ഉമ്മാക്ക്
കടല്‍ കാണണം
തീരത്ത് വാപ്പാക്കൊപ്പം
കടല കൊറിക്കണം
വാപ്പ വന്നു
മുപ്പത്തിമൂന്ന് കൊല്ലത്തിനൊടുക്കം
ഉമ്മ കടല്‍ കാണാമ്പോകുന്നു
അമ്പത്തിയൊന്നാം വയസ്സിന്റെ തുടക്കം
സന്തോഷത്തിന്റെ ഞെക്കിയമർത്തലിൽ
പൈപ്പിന്
കൈലിന്
ചൂലിന്
പത്രങ്ങൾക്ക്
വേദന
ഇവളിതെന്തിനെന്റെയകം
കണ്ണ്കൊണ്ട് പോസ്റ്റ്മോർട്ടം നടത്തുന്നെന്ന്
ആശ്ചര്യം , ബസിന്
ഓട്ടോയിലെ സീറ്റുചിത്രത്തിൽ
കുയില്‍ നീട്ടിപ്പാടുന്നു
മയില്‍ പീലി വിടർത്തുന്നു
ഉമ്മാന്റെ തുറിച്ചുനോട്ടം കണ്ടിട്ട്
മണല്‍ കണ്ട പാടെ
'ഗൾഫ് മുയ്വൻ ഇങ്ങനേണോ'ന്ന
ബാലിശം കേട്ട്
അത്ഭുതം മറച്ച്
ഗൗരവത്തോടെ
വാപ്പാന്റെ മൂളൽ
"വെള്ളത്തി വീണാ സൂര്യൻ കെട്ട് പോവൂല്ലേ"
"അറ്റത്ത് പോയാ ആകാശം തൊടമ്പറ്റൂല്ലേ"
"ചൊകന്ന പട്ടം ബീമാനത്ത്മ്മല് തട്ടൂല്ലേ”
ഉമ്മാന്റെ ആധികൾ തിരകളാകുന്നു
തിരകൾ ഞരമ്പുന്തിയ കാലുകൾ നനക്കുന്നു
കടല കൊറിച്ച്
കടലുമ്മ, കടലമ്മയിൽ
അലിഞ്ഞുതീരുന്നു ...
DEC 06, 2025•1 Min Read4 Views
