ഖുര്‍ആനിലെ പല അധ്യായങ്ങളിലായി അല്ലാഹു മനുഷ്യേതര ജീവികളെ പ്രകീര്‍ത്തിക്കുകയും പലപ്പോഴും അവയ്ക്ക് മനുഷ്യത്വാരോപണം (personification ) നല്‍കിയിട്ടുമുണ്ട്. സൂറ:അന്‍ആമില്‍ അല്ലാഹു ഇപ്രകാരം പ്രതിപാദിക്കുന്നു: 'ഭൂതലത്തിലുള്ള ഏതൊരു ജീവിയും ഇരു ചിറകുകളുമായി പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്’. മനുഷ്യനേക്കാള്‍ ശ്രേഷ്ഠരല്ലെങ്കിലും അവയെ പൂര്‍ണമായും അവമതിക്കാനാവില്ലെന്നാണ് ഖുര്‍ആനിന്റെ പക്ഷം. അതുകൊണ്ടാണ് ജീവന്റെ കാതലായി അല്ലാഹുവിനെ പ്രതിഷ്ഠിച്ചു കൊണ്ട് ഖുര്‍ആന്‍ ഒരു ദൈവികകേന്ദ്രീകൃതമായ ഗ്രന്ഥമാണ് എന്ന വാദം സാറാ റ്റ്ലീലി മുന്നോട്ടു വെക്കുന്നത്. മനുഷ്യനെ ജീവിതത്തിന്റെ കേന്ദ്രമായി നിര്‍ണയിച്ച് ഖുര്‍ആന്‍ ആന്ത്രോപോസെന്ററിക് മാനം നല്കുന്ന വാദത്തെ നിരാകരിച്ചു കൊണ്ട് തന്റെ 'ഖുര്‍ആനിലെ ജീവികള്‍' (Animals in Quran) എന്ന പുസ്തകത്തില്‍ സാറാ റ്റ്ലീലി ഇങ്ങനെ പ്രസ്താവിക്കുന്നു: ''അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഏതൊരു ജീവിയും അല്ലാഹുവിന്റെ പ്രീതി കാരഗതമാവുകയും അന്ത്യനാളില്‍ പ്രതിഫലം നല്കപ്പെടുകയും ചെയ്യും''.
ഇസ്ലാമിൽ മൃഗങ്ങളെ കുറിച്ചു വന്ന ആദ്യകാല ഗ്രന്ഥങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ഈ ഗണത്തില്‍ വേറെയും എഴുത്തുകള്‍ വന്നിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. ഇസ്ലാമിനു മുമ്പ് പ്രത്യക്ഷമായ പല കവിതകളിലും മരുഭൂ സവാരിക്കാരെ അതിശീഘ്രം കുതിക്കുന്ന ചെന്നായ്ക്കളെപ്പോലെയോ ഒരു കാമുകന്റെ താളത്തോടെ (ഇത്തരം പ്രയോഗരീതിയെ കുറിച്ച് 18-ാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രജ്ഞനായിരുന്ന സര് വില്യം ജോണ്‍സ് പറയുന്നു: 'അറബിക്കവി ഒട്ടകത്തെക്കുറിച്ചല്ല, തന്റെ പ്രിയതമയെക്കുറിച്ച് വാചാലനാവാനാണ് അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്.') മെലിഞ്ഞ ഒട്ടകങ്ങളെപ്പോലെ നീങ്ങുന്നവരായോ ഒക്കെ ചിത്രീകരിക്കുന്നുണ്ട്. ഇബ്നു സീനയെപ്പോലൊത്ത ചിന്തകന്മാര് വന്യമൃഗങ്ങള്‍ക്ക് മനുഷ്യനു സമാനമായ ഉള്കാഴ്ചാപാടവം കല്പിച്ചുനല്കുന്നുണ്ട്, ആട് ചെന്നായയെ മണത്തറിയുന്നപോലെ. ഇബ്നു അബ്ദിസ്സലാമിനെപ്പോലൊത്ത നിയമ പണ്ഡിതര്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. സൂഫി മിസ്റ്റിക്കുകളുടെ ഐതിഹ്യങ്ങളില്‍ അവര്‍ സിംഹങ്ങളോടൊപ്പം ഉലാത്തുന്നതും പക്ഷികളോട് കുശലം പറയുന്നതുമൊക്കെ കാണാനാവുന്നു. ഡാനിയേല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ എന്ന നോവലിന്റെ രചനയ്ക്ക് നിദാനമായ, ഇബ്നു തുഫൈല്‍ രചിച്ച 12-ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്ര അന്യാപദേശകഥയായ ഹയ്യ് ബിന്‍ യഖ്ള്വാനില് കലമാന്‍ ദീപിലകപ്പെട്ട ഒരു ബാലനെ രക്ഷിക്കുന്നതും തന്റെ മൃഗ സുഹൃത്തുക്കളെ പ്രീതിപ്പെടുത്താന്‍ പിന്നീട് ആ ബാലന് സസ്യാഹാരിയായി മാറുന്നതുമുണ്ട്.
ഏകദേശം ബി.സി 300 ല്‍ ഇന്ത്യയില്‍ വെച്ച് വിരചിതമായ 'നീതിശാസ്ത്ര' (പഞ്ചതന്ത്ര) എന്ന ഭരണാധികാരികള്‍ക്കുള്ള ഗൈഡ് ബുക്കിലെ ധാര്‍മിക കഥകള്‍ ലോകസാഹിത്യത്തില്‍ കൂടുതല്‍ പ്രചാരം നേടിയ കൃതികളില്‍ ശ്രദ്ധേയമാണ്. അവയില്‍ അവശേഷിക്കുന്ന ഭാഗം (മഹാഭാരതത്തിന്റെ ഭാഗങ്ങളുമായി സംയോജിപ്പിച്ചിരിക്കാം) കലീല വ ദിംന എന്ന തലക്കെട്ടിലൂടെ ഇന്ന് പ്രസിദ്ധമാണ് (ധീരനും എന്നാല്‍ ചിന്താശൂന്യനുമായ സിംഹരാജാവിനെ സേവിക്കുന്ന രണ്ട് കുറുക്കന്മാരുടെ പേരുകളാണ് കലീലയും ദിംനയും). ഈ കഥകള്‍ പഹ്ലവി ഭാഷയില്‍നിന്ന് (മധ്യ പേര്‍ഷ്യന്‍) 8-ാം നൂറ്റാണ്ടില്‍ ജീവിച്ച, സരതുഷ്ട്ര മതമുപേക്ഷിച്ച് ഇസ്ലാമിലേക്കെത്തിയ അബ്ദുല്ലാ ബിന്‍ അല്മുഖഫ്ഫഹ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രാജാക്കന്മാരെ ഉപദേശിക്കുന്ന മന്ത്രിമാര്‍, പരസ്പരം മുന്നറിയിപ്പു നല്കുന്ന സുഹൃത്തുക്കള്‍, ഭര്ത്താക്കന്മാരെ ശകാരിക്കുന്ന ഭാര്യമാര്‍ തുടങ്ങിയവരുടെ ഭാവമണിഞ്ഞ് ഭരണാധികാരികളില്‍ ധര്‍മവും ന്യായവിധിയും പ്രചോദിപ്പിക്കുന്ന ക്ഷണയുക്തിയുള്ള മൃഗ കഥാപാത്രങ്ങളാണ് അതിലുള്ളത്. കലീല വ ദിംനയെ വായനക്കാര്‍ ആദ്യം രാജദര്പ്പണമായി കണ്ടെന്നതില്‍ അതിശയിക്കാനില്ല. ചരിത്രത്തിലൊരു മുഖഫ്ഫഹിയന് പാരമ്പര്യം അടയാളപ്പെടുത്തുംവിധം, അധികാര നിര്‍വഹണത്തിനുള്ള ഒരു ഫീല്‍ഡ് ഗൈഡ് എന്ന നിലയില്‍, അതിന്റെ ലഘുലേഖകള്‍ പല കാലങ്ങളിലായി അറബ് ഭരണകൂടങ്ങളില്‍ പേര്‍ഷ്യന്‍ കോടതി സംസ്കാരം നിറഞ്ഞുനില്‍ക്കാനുള്ള ഹേതുവായി.
ലെബ്രറി ഓഫ് അറബിക് ലിറ്ററേച്ചര്‍ സീരീസില്‍ മൈക്കല്‍ ഫിഷ്ബെയ്ന്‍, ജെയിംസ് മോണ്ട്ഗോമറി എന്നിവര്‍ തയ്യാറാക്കിയ പുതിയ വിവര്‍ത്തനത്തില്‍ ഈ സംസ്കൃത ഈസോപ്പുകഥകള്‍ വായിക്കാവുന്നതാണ്. ഒരൊറ്റ പുസ്തകത്തില്‍നിന്ന് വളര്‍ന്ന് പൂര്‍ണമായൊരു ലിഖിത പാരമ്പര്യമായി പരിണമിച്ച കലീല വ ദിംന ജീന്‍സിലെ ബ്രിയറുകള് പോലെ, ഒത്തിരി ചരിത്ര പശ്ചാത്തലങ്ങളും സ്വയംകൃതമായ ചില താല്പര്യങ്ങളും ഉള്ളിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു. ബൈബിളല്ലാതെ ഒരു ഗ്രന്ഥവും ഇത്രയും വിപുലമായ പ്രചാരം സിദ്ധിച്ചില്ലെന്നു വരെ സംസ്കൃത പണ്ഡിതനായ ഫ്രാങ്ക്ലിന് എഡ്ഗര്ടണ് 1924-ല്‍ പ്രസ്ഥാവിച്ചിരുന്നു. ഈ കലീല വ ദിംനയെ വിശ്വസാഹിത്യമെന്നു വിളിക്കുന്നത് ഒട്ടും അനീതിപരമല്ല.
വളരെക്കാലം മുമ്പ് ദബഷ്ലിം എന്ന ഇന്ത്യന്‍ യുവ രാജാവ് ഭരണ പ്രതിസന്ധിയിലകപ്പെട്ടു. അനുഭവസമ്പത്ത് കുറവായിരുന്ന അദ്ദേഹം തന്റെ പ്രജകള്‍ക്കെതിരെ ആഞ്ഞടിക്കുകയും അവരെ പ്രകോപിതരാക്കുകയും ചെയ്തിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ ജനപിന്തുണയ്ക്ക് ഭംഗമേറ്റു. നിരാശനായ അദ്ദേഹം ഒരു ദിവസം നേതൃത്വത്തിനായുള്ള 13 മാര്‍ഗനിര്‍ദേശങ്ങളുള്ള ഒരു പഴയ ചുരുള്‍ വായിച്ചു. തുടക്കത്തില്‍ തന്നെ അതദ്ദേഹത്തിന് മടുപ്പുളവാക്കുന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍, കടങ്കഥ പോലെയുള്ള ബീസ്റ്റ് കഥകളില്‍ മറഞ്ഞുകിടക്കുന്ന നിയമങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. മികച്ച കഥാഖ്യാതാവായി ചുരുളില്‍ ബൈദബ എന്ന (ബിദ്പായ് എന്നും പറയാറുണ്ട്) ഒരു ജ്ഞാനിയെ പരിചയപ്പെടുത്തിയിരുന്നു. ദബ്ഷലീം ഉടന്‍തന്നെ ബൈദബയെ വിളിച്ചു വരുത്തി.
ബൈദബയെ വിളിച്ചു വരുത്തിയത് എടുത്തുചാട്ടക്കാരനായ യുവ ഭരണാധികാരിക്ക് ഉടന്‍തന്നെ ഒരു വിനയായി അനുഭവപ്പെട്ടു. തന്റെ ന്യൂനതയെ സൂചിപ്പിച്ച്കൊണ്ട് 'സഹിഷ്ണുതയാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും മികച്ച ഗുണം' എന്ന ബൈദബയുടെ കുത്തുവാക്കില്നിന്ന് പ്രകോപിതനായി അദ്ദേഹം ബൈദബയെ തുറങ്കലിലടച്ചു. തന്റെ ദുര്ബോധത്തില്നിന്ന് മുക്തിനേടിയ ദബ്ഷലീമിന് കൗതുകം തോന്നുകയും ബൈദബയെ പുറത്തിറക്കുകയും കഥകളില്‍നിന്ന് അദ്ദേഹം ഉള്‍കൊണ്ട പാഠങ്ങള്‍ ശ്രവിക്കാനും മനസ്സിലാക്കാനും തയ്യാറായി.
ഇതാണ് കലീല വ ദീംനയുടെ ഫ്രെയിം സ്റ്റോറി. അതിനനുബന്ധമായി തന്നെയാണ് ഗ്രന്ഥത്തിലെ ശിഷ്ടഭാഗത്തിന്റെ പ്രമേയവും ഭാവവും തുടര്‍ന്നുപോകുന്നത്. 'മനുഷ്യ സമൂഹങ്ങള്‍ തങ്ങളുടെ സ്വതന്ത്രമായ തെരെഞ്ഞെടുപ്പിലൂടെയും ചിന്താപദ്ധതിയിലൂടെയും ഭരണനിര്‍വഹണം നടത്താന്‍ പര്യാപ്തരാണോ അതോ എക്കാലവും സാഹചര്യങ്ങള്‍ക്കു വഴങ്ങി രാഷ്ട്രീയ ഭരണഘടനകളെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ടവരാണോ' എന്ന the federalist papers ലെ (1788) അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ പ്രാരംഭ ചോദ്യത്തിലും പ്രതിധ്വനിക്കുന്നത് ദബ്ഷലീമിന്റെ ധാര്‍ഷ്ഠ്യവും അതിനെ മെരുക്കാന്‍ വേണ്ടിയുള്ള മൃഗകഥകളും തന്നെയാണ്. യൗവനത്തിന്റെ ഓജസിനേക്കാള് പ്രായത്തിന്റെ വിവരത്തെ പിന്തുണയ്ക്കണമെന്നതിനെയാണ് ഈ ഫോര്‍മുല ഹിതകരമാക്കുന്നത്. നിര്‍ദേശങ്ങള്‍ നല്കി മൗനിയായിരിക്കലാണ് അത്തരമൊരു യുവാവായ ഭരണകര്‍ത്താവിന് ഉപദേശം നല്കാന് നിയമിതനായ ഒരു ഉപദേഷ്ടാവ് സ്വീകരിക്കേണ്ട സൂത്രമെന്നും ഇത് ഓര്‍മപ്പെടുത്തുന്നു.
കലീല വ ദിംന ഇതെല്ലാം ചെയ്യുന്നത് സമയബന്ധിതമായ തന്ത്രത്തോടെയാണ്. ഇവിടെ ഉപദേശങ്ങള്‍ കൂടുംതോറും സന്തോഷദായകമായിത്തീരുന്നു. 'മൃഗങ്ങളുടെയും പക്ഷികളുടെയും വായില്‍ വാചാലവും ഗംഭീരവുമായ വാങ്മയം തീര്‍ക്കുക എന്നതായിരുന്നു എന്റെ പ്രയോഗതന്ത്രം' എന്നാണ് ഫിഷ്ബെയ്നിന്റെയും മോണ്ട്ഗോമറിയുടെയും ഇംഗ്ലീഷ് പരിഭാഷയിലൂടെ ഇബ്നു മുഖഫ്ഫഹ് വ്യക്തമാക്കുന്നത്. നിശ്ശേഷം വിവരിക്കുന്നതിനു പകരം കഥകള്‍ പരോക്ഷമായി അവതരിപ്പിക്കാന്‍ പ്രസ്തുത പ്രയോഗതന്ത്രം സഹായകമാണ്. സൂഫി ഇതിഹാസങ്ങളില്‍ ചുറ്റിത്തിരിയുന്ന വിശുദ്ധ മനുഷ്യരുടെ അത്ഭുതങ്ങള്‍ കാണുന്നില്ലെങ്കിലും, ഇബ്നു സീനയുടെ താത്ത്വികമായ പദപ്രയോഗങ്ങളോടും മൃഗങ്ങളെക്കുറിച്ച് എഴുതിയ രണ്ട് മധ്യകാല ശൈലീവല്ലഭരായ അല്ജാഹിളിന്റെയും അത്തൗഹീദിന്റെയും ഭാഷാവൈദഗ്ധ്യത്തോടും കിടപിടിക്കുന്ന യുക്തവും ലളിതവുമായ പ്രയോഗരീതികളാണ് കലീല വ ദിംനയുടേത്. എന്നിട്ടും, കലീല വ ദിംനയിലെ കഥകള്‍ സാഹിത്യരചനയായി എണ്ണപ്പെടുന്നു. 'അധ്വാനത്തിന് ആവശ്യം വരുത്താത്ത വിധം തങ്ങളുടെ പുത്രനു വേണ്ടി ട്രസ്റ്റ് ഫണ്ട് ബാക്കിവെച്ചു പോയ മാതാപിതാക്കളെ പോലെ, ചെറുപ്രായത്തിലേ അത് മനഃപാഠമാക്കുന്ന ഏതൊരാള്‍ക്കും അവരുടെ പ്രായത്തിനനുസൃതം കലീല വ ദിംന നിധിയറ തുറന്നുനല്‍കുമെന്ന് ഇബ്നു മുഖഫ്ഫഹ് വിശദീകരിക്കുന്നുണ്ട്.
കഥ കാര്യമായി തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 'ഒരു കൊടിയ വഞ്ചകനായ നുണയനാല് വേര്‍പിരിഞ്ഞ് ശത്രുതയിലായ രണ്ട് സുഹൃത്തുക്കളെക്കുറിച്ചുള്ള കഥ എനിക്ക് പറഞ്ഞുതരൂവെന്ന്' ദബഷ്ലീം രാജാവ് ബൈദബയോട് പറയുന്നു. ഇവിടെ മുതല്‍, ദബഷ്ലീം സ്വേച്ഛാധിപത്യബോധം വിട്ട് വിഷയങ്ങള്‍ സ്വയം നിര്ദേശിക്കുന്നവനായി മാറി. മുനി രാജാവിനെ വണങ്ങി കഥ പറഞ്ഞു തുടങ്ങി: ഒരു ദിവസം, ഒരു കാള ചെളിയില്‍ കുടുങ്ങുകയും കോപത്താല്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. അടുത്തുള്ള സിംഹരാജാവ് ശബ്ദം കേട്ട് അമ്പരക്കുന്നു. ഈ വിചിത്ര ശബ്ദത്തിന്റെ ഉറവിടത്തെ തനിക്ക് മറികടക്കാനാവുമോ എന്ന് വ്യക്തമല്ലാത്തതിനാല്‍ രാജാവ് തന്റെ പരിവാരത്തോട് ഉപദേശമാരായുന്നു. രാജാവിന്റെ രണ്ട് കാവല്‍ കുറുക്കന്മാരായ കലീലയും ദിംനയും ഇടപെടണോ എന്ന വിഷയത്തില്‍ വാദപ്രതിവാദം നടത്തുന്നു.
കലീല ഈ ആശയം വീറ്റോ ചെയ്യുന്നു. ഭരണാധികാരികളുമായി കൂടുതല്‍ അടുക്കുന്നത്, രുചിയുള്ള പഴങ്ങള്‍ നിറഞ്ഞ, എന്നാല്‍, വേട്ടക്കാരാല്‍ വലയം ചെയ്യപ്പെട്ട ഒരു മലയില്‍ കയറുന്നതിന് തുല്യമാണെന്ന് കലീല പറയുന്നു; 'കയറ്റം ദുഷ്കരമായിരിക്കാം. പക്ഷേ അവിടെ തുടരുന്നത് അത്യധികം പ്രയാസകരമാണ്’. കലീല വ ദിംനയുടെ മറ്റൊരു പ്രധാന പ്രമേയം ഇവിടെ പ്രകടമാകുന്നു. അധികാര മണ്ഡപങ്ങളില്‍ ഇടയ്ക്കിടെ കടുത്ത സംഘട്ടനങ്ങള്‍ രൂപപ്പെടാം. ഇബ്നുല്‍ മുഖഫ്ഫഹ് തന്റേതായ അത്തരം പോരാട്ടങ്ങളെയും സഹനങ്ങളെയും ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്. ഷാപൂരിലെയും കിര്മാനിലെയും ഉമയ്യദ് ഗവര്‍ണര്‍മാരുടെ സെക്രട്ടറി എന്ന നിലയില്‍ ഒരുപാട് പീഡനം അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അബ്ബാസികള്‍ ആ ഗവര്‍ണര്‍മാരെ അട്ടിമറിച്ചതിനു ശേഷവും ഒരു വിമത വിഭാഗത്തെ പിന്തുണച്ചതിന് മുപ്പത്തിയാറാം വയസ്സില്‍ അദ്ദേഹം അതിലും ഭീകരമായ പീഡനങ്ങള്‍ നേരിട്ടു. അദ്ദേഹത്തെയും കലില വ ദിംനയില് പ്രവര്‍ത്തിച്ച മറ്റുള്ളവരെയും സംബന്ധിച്ചിടത്തോളം അത്തരം ഗൂഢാലോചനകളും കൊലപാതകങ്ങളും കുതന്ത്രങ്ങളും യാഥാര്‍ഥ്യങ്ങളായിരുന്നു.
എന്നാല്‍, തന്ത്രശാലിയും അതിമോഹിയുമായ ദിംനയെ സംബന്ധിച്ചിടത്തോളം, രാജകീയ കാര്യങ്ങളില്‍ ഇടപെടുന്നത് ഒരു ആസ്വാദനമായിരുന്നു. 'സാഹസങ്ങള്‍ മറികടക്കുമ്പോഴാണ് വിജയം കൈവരിക' എന്ന നിലപാടാണ് ദിംനക്കുള്ളത്. സിംഹത്തെ പ്രകീര്‍ത്തിച്ചും അതിന്റെ ഇഷ്ട സുഹൃത്വലയങ്ങളില്‍ ഇടംപിടിച്ചും ഒരു കാരണവുമില്ലാതെ ദിംന കാളയെ വെറുപ്പോടെ കാണാനുള്ള സ്ഥിതിയുണ്ടാക്കി. ഇത് ഒരു മല്പിടുത്തത്തിന് കാരണമാവുകയും അങ്ങനെ കാള കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ സിംഹം അസ്വസ്ഥനായി. വഞ്ചനയും അകാരണമായ അരുംകൊലയും നടത്തിയതിന് ദിംനയെ വിചാരണ ചെയ്യുകയും വധിച്ചു കളയുകയും ചെയ്തു. 'തന്റെ പാപത്തില്‍നിന്ന് പിന്തിരിയുകയും അതു സമ്മതിച്ച് ഏറ്റുപറയുകയും ചെയ്യുന്നവനാണ് തന്റെ പാപത്തില്‍ ഉറച്ചുനില്‍ക്കുകയും അത് നിരസിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമന്' എന്നാണ് ദിംനയുടെ കുറ്റവിമുക്ത ഹര്‍ജിയില്‍ ന്യായാധിപന് പ്രഖ്യാപിച്ചത്.
ഇവിടെ നിന്നാണ് മറ്റു കഥകളും ഉത്ഭവിക്കുന്നത്. ഒരേസമയം ഒന്നിലധികം ധാര്‍മിക പാഠങ്ങള്‍ അല്ലെങ്കില്‍ ജ്ഞാനപൂര്‍വകമായ വാക്യങ്ങള്‍ ഓരോ കഥാപാത്രങ്ങളിലും പ്രതിഫലിപ്പിക്കാന്‍ ഇതനുവദിക്കുന്നു. എലിയുമായി ചങ്ങാത്തം കൂടുന്ന കാക്കയെക്കുറിച്ചുള്ള കഥയില്‍, എലി ഒരു വിശുദ്ധ മനുഷ്യനില്‍നിന്ന് ഭക്ഷണം തട്ടിയെടുക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ശേഷം, തന്റെ അയല്‍വാസി ആ മനുഷ്യനോട് പറയുന്നു: 'ഇതിന് ഒരു കാരണമുണ്ടായിരിക്കണം'. അത് ന്യായീകരിക്കാനായി അദ്ദേഹം മറ്റൊരു കഥയുടെ ചുരുളുകള്‍ കൂടി നിവര്‍ത്തുന്നു: വീട്ടില്‍ സാധനങ്ങള്‍ കുറവായതിനാല്‍, ഒരിക്കല്‍ അത്താഴവിരുന്ന് നടത്താന്‍ ആഗ്രഹിച്ച തന്റെ ഭര്‍ത്താവിനെ ഭാര്യ എതിര്‍ത്തു. ഭാര്യയുടെ ക്രമാതീതമായ മിതവ്യയത്തിനെതിരെ മുന്നറിയിപ്പ് നല്‍കികൊണ്ട് ഉടനെ ഭര്‍ത്താവ് വേട്ടക്കാരന്റെ ദേഹം ഒളിപ്പിച്ച അത്യാഗ്രഹിയായ ചെന്നായയുടെ കഥ അവളെ ഓര്‍മിപ്പിക്കുന്നു: വേട്ടക്കാരന്റെ വില്ലില്‍ ചവിട്ടി ചരട് പൊട്ടിച്ച ചെന്നായയുടെ കഴുത്ത് മാരകമായി ഛേദിക്കപ്പെട്ടു. 'പൂഴ്ത്തിവെപ്പുകാര്‍ക്ക് പലപ്പോഴും അതിനോളം പോന്ന അസഹ്യമായ അനന്തരഫലങ്ങളാകും നേരിടേണ്ടി വരിക', ഭര്‍ത്താവ് ഉപസംഹരിച്ചു.
ഇതു വരെ രണ്ടു കഥകളില്‍നിന്ന് തന്നെ നാം നിരവധി തത്ത്വങ്ങള്‍ ഗ്രഹിച്ചു. ഇത്തരം കെട്ടുപിണഞ്ഞ 'റഷ്യന്‍ ഡോള്‍' ആഖ്യാനങ്ങള്‍ തലകറക്കം ഉണ്ടാക്കാം. ചിലപ്പോഴൊക്കെ ഒരേ ഖണ്ഡികയില്‍ തന്നെ ഒന്നിനുപിറകേ ഒന്നായി കഥകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കാതെ ഒഴുക്ക് നഷ്ടപ്പെടാതെയുള്ള രൂപക്രമമാണ് കലീല വ ദിംനയുടേത്. 'ആയിരത്തൊന്നു രാവുകളു'ടെ അനുരണനങ്ങള്‍ പ്രതിഫലിച്ചിട്ടുള്ള പ്രസ്തുത ആഖ്യാനങ്ങളുടെ ട്രാക്ക് സൂക്ഷിച്ചു മുന്നോട്ടുപോവുന്ന അനുക്രമവും രസകരമാണ്.
പിശുക്കിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ ഭാര്യ അത്താഴ വിരുന്നിന് സമ്മതിക്കുകയും ധാന്യങ്ങള്‍ കുത്താന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, പിന്നീട് അവളുടെ നായ നടന്ന് അവയെ മലിനമാക്കുകയാണുണ്ടായത്. ആ നശിച്ച ധാന്യങ്ങള്‍ക്കു പകരം അവള് മാര്‍ക്കറ്റില്‍നിന്ന് വിലകുറഞ്ഞ തൊണ്ടില്ലാത്ത ധാന്യങ്ങള്‍ വാങ്ങി. 'ഈ സ്ത്രീ കുത്തിയ ധാന്യം തൊണ്ടില്ലാത്ത എള്ളിനായി കച്ചവടം ചെയ്തതിന് ഒരു കാരണമുണ്ട്!' എന്ന ഒരു ആശ്ചര്യത്തിലേക്ക് ഇത് പലരെയും കൊണ്ടെത്തിക്കുന്നു. എല്ലാത്തിനും അതിന്റേതായ കാരണമുണ്ടെന്ന് കാണിക്കാനുള്ള വ്യതിരിക്തമായ മാര്‍ഗം ഇവിടെ സ്വീകരിക്കുന്നു. ആന്റിക്ലൈമാക്സിന്റെ ഗന്ധം പിടിപ്പിക്കുന്ന രൂപത്തില്‍ പലപ്പോഴും കലീല വ ദിംനയുടെ ദ്വിതീയ കഥകള്‍ അത്തരമൊരു മുള്‍മുനയില്‍ നമ്മെ പിടിച്ചുനിര്‍ത്തുകയാണ്. ഒരു തീര്‍പ്പിലെത്തുക എന്നതിലുപരി 'ഇതിന് ഒരു കാരണമുണ്ടായിരിക്കണം,' 'പൂഴ്ത്തിവെക്കുന്ന ആളുകള്‍ക്ക് ഒരേ അശുഭകരമായ വിധിയാണ് നേരിടേണ്ടി വരിക', തുടങ്ങിയ തത്ത്വങ്ങളൊക്കെയും ഗ്രന്ഥത്തിന്റെ മൂലകഥയെ അനുക്രമം മുന്നോട്ടു കൊണ്ടുപോവുന്നു.
എല്ലാത്തിനും അതിന്റേതായ കാരണമുണ്ടെന്ന് അയല്‍വാസിയുടെ ഉപദേശത്തില്‍നിന്ന് മനസ്സിലാക്കിയ ആ മനുഷ്യന് - എലികളാല്‍ സഹികെട്ടയാള്‍ - കാരണമന്വേഷിക്കാനാരംഭിച്ചു. അദ്ദേഹം എലികളുടെ മാളങ്ങള്‍ കുഴിച്ചപ്പോള്‍ പണത്തിന്റെ ഒരു കൂമ്പാരം കണ്ടെത്തുന്നു. എലിയെ തന്റെ ഭക്ഷണം കവര്‍ന്നെടുക്കാന്‍ പ്രേരിപ്പിച്ചത് ഇതായിരിക്കണം എന്നദ്ദേഹം ഊഹിച്ചെടുത്തു. അതുപോലെതന്നെ 'പണത്തിന് മാത്രമേ ബുദ്ധിയും ശക്തിയും ഉറപ്പുനല്‍കാന്‍ കഴിയൂ' എന്ന എലിയുടെ പ്രഖ്യാപനവും അദ്ദേഹം മനസ്സില്‍ കണ്ടു. എന്നാല്‍ എലി ഒരിക്കല്‍ കൂടി മോഷ്ടിക്കാന്‍ വന്നപ്പോള്‍ നേരത്തെ പറഞ്ഞ അയല്‍വാസി അതിന്റെ തലക്കടിച്ചു. 'ഈ ലോകത്തെ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കു പിന്നിലുള്ള നിദാനം അത്യാര്ത്തിയില്നിന്ന് പ്രചോദിതമാവുന്ന അനുചിത ആഗ്രഹങ്ങളാണ്' എന്ന് ഇതിലൂടെ എലിക്ക് ബോധ്യപ്പെടുന്നു.
ഇവിടെയാണ് മറ്റൊരു കൗതുകകരമായ അന്ത്യം. പട്ടിണിയാല്‍ വലഞ്ഞപ്പോള്‍ എലി പണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പക്ഷേ, നാശം വന്നപ്പോള്‍ ചീഞ്ഞഴുകിയ ഭക്ഷണത്തിന്റെ കഷ്ണങ്ങള്‍ പോലെ ആ വിശ്വാസത്തെയത് ഉപേക്ഷിച്ചെറിയുന്നു. ഈയൊരു മാറ്റം കലീല വ ദിംനയിലെ ധാര്മികപ്രഭാവം അപ്രത്യക്ഷമാവുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പ്രായോഗികതാവാദങ്ങള്ക്കു മുന്നില്‍ സദാചാരമൂല്യങ്ങള്‍ അപ്രധാനമാണ്. കലീലയും ദിംനയും രാജാവിനെക്കുറിച്ച് ചികഞ്ഞാലോചിക്കുന്നതു പോലെയോ, ഭാര്യയുടെയും ഭര്ത്താവിന്റെയുമിടയില് മിതവ്യയത്തിന്റെയും ധര്‍മത്തിന്റെയും വിഷയത്തില്‍ നടക്കുന്ന വാദങ്ങള്‍ പോലെയോ, കഥാപാത്രങ്ങള്‍ പ്രശ്നത്തിന്റെ എതിര്‍വശങ്ങളിലായി ഇരുന്ന് തര്‍ക്കിക്കുന്നതും ആടിയുലയുന്നതുമായ ഉള്ളടക്കമൊന്നും ഇവിടെ സഹായകമാകുന്നില്ല. തദ്ഫലമായുണ്ടാകുന്ന പാഠങ്ങള്‍ ഉന്നതമായ ധാര്മികബോധങ്ങളുടെ അഭാവത്തെയാണ് തുറന്നു കാണിക്കുന്നത്.
ഉദാഹരണത്തിന്, സിംഹത്തിന്റെയും കാളയുടെയും ഉപകഥയില്‍ തന്ത്രപരമായ മാത്സര്യത്തിലൂടെ സൗഹൃദങ്ങള്‍ വേഗത്തില്‍ വഷളാകുമെന്ന് പഠിപ്പിക്കുന്നു. തത്ത്വങ്ങള്‍ വെടിയുന്നത് എന്തുകൊണ്ടാണെന്ന് എലിയുടെ കഥ കാണിക്കുന്നുണ്ട്. അതാണ് എലിയുടെ ജീവന് രക്ഷിച്ചത്. 'ആമയും കുരങ്ങും' എന്ന കഥയില്‍, ആമ ഒന്നുകില്‍ രോഗിയായ തന്റെ ഭാര്യയെയോ, അതല്ലെങ്കില്‍ സുഹൃത്തായ കുരങ്ങിനെയോ ജീവത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. തന്റെ രോഗ ശമനത്തിനുള്ള ഏക പ്രതിവിധി കുരങ്ങിന്റെ ഹൃദയമാണെന്ന് ആ ഭാര്യ ഭര്‍ത്താവിനെ പറ്റിക്കുകയായിരുന്നു (തന്റെ ഭര്‍ത്താവും കുരങ്ങനും തമ്മിലുള്ള ചങ്ങാത്തം ഇല്ലാതാക്കാനായിരുന്നു ഈയൊരു പദ്ധതി). അവസാനം, ആമ തന്റെ സുഹൃത്തായ കുരങ്ങിനെ കൊന്ന് അതിന്റെ ഹൃദയമെടുക്കാനുള്ള തീരുമാനത്തിലെത്തി. സംഗതി തിരിച്ചറിഞ്ഞ കുരങ്ങ് ആമയോട് പറഞ്ഞു: 'നീ ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ ഹൃദയം കൊണ്ടുവരുമായിരുന്നേനേ. അത് വീട്ടില്‍ വെച്ച് പോന്നതാണ്'. ഇതു കേട്ട് ആഹ്ലാദം പൂണ്ട ആമ കുരങ്ങിനോട് വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു. ആമ വിളിക്കുന്നതുവരെ കുരങ്ങ് വീട്ടില്‍ മറഞ്ഞിരുന്നു. എന്നിട്ടത് പറയാന്‍ തുടങ്ങി: 'നിന്നെയെനിക്കറിയാം. നീയെന്നെ വഞ്ചിച്ച് ചതിയിലകപ്പെടുത്തി. ഇപ്പോള്‍ ഞാനത് നിന്നോട് തിരിച്ചു ചെയ്യുകയാണ്'.
അത്തരം പ്രായോഗികതകളെ കൂട്ടുപിടിച്ച് കലീല വ ദിംന നിക്കോളോ മാക്ക്യവെല്ലിയുടെ ക്രൂരമായ റിയല്പൊളിറ്റിക്സിന്റെ മുന്രൂപമാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാല്‍, ആ ശങ്ക തികച്ചും തെറ്റിദ്ധാരണാപരമാണ്. മാക്ക്യവെല്ലിയുടെ 16-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ഗ്രന്ഥമായ ദി പ്രിന്‍സിന്റെ ക്രൂരതയെ പെരുപ്പിച്ചു കാണിക്കുന്നുവെന്നതിനപ്പുറം, ഫിഷ്ബെയ്നും മോണ്ട്ഗോമറിയും അവരുടെ ആമുഖത്തില്‍ പറയുന്നതുപോലെ, ഇത് കലീലയും ദിംനയും സദാചാരത്തിന്റെ പക്ഷം ചേരുന്നുവെന്ന കാര്യത്തെ മറന്നുകളയുകയാണ്. വിശ്വസ്തത, നീതി, വിശ്വാസം തുടങ്ങിയ ഗുണങ്ങള്‍ ഭാഗ്യം കൊണ്ടുവരുന്നു. അതേസമയം, വീണ്ടുവിചാരമില്ലാത്ത തീരുമാനത്തിലൂടെയുള്ള പിഴവുകള്‍ കേടുപാടുണ്ടാക്കുക തന്നെ ചെയ്യും. അതിനാല്‍, ഭരണാധികാരികള്‍ വിശ്വസ്തരായ സുഹൃത്തുക്കളെയും ഉപദേശകരെയും തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ വരുന്ന മറ്റൊരു പ്രധാന പ്രമേയം. കുരങ്ങന് ആമയെ കബളിപ്പിച്ച് വീട്ടിലേക്ക് ഓടിയ ശേഷവും ആമ തന്റെ തെറ്റ് സമ്മതിക്കുന്നു. 'ഈ വേദന തന്നെയാണ് വരുത്തിവച്ചത്. തദ്വാരാ എന്റെ സ്വന്തം ദുരുദ്ദേശ്യം കാരണം എനിക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു.' ഈ കഥയെ പ്രേരിപ്പിച്ച പ്രമേയം ഇതാണ്: 'ഒരു കാര്യം നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്ത് അത് നേടിയതിനു ശേഷം അതിനെ എങ്ങനെ നിലനിര്ത്തണമെന്നറിയാത്തവന്റെ ഉപമ.

കലീല വ ദിംനയ്ക്ക് പ്രചാരം നേടാന്‍ അധികം സമയം വേണ്ടി വന്നില്ല. ഫ്രീ യൂണിവേഴ്സിറ്റേറ്റ് ബെര്‍ലിനിലെ അനോണിംക്ലാസിക് ഡാറ്റാബേസില്‍ അക്കാര്യം കൃത്യമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട. മറ്റു കണ്ടെത്തലുകളെക്കാളും മികച്ച രീതിയില്‍ ഗ്രന്ഥത്തിന്റെ സഞ്ചാരപഥം പ്രസ്തുത ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംസ്കൃത പഞ്ചതന്ത്രം ആറാം നൂറ്റാണ്ടില്‍ കലിലാഗ് വാ-ദിംനാഗ് എന്ന പേരില്‍ സുറിയാനിയിലേക്കും പിന്നീട് ആറാം നൂറ്റാണ്ടില്‍ മധ്യ പേര്‍ഷ്യന്‍ ഭാഷയിലേക്കും എട്ടാം നൂറ്റാണ്ടില്‍ അറബിയിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. അവിടെ നിന്ന് ഗ്രീക്ക്, പേര്‍ഷ്യന്‍, ഹീബ്രു ഭാഷകളിലേക്കും വ്യാപിച്ചു. കലീല വ ദിംനയുടെ പരിവേശങ്ങള് സരതുഷ്ട്ര മതം വഴിയാണ് ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമെത്തുന്നത്. 1251-ല്‍ ടോളിഡോ സ്കൂള്‍ ഓഫ് ട്രാന്സ്ലേറ്റേഴ്സിന്റെ പഴയ കാസ്റ്റിലിയന്‍ തര്‍ജ്ജമയുടെ ആധാരം ഇബ്നു മുഖഫ്ഫഹിന്റെ അറബിപതിപ്പില്നിന്നായിരുന്നെങ്കിലും, ജോണ്‍ ഓഫ് കപുവയുടെ ലത്തീന്‍ കൃതിയായ 'ഡയറക്ടറിയം ഹ്യുമാനേ വിറ്റേ'യിലൂടെ യൂറോപ്പിനുള്ളിലേക്കും ഈ കഥകള്‍ എത്തി. കാസ്റ്റിലിയന്‍ ഗദ്യത്തിലെ ആദ്യ കൃതികളിലൊന്നായ 'എല്‍ കോണ്ടെ ലൂക്കനോറി'ന് (el conde lucanor, 1335) അതിന്റെ ഫ്രെയിം സ്റ്റോറി ഒരു ഉപോല്‍ബലകമായി വര്‍ത്തിക്കുന്നു.
അത്തരം അവതാരങ്ങള്‍ തനതായ ക്ലാസിക്കുകളാണ്. 15-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യനില്‍ എഴുതപ്പെട്ട അന്‍വാറേ സുഹേലിയും 16-ാം നൂറ്റാണ്ടിലെ ഹുമയൂണ്‍ നാമയും രാജാക്കന്മാരുടെ ഗ്രന്ഥശേഖരങ്ങളിലുണ്ടായിരുന്നു. 11-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ദേശീയ ഇതിഹാസമായ ഷാഹ്നാമയിലും, 20-ാം നൂറ്റാണ്ടില്‍ ലെബനീസ് മാര്‍ക്സിസ്റ്റ് നിരൂപകന് ഹുസൈന് മുറുവ്വ കലീല വ ദിംനയെ സാംസ്കാരിക ഐക്യത്തിന്റെ അളവുകോലായി വിശേഷിപ്പിച്ചിടത്തും ദേശീയത കലീല വ ദിംനയുടെ സംസാരിക്കുന്ന മൃഗങ്ങളെ കടമെടുക്കുകയായിരുന്നു. കലീല വ ദിംന മെഡിറ്ററേനിയന്‍ കടല്ത്തീരത്തുടനീളമുള്ള ഭരണാധികാരികള്‍ക്ക് മനോഹരമായ ഒരു നയതന്ത്ര വരപ്രസാദമായി നല്കാറുണ്ടായിരുന്നു; അത്തരത്തിലുള്ള അനവധി കോപ്പികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഡച്ച് ഓറിയന്റലിസ്റ്റ് ഹെന്‍ഡ്രിക് ആല്‍ബര്‍ട്ട് ഷുള്ട്ടന്സ് (18-ാം നൂറ്റാണ്ട്) സ്കൂള്ബോയ് എക്സൈസുകളായി തള്ളിക്കളഞ്ഞ കലീല വ ദിംന രാക്കഥകളായും പാഠപുസ്തകങ്ങളായും രൂപാന്തരപ്പെട്ടു. കവിയും നാടകകൃത്തുമായ ജോഹാന്‍ വുള്‍ഫ്ഗാങ് വോണ്‍ ഗോഥെ അവയെ 'ലൗകിക ജ്ഞാനത്തിന്റെ പ്രമാണങ്ങള്‍' എന്ന് വിശേഷിപ്പിച്ചപ്പോള്‍ അവയുടെ പകിട്ട് ഒന്നു കൂടി വര്‍ദ്ധിക്കുകയായിരുന്നു.
കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്സ്കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും. ബൈദബയുടെ കഥകള്‍ പലയിടത്തേക്കും അതിശീഘ്രം വ്യാപിക്കുകയും ചരിത്രത്തിന്റെ പ്രതലതലങ്ങളെയടക്കം ഭേദിക്കുകയും ചെയ്തു. വിശ്വസ്തനായ ഒരു മൃഗത്തെ ക്രൂരമായി കൊല്ലുന്നതിനെക്കുറിച്ചുള്ള 'ബ്രാഹ്മണനും കീരിയും ' എന്ന കഥ 'Llewellyn and his Dog Gelert ' എന്ന വെല്‍ഷ് നാടോടി കഥയായി പരിണമിച്ചു. ഫ്ലോറന്‍സിലെ പലാസോ ഗോണ്ടിയിലെ ഗ്യുലിയാനോ ഡ സാങ്കല്ലോയുടെ (15-ാം നൂറ്റാണ്ട്) ആഢംബരപൂര്‍ണമായ ഗോവണിപ്പടിയെ അലങ്കരിക്കുന്നത് 'കാക്കയും പാമ്പും', 'കൊക്കും ഞണ്ടും' എന്നീ കഥകളാണ്. മനുഷ്യരാശിയുടെ സകല സംസ്കാരങ്ങളുടെ ആദിമ രൂപവും സമ്മിശ്രവും കുടികൊള്ളുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ നാടോടി കഥകളുടെയും വേരുകളെക്കുറിച്ച് 1859 ല്‍ തിയോഡര്‍ ബെന്ഫി രൂപംകൊടുത്ത സിദ്ധാന്തത്തെയാകമാനം പ്രചോദിപ്പിച്ചത് കലീലിയന് സാഹിത്യമാണ്.
നോവലിസ്റ്റ് ഡോറിസ് ലെസ്സിംഗ് റാംസെ വുഡിന്റെ Kalila and Demna: Fables of Friendship and Betrayal (1980) ന്റെ ആമുഖത്തില്‍ എഴുതി: 'ഈ വസ്തുതകളെക്കുറിച്ച് വിചിന്തനം നടത്തുന്നത്' പുസ്തകങ്ങളുടെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നതിലേക്കെത്തിക്കുന്നു. അത് ഓരോ കാലത്തെയും ജനങ്ങളെയും രാഷ്ട്രങ്ങളെയും പോലെ അനിശ്ചിതവും പ്രവചനാതീതവുമാണ്. പ്രായോഗികവും വിധി കല്പിതവുമല്ലാത്ത ഒരു കൃതിയെക്കുറിച്ചുള്ള വിചിത്രമായ ഒരു തമാശയാണിത്. സൗഭാഗ്യത്തിന്റെ തിരിച്ചുവരവ്, ഐശ്വര്യത്തിന്റെ മാറിമറയല്, സഭാപ്രസംഗഭാഷയില് പറയപ്പെടുന്ന 'ആത്മാവിന്റെ അസ്വസ്ഥത' എന്നിവയെ ലെസ്സിംഗ് നന്നായി വിവരിക്കുന്നുണ്ട്. കലീല വ ദിംന മുന്നോട്ടു വെക്കുന്ന സുപ്രധാന തീമുകളില്‍ ഒന്നാണിത്.
മറ്റെവിടെയും പോകാന്‍ കഴിയാതെ ഒരു രാത്രി വേശ്യാലയത്തില്‍ കഴിയാന്‍ നിര്‍ബന്ധിതനായ ഒരു സന്യാസിയെക്കുറിച്ച് നാം തുടക്കത്തില്‍ വായിച്ചു. അന്ന് അവിടത്തെ വേശ്യകളില്‍ ഒരുത്തി ഉപഭോക്താവുമായി പ്രണയത്തിലാവുകയും മറ്റുള്ളവരെ നിരസിക്കുകയും ചെയ്തു. ഇത് തന്റെ വരുമാനം നഷ്ടപ്പെടുത്തുമെന്ന് ആശങ്കപ്പെട്ട സ്ഥാപനത്തിന്റെ കൂട്ടിക്കൊടുപ്പുകാരി ആ വ്യക്തിക്ക് മദ്യം നല്കി മലദ്വാരത്തില്‍ ഒരു ഞാങ്ങണ ഉപയോഗിച്ച് വിഷം കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍, സത്യം മനസ്സിലാക്കിയ ഉപഭോക്താവ് ഉറക്കത്തില്‍ അധോവായു വിടുകയും കൂട്ടിക്കൊടുപ്പുകാരിയുടെ തൊണ്ടയിലേക്ക് ആ വിഷം തിരികെ വിടുകയും ചെയ്തു. അങ്ങനെ അവള് തല്‍ക്ഷണം കൊല്ലപ്പെട്ടു. തുടര്‍ന്ന് ആഖ്യാനത്തില്‍ ഇപ്രകാരം പറയുന്നു: 'സന്യാസി ഈ സംഭവങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നിരുന്നു'.
