ'മാണ്. ഒരു അഭിമുഖത്തില്‍, മാംഗയില്‍ കാണപ്പെടു അത്തരം ബന്ധങ്ങളും ഖുര്‍ആനിക കഥയിലെ മൂസ(അ)-ഖളിര്‍(അ) ബന്ധവും തമ്മിലുള്ള സാമ്യത യമാമോതൊ ഇങ്ങനെ വ്യക്തമാക്കുന്നു: 'അജ്ഞതയുടെ ഒരിടത്തുനിന്ന് തന്റെ ജീവിതയാത്രയാരംഭിക്കുന്ന ഒരു വിദ്യാര്‍ഥി. തന്റെ അധ്യാപകന്റെ പ്രവര്ത്തനങ്ങളവന് ബോധ്യമാകുന്നില്ലെന്നിരിക്കെയും അധ്യാപകനില്‍നിന്ന് യാഥാര്‍ഥ്യങ്ങള്‍ തെളിയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു.' ഇസ്ലാമും ഷോനന് മാംഗയും കൂടി പങ്കിടുന്ന ചില പൊതുവായ വിഷയങ്ങളുമുണ്ട്: 'ആധ്യാത്മിക പ്രയാണം' (സയ്ര് വ സുലൂക്), 'മാര്‍ഗനിര്‍ദേശം' (ഇര്‍ശാദ്), 'പശ്ചാത്താപം' (തൗബ) എന്നിങ്ങനെ. യമാമോതൊയുടെ വീക്ഷണത്തില്‍ ആശയങ്ങളെല്ലാം സജ്ജമാണ്. ഇനിയവക്കുള്ള വിവര്‍ത്തനങ്ങളെ വേണ്ടതുള്ളൂ.
ജാപ്പനീസ് ചരിത്രത്തിലെ ഇസ്ലാം
ജാപ്പനീസ് മാധ്യമങ്ങള്‍ ഇസ്ലാമിനെ ജപ്പാന് വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും 19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി പല ജാപ്പനീസ് പ്രമുഖരും സമകാലിക ഭാവനകളില്നി് ഒഴിഞ്ഞുമാറി ഇസ്ലാമില്‍ താല്‍പ്പര്യം കാണിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. 19 ാം നൂറ്റാണ്ടില്‍, മെയ്ജി ജപ്പാനും ഉഥ്മാനിയ്യ സാമ്രാജ്യവും സാമ്രാജ്യത്വ സംരക്ഷണത്തിനു വേണ്ടി ഇരുവരുടെയും നവോത്ഥാന ശ്രമങ്ങള്‍ പരസ്പരം നിരീക്ഷിക്കുകയും അതുവഴി ഇരുയിടങ്ങളിലും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും സൂക്ഷ്മാവലോകനം നടത്തുകയും ചെയ്തിരുന്നു. ജപ്പാന് ലോകത്തുനിന്ന് ഒറ്റപ്പെട്ടു ജീവിച്ച തൊകുഗാവാ ഷോഗുണേറ്റ് ഭരണത്തിനു ശേഷമുള്ള മെയ്ജി കാലഘട്ടം ജപ്പാനിലേക്ക് ഇസ്ലാമിനുള്ള വഴിതുറന്നു.
1880 നും 1880 നുമിടയില്‍ മുസ്ലിം മാര്‍ക്കറ്റുകളില്‍ ചായ കച്ചവടം നടത്താനുള്ള ആഗ്രഹവുമായി ജാപ്പനീസ് വ്യാപാരികള്‍ ഖജരികളുടെ ഇറാനിലേക്കും ഉഥ്മാനികളുടെ ഇസ്താംബൂളിലേക്കും യാത്ര ചെയ്തിരുന്നു. ഇതുമൂലം തങ്ങളുടെ ആതിഥേയരുടെ മതത്തില്‍ അവര്‍ ആകൃഷ്ടരായി. ഇവരില്‍ പെട്ട തൊറാജിറൊ യമാദ എന്ന വ്യക്തി ഇസ്താംബൂളില്‍ താമസിക്കുകയും മുസ്ലിം പ്രമുഖര്‍ക്ക് ജപ്പാന് ഭാഷ പഠിപ്പിക്കുകയും ചെയ്തു. അക്കാലത്ത് താന്‍ വരച്ച ഇസ്താംബൂളിന്റെ ചിത്രങ്ങള്‍ യമാദ ജപ്പാനിലേക്ക് അയക്കുമായിരുന്നു. 1893 ല്‍ ഒരു ജാപ്പനീസ് പത്രത്തില്‍ 'ഇസ്ലാം ജപ്പാനിലേക്ക് പ്രവേശിക്കുന്നു' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകൃതമായത് ഈ ഇസ്ലാമാഭിനിവേഷത്തിന്റെ തോതറിയിക്കുന്നു.
1891 ല്‍ ബുദ്ധസന്യാസിമാര്‍ ഇസ്ലാമിനെ അടുത്തറിയാന്‍ ഇസ്താംബൂള്‍ സന്ദര്‍ശിച്ചിരുന്നു. അതുപോലെ, ഇന്ത്യയില്‍നിന്നും മലായില്നിന്നുമുള്ള മുസ്ലിം വ്യാപാരികള്‍ ജപ്പാനിലെത്തിച്ചേരുകയും ചെയ്തു. ജാപ്പനീസ് പത്രപ്രവര്ത്തകന് ഷൊട്ടാരൊ നൊദയാണ് മുസ്ലിമാകുന്ന ആദ്യ ജപ്പാനുകാരന്. 1891 ല്‍ ഇസ്താംബൂളിലായിരിക്കെയാണ് അദ്ദേഹം ഇസ്ലാമാശ്ലേഷിക്കുത്. 1904-1905 ലെ റഷ്യന്‍-ജാപ്പനീസ് യുദ്ധത്തിനുശേഷം സൈനികരായിരുന്ന തകെയൊഷി ഒഹാര, മിത്സുതരൊ യാമഓക എന്നിവര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു. പക്ഷെ, അവരുടെ മതപരിവര്‍ത്തനം പലപ്പോഴും റഷ്യന്‍ അധീനതയിലുള്ള മധ്യേഷ്യയിലെ മുസ്ലിംകളെ ആകര്‍ഷിക്കാനായിരുന്നു വെന്നുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആഭ്യന്തരയുദ്ധക്കാലത്ത് (Inter war period), പണ്ഡിതനായ നൂര്‍ മുഹമ്മദ് ഇപ്പെയ് തനാകെയും വ്യാപാരിയായ അഹ്മദ് ബുന്പചിരൊ അരിഗയും ഇസ്ലാം സ്വീകരിച്ചു. ഈ പരിവര്‍ത്തനങ്ങളുടെ സംയുക്തികതയെ പലരും വിമര്‍ശിച്ചപ്പോഴും ജാപ്പനീസ് പാരമ്പര്യത്തിന്റെ അനുരൂപമാകാവുന്ന ഒരു വിശ്വാസമായാണ് ഈ ചിന്തകന്മാര് ഇസ്ലാമിനെ കണ്ടത്.
ചൈനീസ് ഭാഷയും കഫ്യൂഷനിസവും പഠിച്ചിട്ടുള്ള തനാകെ പറയുന്നത് ഇസ്ലാമിലേക്കുള്ള തന്റെ പാത 'ഇസ്ലാമിക് കഫ്യൂഷനിസ'ത്തിലൂടെയായിരുന്നുവെന്നാണ്. ഇസ്ലാമും ഷിന്റോയിസവും തമ്മിലുള്ള സാമ്യതകളെയും അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്. പാന്‍ ഏഷ്യനിസവും ഇസ്ലാമും കൂടിയുള്ള സമന്വയ രൂപമായ ജാപ്പനീസ് ഇസ്ലാമിന്റെ വക്താവായിരുന്ന അരിഗ. ഇസ്ലാമിന് ജപ്പാനില്‍ അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ ജാപ്പനീസ് പാരമ്പര്യങ്ങളും രീതികളും കൊണ്ടുനടക്കുന്ന സ്വദേശികള്‍ അതിനെക്കുറിച്ച് മനസ്സിലാക്കല്‍ അത്യവശ്യമാണെന്നാണ് തനാകെയുടെയും അരിഗയുടെയും വീക്ഷണം. ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്ന ജപ്പാനുകാര്‍ മതത്തെ ജാപ്പനീസ് ഭൂപ്രകൃതിയുടെ ഭാഗമാകാവുന്ന ഒരു പാരമ്പര്യമായി എങ്ങനെ കാണുന്നുവെന്നതാണ് ഡോ. യമാമോതൊയുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഇസ്ലാമിനെ ഭയക്കേണ്ടതില്ല. പകരം, ഇസ്ലാമിക അധ്യാപനങ്ങള്‍ ജപ്പാനിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളുമായി സംഘര്ഷത്തിലേര്പ്പെടുന്നില്ലെന്ന് തിരിച്ചറിയുകയാണ് വേണ്ടത്
ഇസ്ലാമിന്റെ പാരമ്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മാംഗയ്ക്ക് ഫലപ്രദമായ മാധ്യമമായി മാറാനാവുന്നതാണ്. ആത്മീയ പാരമ്പര്യങ്ങളുടെ പ്രസരണം അതിന്റെ ചരിത്രപ്രധാനമായ സംസ്കാരത്തിനുള്ളില്‍ രൂഢമൂലമായിരിക്കുന്നുവെന്നതു തന്നെയാണ് അതിന്റെ നിദാനം. ഒരു വിനോദത്തെ സംവേദന ഉപാധിയാക്കി മാറ്റുന്നത് പലര്‍ക്കും വിചിത്രമായി തോന്നിയേക്കാം. എന്നാലും, ജപ്പാനിലെ അനവധിപേര്ക്കും ദൃശ്യമാധ്യമ രൂപം നല്കുന്ന സൂക്ഷ്മാംശങ്ങളും അതിന്റെ പരിചിതത്വവുമെടുത്തു നോക്കിയാല്‍ ജപ്പാനിലെ സമൂഹത്തിനകത്ത് ഇസ്ലാമിക അധ്യാപനങ്ങള്‍ സാമാന്യവത്കരിക്കുന്നതിന് അവ സഹായകമാണെന്ന് മനസ്സിലാക്കാം. അടുത്ത ദശകങ്ങളിലായി ജപ്പാനില്‍ കൂടുതല്‍ മുസ്ലിം യുവാക്കള്‍ വളര്‍ന്നുവരുന്നതിനാല്‍, മാംഗ പോലെയുള്ള കഥാവതരണ ശൈലി ഇസ്ലാമിനും മുസ്ലിംകള്ക്കും സ്വീകാര്യത നേടിക്കൊടുക്കാനുതകുന്ന ഒരു ജാപ്പനീസ് ജന്യമായ ഏറ്റവും ലളിതമായ മാര്‍ഗമാണ്.
വിവ: സിനാന് തത്തയില്‍
