ഭാഗം 1
മഹാമാരിക്കാലത്തോടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വാക്കുകളിലൊന്നായി മാറിയിരിക്കുന്നു പി.പി.ഇ കിറ്റ് (പേര്‍സണല്‍ പ്രൊടക്ടീവ് എക്യുപ്മെന്റ്). സാംക്രമിക രോഗങ്ങള്‍ക്കെതിരെ മുന്നിരപോരാട്ടം നടത്തുമ്പോള്‍ ആത്മസംരക്ഷണാര്‍ഥം ഡോക്ടര്‍മാരും നഴ്സുമാരും പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നത് പതിവാണ്. കോവിഡ് കാലയളവില്‍ അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തില്‍ അവര്‍ നന്നേ ബുദ്ധിമുട്ടിയപ്പോള്‍ യുദ്ധക്കളത്തിലെ പടയങ്കിപോലെ പി.പി.ഇ കിറ്റ് അതുല്യമായി അവതരിച്ചു. കോവിഡിന് ശേഷവും സ്വയം സംരക്ഷിക്കുന്നതിനു വേണ്ടി ഡോക്ടര്‍മാരും നഴ്സുമാരും അവ സ്ഥിരമായ വസ്ത്രധാരണരീതിയാക്കി മാറ്റുക കൂടിയുണ്ടായി.
ഖുര്‍ആനിക സൂക്തങ്ങളും പ്രാര്‍ഥനകളും ഉല്ലേഖിതമായ 17 ാം നൂറ്റാണ്ടിലെ ഒരു ഉഥ്മാനീ താലിസ്മാന്‍ കുപ്പായം ,The Khalili Collections, TXT 545.
കൗതുകമെന്നോണം, പ്ലേഗ് രോഗത്തിന് അറബി ഭാഷയില്‍ 'ഥ്വാഊന്' എന്ന പദമാണ് ഉപയോഗിക്കുന്നത്. അതിന്റെ ഉത്ഭവമാകട്ടെ, തുളക്കുക, കുത്തുക, അടിച്ചു വീഴ്ത്തുക എന്നിങ്ങനെ അര്‍ഥമാക്കുന്ന യുദ്ധസംബന്ധിയായ 'ഥ്വഅന' എന്ന വാക്കില്‍നിന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അണുസിദ്ധാന്തത്തിന്റെ അവതരണത്തിന് മുമ്പുവരെ, ശൈഥ്വാനെറിയുന്ന അദൃശ്യ അമ്പുകള്‍ തുളച്ചു കയറുന്നതുമൂലമാണ് രോഗങ്ങള്‍ മനുഷ്യ ശരീരങ്ങളിലേക്ക് പടരുന്നതെന്നാണ് മുസ്ലിംനാടുകളില്‍ കരുതപ്പെട്ടിരുന്നത്.
ഇത്തരം അക്രമങ്ങളില്‍നിന്ന് രക്ഷ നേടുന്നതിന് മുസ്ലിംകള് (പ്രത്യേകിച്ച് കുലീനവിഭാഗങ്ങള്) താലിസ്മാനിക് കുപ്പായങ്ങള്‍ ധരിക്കാനാരംഭിച്ചു. അഥവാ, അക്കാലത്തെ ഇസ്ലാമിക് പി.പി.ഇ കിറ്റ്. ഇത്തരം വസ്ത്രങ്ങളില്‍ വ്യത്യസ്തമായ ലിഖിതങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. 1450-1500 വര്‍ഷങ്ങള്‍ക്കിടയിലായി നെയ്തെടുക്കപ്പെട്ടിരിക്കുന്നതെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം കുപ്പായങ്ങളില്‍ ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടുള്ളതായി കാണാവുന്നതാണ്. വസ്ത്രാലങ്കാരങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന രീതികളില്‍ നിന്നു വ്യത്യസ്തമായി, തുന്നലുകള്‍ക്കും എംബ്രോയ്ഡറി വര്‍ക്കുകള്‍ക്കും പകരം കോട്ടണ്‍ തുണികള്‍ക്കു മേലെ കാലിഗ്രഫി എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള രീതിയിലാണ് ഇവ കാണപ്പെടുന്നത്. ഇവ ഒരേസമയം രക്ഷാകവചമായ ചമയവസ്ത്രങ്ങളായും മനുഷ്യശരീരത്തിന്റെ സംരക്ഷണകവചമായും മാറുന്നു.ഈ കുപ്പായങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഒന്നൊന്നായി നിരയൊപ്പിച്ച് സുന്ദരമായി കോറിയിട്ടതായി കാണാം. അതോടെ അവകള്‍ തുണിത്തരങ്ങള്ക്കിടയിലെ ജപമാലയായി മാറുന്നു. ചരടറ്റത്തു പിടിപ്പിക്കുന്ന ലോഹത്തകിടുകളെയാണ് ഇവ ഓര്‍മിപ്പിക്കുന്നത്. മാറുവളയങ്ങള് (pectoral roundels), ഷോള്‍ഡര്‍ പാഡുകള്‍, മാറുമടക്കിന്റെ ആകൃതിയിലുള്ള തൊങ്ങലുകള് എന്നിവ ഇവയുടെ പടയങ്കിയാവിഷ്കാരത്തിന് മാറ്റുകൂട്ടുന്നു. അതിനുമപ്പുറം, അല്ലാഹുവാണ് ഏറ്റവും വലിയ സംരക്ഷകന്‍, കാരുണ്യവാനും കരുണാവാരിധിയും അവന്‍തന്നെ എന്ന സംരക്ഷണത്തിലൂന്നിയ ഖുര്‍ആനിക വചനം കോറിയിടുന്നതോടുകൂടി ഈ വസ്ത്രങ്ങള്‍ സംരക്ഷണത്തിന്റെ സര്‍വ പരിവേശവും ആര്‍ജ്ജിച്ചെടുക്കുന്നു. ഇതിലൂടെ ആത്മീയമായ ഒരു അംഗരക്ഷകന്റെ ചുമതലയും താലിസ്മാന്‍ വസ്ത്രങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
ഖുര്‍ആന്‍ മുഴുവനായി എഴുതിച്ചേര്ക്കപ്പട്ട പതിനഞ്ചോ പതിനാറോ നൂറ്റാണ്ടിലെ ഇന്ത്യന്‍ താലിസ്മാന്‍ കുപ്പായം , Metropolitan Museum of Art, New York City,1998.199.
മുമ്പ് സൂചിപ്പിച്ചതുപോലെ, വസ്ത്രങ്ങള്‍ക്കുമീതെ പ്രസ്തുത ഖുര്‍ആനിക വചനങ്ങള്‍ മഷി കൊണ്ടാണെഴുതിപ്പിടിപ്പിക്കുക. ഇക്കാരണത്താല്‍തന്നെ വെള്ളമോ, മറ്റു ശാരീരിക കാരണങ്ങളോ പ്രസ്തുത മഷി നഷ്ടപ്പെട്ടു പോകാന്‍ കാരണമാവാറുണ്ട്. പൂര്‍ണമായ കേടുപാടുകള്‍ സംഭവിക്കാത്ത ഒരുപാട് താലിസ്മാന്‍ ഷര്‍ട്ടുകള്‍ ലഭ്യമാണെങ്കിലും മിക്കതിലും അത് ധരിച്ചതിന്റെയും കീറിയതിന്റെയും ഒരുപാട് അടയാളങ്ങള്‍ കാണാം. അവയില്‍ കാപ്പിയുടെ അടയാളങ്ങളുള്ളവയും കക്ഷത്തില്‍നിന്ന് അഴുക്കു പുരണ്ടവയുമുണ്ട്. ഇത്തരം കേടുപാടുകള്‍ അവ ധരിച്ചിരുന്നു എന്ന വാസ്തവത്തെ സ്ഥിരീകരിക്കുന്നു. ഈ അടയാളങ്ങളെ, നുരുമ്പിപ്പോയവയെന്നതിനപ്പുറം ശരീരങ്ങളിലേക്ക് ദൈവികത അലിഞ്ഞുചേര്‍ന്നതിന്റെ തെളിവായാണ് മനസ്സിലാക്കേണ്ടത്. താലിസ്മാന്‍ ബൗളുകളിലെ ബറകതാക്കപ്പെട്ട വെള്ളത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഇത്തരം അലിഞ്ഞുചേരലുകള് മനുഷ്യന്റെ മജ്ജയിലേക്കും ആത്മാവിലേക്കും ആഴ്ന്നിറങ്ങുന്നു. അവയില്‍ അവന് അവന് തന്നെയായി അലയുന്നു.
മുന്‍കാല താലിസ്മാന്‍ ഷര്‍ട്ട് മുതല്‍ നിലവിലെ പി.പി.ഇ കിറ്റ് വരെയുള്ള സംരക്ഷണ കവചങ്ങള്‍, വൈദ്യമണ്ഡലങ്ങളില് കാലാ കാലങ്ങളായി നിലനില്‍ക്കുന്ന ആത്മരക്ഷയുടെ രൂപഭേതങ്ങള് മാത്രമാണ്. ഇസ്ലാമിക സംരക്ഷണ കലകളില്‍ (The Protective Arts of Healing) താലിസ്മാന്‍ ഷര്‍ട്ടുകള്‍ ഒരാളുടെ ശാരീരിക ക്ഷമതയോടൊപ്പം ആത്മീയ ചിന്താധാരയെ കൂടി അനുഭാവനം ചെയ്യുന്നുണ്ട്. ഇതിന് ട്രയല്‍ ടെസ്റ്റുകളുടെയോ പാറ്റന്റ് അപ്പ്രൂവലുകളുടെയോ ആവശ്യം വരുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതായത്, ഇവിടെ പരിഗണിക്കുന്നത് ലൗകികതയോ ശാരീരിക ക്ഷമതയോ അല്ല. മറിച്ച്, ആത്മീയതയാല്‍ നാഥനില്‍ സര്‍വം ഭരമേല്‍പ്പിച്ചുള്ള തവക്കുലിലധിഷ്ടിതമായ ശമനപ്രക്രിയയെയാണ്.
ആത്യന്തികമായി, എല്ലാം അല്ലാഹുവിലേക്ക് സമര്‍പ്പിക്കുന്നതിലൂടെ സര്‍വ അസുഖങ്ങളെയും -പകര്‍ച്ചാവ്യാധികളെ പോലും- അവ ചെറുത്തുകളയുന്നു.
സന്തുലിതാവസ്ഥ സൃഷ്ടടിച്ചെടുക്കല്
ഇസ്ലാമിക സംരക്ഷണ കലകള്‍ (The Protective Arts of Healing), ദൃഷ്ടാന്തങ്ങളിലൂടെ സാങ്കല്പികവും പ്രത്യോല്പന്നമതിയുമായ മനുഷ്യമനസ്സിനെ സംരക്ഷണത്തിലേക്ക് വഴി നടത്തിക്കുകയാണ് ചെയ്യുന്നത്. മന്ത്രത്തകിട് മുതല്‍ ഷര്‍ട്ട് വരെയുള്ളവ അമാനുഷികവും ശാസ്ത്രീയോല്പന്നങ്ങള്ക്ക് പകരമാവാന്‍ കഴിയാത്തതുമായ വസ്തുക്കള്‍ ആത്മീയതയില്‍ പൊതിഞ്ഞ് കൂടുതല്‍ ചെറുത്തുനില്‍പ്പിനുള്ള കളമൊരുക്കി കൊടുക്കുന്നുണ്ട്. രോഗസമയങ്ങളില്, പ്രത്യേകിച്ചും സാംക്രമിക രോഗ വേളകളില്‍ ഒരോരുത്തരും ഇവകളെ ശാന്തി നല്കുന്ന ഔഷധങ്ങളായി കണക്കാക്കുന്നു. ഈയവസരങ്ങളില്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിന് യുക്തിപരമായി അനാവരണം ചെയ്യാന്‍ കഴിയാത്ത ഒരു പ്രതിഭാസമായി ഇവ മനസ്സിലും ശരീരത്തിലും പലപ്പോഴും ഒരു പ്ലെസിബോ ഇഫക്ടിനെ (രോഗിയുടെ തൃപ്തിക്കുവേണ്ടി നല്കുന്ന ഔഷധം) പോലെ സ്വാധീനം ചെലുത്തുന്നു.

കക്ഷഭാഗത്ത് വിയര്‍പ്പിന്റെ അടയാളങ്ങള്‍ പതിഞ്ഞ പതിനഞ്ചോ പതിനാറോ നൂറ്റാണ്ടിലെ ഇന്ത്യന്‍ താലിസ്മാന്‍ കുപ്പായം, Victoria and Albert Museum, London, T.59-1935. Photograph by author.
ഭക്തിയിലേക്ക് തിരിയുക എന്നത് രോഗം ശമിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ്. 'ഒരു വലിയ പകര്‍ച്ചാവ്യാധിയെ അഭിമുഖീകരിക്കുമ്പോള്‍ ആളുകള്‍ എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശിക്കുന്ന ഒരേയൊരു തത്വമായിരുന്നില്ല അത്' (അയലോണ്‍, 184). മറ്റു പല വിവരണങ്ങളിലും വിവിധ ഔഷധതൈലങ്ങളും പകര്‍ച്ചവ്യാധികളുടെ വ്യാപനം ഫലപ്രദമായി കുറക്കുന്ന നിയന്ത്രണതന്ത്രങ്ങളും പൂര്‍വികര്‍ ഉപയോഗിച്ചരുന്നതായി കാണാം. അതിനാല്‍, ശാസ്ത്രവും ഭക്തിയും പരസ്പരം വിരുദ്ധ പക്ഷം പിടിക്കുന്നതിനു പകരം പരസ്പരം ശക്തിപ്പെടുത്തുകയാണ്. നൂറ്റാണ്ടുകളായി, ഫലങ്ങള്‍ ഇരട്ടിയാക്കുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ വിശ്വാസത്തിന്റെയും പ്രായോഗികതയുടെയും മേഖലകളിലേക്ക് ഒരുപോലെ തിരിഞ്ഞിരിക്കുന്നതായി കാണാം.
വിവ: മുഹമ്മദ് ഫഹീം
Source: ajammc.com
