വിശുദ്ധ മറിയവും ഇസ്ലാമും: വൈരുധ്യാത്മകാഖ്യാനത്തിന്റെ ആദ്യ ഭാഗം
ഇസ്ലാമിക ലോകത്തെ ഫിഗറേറ്റീവ് ഇമേജറികളോടുള്ള മനോഭാവത്തെക്കുറിച്ചുള്ള പൊതുവായ വാദങ്ങളില്‍ ഒന്നാണ് അവ പള്ളികളുടെയും ഖുര്‍ആനിക് മാനുസ്ക്രിപ്റ്റുകളുടെയും അലങ്കാരങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന ആശയം. ഈ വാദം പൂര്‍ണമായും ശരിയല്ല. ഇസ്ലാമില്‍ ചിത്രങ്ങളെക്കുറിച്ചുള്ള വിധികളില്‍(ഹറാം) ചില വിടുതികളുണ്ട്(exceptiosn). അനാതോലിയ (തുര്‍ക്കി) പോലുള്ള പശ്ചിമേഷ്യന്‍ ഇസ്ലാമിക മേഖലകളില്‍ ഫിഗറേറ്റീവ് ഇമേജുകള്‍ പല പള്ളികളുടെയും എക്സ്റ്റീരിയര്‍ ഡിസൈനുകളിലുള്ളതായി കാണാം. മാത്രവുമല്ല, മറ്റു പലയിടങ്ങളിലും ഇവ താലിസ്മാനുകളായും ഉപയോഗിക്കപ്പെട്ടിരുന്നു (1).
ഇടയ്ക്കെല്ലാം കണ്ണില്പെടാത്തത്ര ചെറുതായും വെജീറ്റല് ഡിസൈനുകള്‍(vegetal design)ക്കിടയിലായി നിമജ്ജിതമായതായും അവ പള്ളികളുടെ ഉള്‍വശങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെ, സ്പഷ്ടമല്ലാത്ത രൂപത്തില്‍ കുഞ്ഞു പക്ഷികള്‍ വെജീറ്റല് ഡിസൈനുകളില്‍ ആധുനിക പേര്‍ഷ്യന്‍ ലോകത്തെ ഖുര്‍ആനിക് മാനുസ്ക്രിപ്റ്റുകളുടെ ചിത്രപ്പണികളില്‍ ചേര്‍ന്നു വന്നതായും കാണാം (2).
എങ്കിലും, മനുഷ്യാകാരത്തിലുള്ള ചിത്രങ്ങള്‍ പള്ളിയലങ്കാരങ്ങളിലും വേദപുസ്തകങ്ങളിലും നന്നേ കുറവായിരുന്നുവെന്നത് വസ്തുതയാണ്. ഇന്നറിയപ്പെട്ടിട്ടുള്ള പല ഖുര്‍ആനിക് മാനുസ്ക്രിപ്റ്റുകളിലെയും ചിത്രങ്ങള്‍ പിന്നീടു വന്ന ഓറിയന്റലിസ്റ്റ് ആര്‍ട്ട് മാര്‍ക്കറ്റുകളുടെ സൃഷ്ടികളാണ് (3). ഈ വാദത്തിനുള്ള ഏക അപവാദം കിഴക്കന്‍ അനാതോലിയയില്നിന്ന് കണ്ടെടുക്കപ്പെട്ട, ഹി.1166 (1752/53CE) ലെ ഭാഗികമായ ഖുര്‍ആനിക് മാനുസ്ക്രിപ്റ്റ് മാത്രമാണ്. അതുതന്നെ ഒരു അര്‍മേനിയന്‍ ആര്ട്ടിസ്റ്റിന്റേതാണു താനും. ഇതിലെ പത്തൊമ്പതാം അധ്യായം സൂറതു മറിയമും ഉള്‍പ്പെടുന്നു. അവയിലെ ഓരോ പേജുകളുടെയും മാര്ജിനുകളിലായി ഒരുപാട് ക്രിസ്ത്യന്‍ ഫിഗറേറ്റീവ് ഇമേജുകള്‍ കാണപ്പെടുന്നത് ശ്രദ്ധേയമാണ് (4).
അറബെസ്ക്കുകളാല്(പുഷ്പലകാരേഖകള്) അലങ്കരിക്കപ്പെട്ട തലക്കെട്ടിനു മുകളില്‍, രണ്ടു മാലാഖമാര്‍ യാനപാത്രങ്ങളില്നിന്ന് വെള്ളം പൊഴിക്കുന്ന ചിത്രത്തോടെയാണ് അധ്യായം തുടങ്ങുന്നത് (ചിത്രം. 1). വലതുഭാഗത്തെ മാര്‍ജിനില്‍ തന്റെ പേരിനാല്‍ ലിഖിതമായ വാക്യങ്ങളെ മേരി ഭക്തിപുരസ്സരം നോക്കുന്നതായി കാണാം. ദിവ്യ വാക്കുകളുടെയും ചിത്രത്തിന്റെയും ഇടയിലെ ജീവിക്കുന്ന സന്ധിയായി, അവരുടെ കാര്ത്തവ്യത്തെ ഊന്നിപ്പറയും പോലെ മേരി അനാവരണം ചെയ്യപ്പെട്ടു കിടക്കുന്നു.
ഒരു ക്രിസ്ത്യന്‍ ഐകണിന് (മേരി) ഇസ്ലാമിക വേദഗ്രന്ഥവുമായുള്ള സാമീപ്യം പല വിശ്വാസികള്‍ക്കും നിസ്സംശയം മതനിഷ്ഠമല്ലാതെ തോന്നാം. എന്നിട്ടും, ഉഥ്മാനിയ്യ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയാന്തരങ്ങളില്‍ മഹത്തരമായ സംയോജനമെന്ന നിലയില്‍ ഈ സാമീപ്യം മാറ്റൊലി കൊള്ളുന്നു. മാത്രമല്ല, ഇസ്താംബൂളിലെ പുരാതന പള്ളിയായ ഹയാസോഫിയയുടെ (1453 ലെ ഇസ്ലാമിക സാമ്രാജ്യ വിജയത്തോടെയാണ് അത് ആദ്യമായി പള്ളിയായി മാറുന്നത്) മിഹ്റാബില്‍ വിശുദ്ധ മറിയത്തെ പറ്റി സൂചിപ്പിക്കുന്ന വരികള്‍ എഴുതപ്പെട്ടിട്ടുണ്ട് (5). ഇത് ഒമ്പതാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ആപ്സ് മൊസൈക്കുകളിലെ(apse mosaic ) മേരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളോടും (മൊസൈക്കുകളില്‍ ഈ ചിത്രമല്ലാത്തതെല്ലാം വൈറ്റ്വാഷ് ചെയ്യപ്പെട്ടിട്ടുണ്ട്) ഉഥ്മാനീ മിഹ്റാബുകളുടെ താഴെ തട്ടിലായി കാണപ്പെടുന്ന ശിലാലിഖിതങ്ങളോടും അനുരൂപമായൊരു ബന്ധം പുലര്‍ത്തുന്നുണ്ട്.
ഈ മൊസൈക്കിന്റെ സംരക്ഷണം, മക്കാവിജയ ദിനത്തിലെ പ്രവാചക പ്രവൃത്തിയെ അനുകരിച്ചുള്ളതാകാം. മക്കാവിജയ ദിനത്തില്‍ പ്രവാചകര്‍ എല്ലാ ബഹുദൈവാരാധനാലയങ്ങളിലെയും ചിത്രങ്ങളെ നശിപ്പിക്കാന്‍ കല്പ്പിച്ചിരുന്നു. എന്നാല്‍, കന്യാമറിയത്തിന്റെയും കുഞ്ഞിന്റെയും ചിത്രം നശിപ്പിക്കുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയെന്ന് മാത്രമല്ല, അതിനെ പ്രവാചകര്‍ സ്വന്തം കൈകള്‍കൊണ്ട് സംരക്ഷിക്കുക കൂടി ചെയ്തു (6).
ഈ വേഷപകര്ച്ചകളില് കന്യാമറിയം അവതരിപ്പിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ല. ദൈവത്വം അംഗീകരിക്കുന്നില്ലെങ്കിലും യേശുവിന് (ഈസാ അലൈഹിസ്സലാം) ഇസ്ലാമിലുള്ള സ്ഥാനം വലുതാണ്. അവരുടെ മാതാവെന്ന നിലയിലും മറ്റും മറിയമിന് ഇസ്ലാമില്‍ ഉന്നതമായ സ്ഥാനമാണ് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചരിത്രപരമായി, മറിയമിനോടുള്ള ഭക്തി മതത്തിന്റെ അതിരുകള്‍ വിട്ടുകടക്കുകവരെയുണ്ടായിട്ടുണ്ട്.
ഫ്രാന്‍സിലെ മദ്ധ്യകാല ദേവാലയമായ ലെ പൂയിയിലും(Le Puy) സ്പെയിന് മുതല്‍ സിറിയ വരെയുള്ള മേരീ ദേവാലയങ്ങളിലും മുസ്ലിം മതവിശ്വാസികള്‍തന്നെ ചിത്രങ്ങള്‍ക്കായി വില പേശിയത് നമ്മള് കേട്ടതാണ് (7). നേരെമറിച്ച്, വിശുദ്ധ മറിയം പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ മുസ്ലിം രാജഭരണങ്ങള്ക്കെതിരെയുള്ള ക്രിസ്ത്യന്‍ സൈനിക പടയോട്ടങ്ങളില്‍ അണിയ പ്രതിമപോല്‍ വര്‍ത്തിക്കുകയുണ്ടായി. ഏകദേശം 1150 മുതല്‍ 1500 വരെയുള്ള മുപ്പതോളം ഡോക്യുമെന്റുകളില്‍ പറയുന്നത് പ്രകാരം, സ്പെയിനിലെ ജുമുഅ പള്ളികള്‍ വിശുദ്ധ മറിയത്തിനായി സമര്‍പ്പിച്ച ക്രിസ്ത്യന്‍ പള്ളികളായി മാറ്റിക്കൊണ്ടായിരുന്നു ഓരോ പട്ടണങ്ങളുടെയും കീഴടക്കലുകള്‍ തുടര്‍ന്നു പോന്നത് (8). മിക്കവാറും ഇത്തരം മാറ്റങ്ങള്‍ മുസ്ലിംകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പ്രലോഭനപരമായി മതപരിവര്‍ത്തനം നടത്താനുള്ള ലക്ഷ്യത്തിലായിരുന്നു. ഇസ്ലാമില്‍ വിശുദ്ധ മറിയത്തിനുള്ള ഉന്നതസ്ഥാനം പലപ്പോഴായി സാഹിത്യ സൃഷ്ടികളിലായും അല്ലാതെയായും പലതവണ ചൂഷണം ചെയ്യപ്പെടുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ ക്ലാസിക്കുകളിലൊന്നായി ഗണിക്കപ്പെടുന്ന ഗൗറ്റിയര് ഡി കോയിന്സിയുടെ(Gautier de Coinci) 'മിറാക്ള്സ് ഡി നോസ്റ്റര്ഡാം'(Miracles de Nostre Dame) ഇതിനൊരുദാഹരണമാണ്. അതിന്റെ കഥാ പരിസരം വികസിക്കുന്നതു തന്നെ കന്യാമറിയത്തിന്റെ ചിത്രങ്ങളിലധിഷ്ഠിതമായിരുന്ന മതപരിവര്‍ത്തനത്തിനുള്ള പ്രാപ്തിയെയും, അത്ഭുത പ്രതിഭാസങ്ങളെയും ചുറ്റിപ്പറ്റിയാണ്. അതിലെ ഒരു കഥയില്‍ പറയുന്നതു പ്രകാരം, ഒരുപാട് മാനുസ്ക്രിപ്റ്റുകളില്‍ അവതീര്‍ണമായ മറിയത്തിന്റെ ചിത്രങ്ങളില്‍ പ്രലോഭിതനായി ഒരു മുസ്ലിം, ക്രിസ്തു മതത്തെ പുല്‍കിയെന്നാണ് (9).
ഒരു ക്രിസ്ത്യന്‍ ഐകണിന്റെ പ്രഭാവം മുസ്ലിംകളുടെ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ മാത്രം പര്യാപ്തമായിരുന്നു എന്ന ആശയം വിരോധാഭാസമായി തോന്നിയേക്കാം. പ്രത്യേകിച്ചും ചിത്രാരാധനയോട് കടുത്ത വിരോധം പുലര്‍ത്തുന്ന മതമെന്ന നിലയില്‍. മധ്യകാല ലാറ്റിന്‍ ടെക്സ്റ്റുകള്‍ പലതിലും ഇസ്ലാമിന് ചിത്രവുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കപ്പെട്ടിട്ടുള്ള പരാമര്‍ശങ്ങളോട് അടിസ്ഥാനപരമായൊരു അനൗചിത്യം പുലര്‍ത്തുക കൂടി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലികളെയും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്. അത്തരത്തില്‍ മുസ്ലിം പരിവര്‍ത്തന കഥകളില്‍ ഐകണിന്റെ (മേരി) ശക്തി വ്യാജാരാധനയില്നിന്നും വിഗ്രഹാരാധനയില്‍നിന്നും വ്യതിചലിച്ച് സത്യത്തിലേക്ക് എത്തിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമായിരുന്നു. ഒരു ക്രിസ്ത്യന്‍ ഐക്കണെന്ന നിലയില്‍ മറിയത്തിന്റെ സ്വാധീനത്തെ നമുക്ക് ഈയൊരു വെളിച്ചത്തില്‍ കാണാവുന്നതാണ് (10).
ഫിഗറേറ്റീവ് കലകളോടുള്ള മുസ്ലിംകളുടെ സമീപനത്തെക്കുറിച്ചുള്ള അവതരണങ്ങളിലെ പൊരുത്തക്കേടുകള്‍ ഇസ്ലാമിനെക്കുറിച്ച് അധികം പരാമര്‍ശിക്കപ്പെടാത്തതും ദൈവിക ചിത്രങ്ങളുടെ യഥാര്‍ഥ പ്രകൃതത്തോടും അവയുടെ പരിമിതികളോടുമുള്ള ക്രിസ്ത്യന്‍ ഉത്കണ്ഠകളെക്കുറിച്ച് ഒരുപാട് പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്നവയാണ്. ക്രിസ്തുമതത്തില്‍ 'ഐകണ്‍', 'ഐഡള്‍'(Idol) എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് മനസ്സിലാക്കാനാരംഭിക്കുന്നതുതന്നെ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് (പുനരുദ്ധാരണ കാലഘട്ടത്തിലെ അക്രമാസക്ത പ്രവണതകള്‍ക്ക് ഹേതുവായത് ചിത്രങ്ങളുടെ ആരാധനാ കാര്യങ്ങളിലേക്കുള്ള രംഗപ്രവേശനമാണ്). ഇത്തരം ഐകണ്‍-ഐഡള്‍ വേര്‍തിരിവുകളെക്കുറിച്ചുള്ള വാഗ്വാദങ്ങളിലെ പ്രായോഗിക ഫലം, 'മിറാക്ള്സ് ഡി നോസ്റ്റര്‍ ഡാമി'ലെ മുസ്ലിം പരിവര്‍ത്തന കഥയിലെ ചില ചിത്രങ്ങളില്‍നിന്നും മറ്റും വളരെ വ്യക്തമാണ്. മിറാക്ളിന്റെ ഒരുപാട് മാനുസ്ക്രിപ്റ്റുകളില്‍ മുസ്ലിംകളുടെ മതപരിവര്‍ത്തനത്തിന്റെ പ്രധാന ഘടകമായ മേരിയുടെ ചിത്രങ്ങളെ കറുപ്പിച്ചതായോ ചുരണ്ടിയതായോ മങ്ങിച്ചതായോ ആണ് കാണപ്പെടുന്നത് (11). പതിമൂന്നാം നൂറ്റാണ്ടിലെ ഒരു മാനുസ്ക്രിപ്റ്റില്‍, ഒരു മുസ്ലിം മാമോദീസയുടെ മുന്നോടിയായി മേരിയുടെ ചിത്രത്തിന് മുന്നില്‍ ഭക്തിപുരസ്സരം നില്ക്കുന്ന ചിത്രാലേഖനത്തില്നിന്ന് കന്യാമറിയത്തെ മുഴുവനായും വെട്ടിയെടുത്തതായി കാണാം (ഒഴിഞ്ഞ ഇടത്തെ നോക്കി വശീകരിക്കപ്പെട്ടവനായി ഭക്തിപുരസ്സരം ഇതേ മുസ്ലിം നില്‍ക്കുന്നത് ചിത്രത്തില്‍നിന്നും വ്യക്തമാണ്) (ചിത്രം. 2). ഇത്തരം ഭക്തിഭരിതമായ ചിത്രങ്ങളില്‍ ചിലതിനെ മാത്രം തിരഞ്ഞു പിടിച്ചുള്ള നിര്‍മാര്‍ജനം, പ്രൊട്ടസ്റ്റന്റുകളുടെ പുനരുദ്ധാരണ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരാനെ തരമുള്ളൂ. കാരണം ഇതേ സമയത്തു തന്നെയാണ് കന്യാമറിയത്തിന്റെ ചിത്രങ്ങള്‍ കോലാഹലങ്ങള്‍ക്ക് ഹേതുവായി മാറുന്നത്. ക്രിസ്ത്യന്‍ ചിത്രങ്ങളില്‍ ചെയ്തുവെച്ച ഇതുപോലുള്ള 'ശരിപ്പെടുത്തലുകള്‍', മുമ്പ് ഐക്കണോക്ലാസത്തിനുണ്ടായിരുന്ന നിയമങ്ങളെ പുനര്‍നിര്‍വചിക്കുക കൂടിയായിരുന്നു. മധ്യകാല എഴുത്തുകളിലെ ചെകുത്താന്റെയും മൂര്‍ത്തികളുടെയും ചിത്രങ്ങള്‍, അവ കണ്ടവരാലും ഉപയോഗിച്ചവരാലും പലപ്പോഴായും ചുരണ്ടലുകള്ക്കും മങ്ങലുകള്ക്കും വിധേയമാക്കപ്പെട്ടിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് (12).
___________________________________________________________________
(1) Flood 2006, pp. 143-66; Flood 2019¢, 92-3, fig. 19.
(2) See for example, Porter 2011 pp. 34-7.
(3) Gottheil 1931, pp. 21-4; Gruber 2010, pp. 143-4.
(4) Sotheby's, Fine Oriental Miniatures, Manuscripts and Qajar Paintings, London, Tuesday, April 4, 1978, 67, Lot 131. For a discussion, See Flood 2022 (forthcoming). ഈ മാനുസ്ക്രിപ്റ്റുകളിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചതിന് സന മിര്‍സയ്ക്ക് നന്ദി.
(5) Soucek 1998, p. 39.
(6) Necipoglu 1992, pp. 218-9; King 2002, pp. 91-122. അതുപോലെ, മോറിസ്കോസ്(കത്തോലിക്കാ മതം സ്വീകരിച്ച മുസ്ലിംകള്) 1568 ല്‍ അല്‍മേരിയയിലും ഗ്രാനഡയിലും നടത്തിയ കലാപത്തില്‍ അപ്പോസ്തലന്മാരുടെയും വിശുദ്ധരുടെയും നിരവധി ചിത്രങ്ങള്‍ വികൃതമാക്കപ്പെടുകയുണ്ടായി. എന്നാല്‍, കന്യാമറിയത്തിന്റെ ചിത്രത്തെ നശിപ്പിച്ചില്ല: See Pereda 2007, pp. 339-56, csp.p-355.
(7) Denomy 1953, pp. 149-50; Remennsyder 2014, pp. 157-60, 175-205. ഇത്തരം സമ്പ്രദായങ്ങള്‍ മറ്റു സന്ദര്‍ഭങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: പതിനഞ്ചാം നൂറ്റാണ്ടില്‍, ഒരു തുര്‍ക്കിഷ് പാഷ, തന്റെ സ്വദേശത്തേക്ക് സുരക്ഷിതമായി മടങ്ങിവരാന്‍ വേണ്ടി ഫ്ലോറന്‍സിലെ അന്നന്സിയാറ്റയിലെ മഡോണക്കായി ഒരു മെഴുകുപ്രതിമയെ നേര്ച്ചയാക്കിയതായി കാണാം: Warburg 1932, p. 118.
(8) Remennsyder 2000, pp. 195-206, and Appendix.
(9) De Coincy 1966-70, vol. 3: 23-6; Russakoff 2006, pp.344~6. അല്‍ഫോന്‍സോ എക്സിന്റെ (ഡി. 1284) Cantigas de Santa Maria (വിശുദ്ധ മറിയത്തിനുള്ള സ്തുതി ഗീതങ്ങള്‍)ല്‍ സമാനമായ ഒരു രൂപം കാണാം, ഇത് ഖുര്‍ആനിന്റെ 19-ാം അധ്യായത്തില്‍ കന്യാമറിയത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. cantiga 46-ല്‍, ഒരു മുസ്ലിമിന് കൊള്ള മുതലായി ലഭിച്ച മേരിയുടെ ഐകണിനെ അയാള്‍ പൂജിക്കുന്നു: Mettmann 1959-72, vol. 1, Cantiga 46.
(10) Tolan 1999, pp. 97-117; Tolan 2002. For an extended discussion of this paradox and its historical implications, See Flood 2022 (forthcoming), ch. 1.
(11) Russakoff 2006, pp. 192-3, 218-9. ഇതേ രംഗത്തിന്റെ മറ്റൊരു അവതരണത്തില്‍ (Arsenal 3527, fol. 140v), മുസ്ലിം കൈവശം വച്ചിരുന്ന മേരിയുടെ ഐകണിന്റെ ഉപരിതലം കറുത്ത ചായം പൂശപ്പെട്ടതായി കാണാം. For selective excision as a form of Protestant critiquesee Barber & Boldrick 2013, p. 83, fig. §6. On Protestant opposition to Marian images, See Tappolet 1962; Koerner 2003, p. 84.
(12) Camille 1998, pp.139-54.
വിവ: മുഹമ്മദ് ഫഹീം
