രണ്ടാം ലോകമഹായുദ്ധാവസാനത്തോടെ ആരംഭം കുറിക്കുന്ന ഫലസ്ഥീന് പോരാട്ട രചനകളില്‍ അവഗണന നേരിടേണ്ടിവന്ന ഒരു ഭാഗമായിരുന്നു ഗസ്സാ മുനമ്പിലെ ജീവിതവും ദുരൂഹതയും. ഈ വിടവിനെ നികത്തുന്നതാണ് അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ നോര്മാന് ഗാരി ഫിംഗല്സ്റ്റൈന്റെ ഗവേഷണ പ്രബന്ധമായ ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്സ് മാര്ട്ടിഡീ. ഫലസ്ഥീനുമായി ബന്ധപ്പെട്ട രചനകളില്‍ ഖുദ്സും അതുമായി ബന്ധപ്പെട്ട ചരിത്രപശ്ചാത്തലങ്ങളും വ്യക്തമായ ആധിപത്യം നിലനിര്‍ത്തുമ്പോള്‍ ഇസ്രായേലി അധിനിവേശങ്ങളുടെയും സൈനിക നീക്കത്തിന്റെയും ഗസ്സാമുനമ്പില് തീര്‍ത്ത രക്തപ്പാടുകളെ തുറന്നു കാണിക്കുന്ന നോര്‍മാന്റെ ഗവേഷണം ഏറെ ശ്രദ്ധേയമാണ്.
നോര്മാന് ഗാരി ഫിംഗല്സ്റ്റൈന് മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിരന്തരമായി വിലയിരുത്തിയും വിമര്‍ശിച്ചും ശ്രദ്ധേയനായ എഴുത്തുകാരനാണ്. ഹോളോകാസ്റ്റ് കൂട്ടക്കുരുതിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ താമസമാക്കിയ രണ്ട് ജൂത ദമ്പതികളുടെ മകനാണദ്ദേഹം. ഒരു ജൂതനായിട്ടു പോലും ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ നിഷ്പക്ഷമായി, കൃത്യമായ തെളിവിന്റെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വരച്ചു കാണിക്കാനാവുന്നു. കടുത്ത ഇസ്രയേലി വിരുദ്ധത പ്രകടമാക്കിയതു മൂലം നോര്‍മാനെ 2008 ല്‍ ഇസ്രയേലി ഭരണകൂടം രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു.
ഹോളോകാസ്റ്റ് ഇന്‍ഡസ്ട്രി എന്ന തന്റെ മറ്റൊരു ഗവേഷണ പ്രബന്ധത്തിലൂടെ ഇസ്രയേലിനെയും അതിന്റെ രൂപീകരണത്തിന് സഹായകമായ ഹോളോകാസ്റ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട അനുകൂല വികാരത്തെയും ആശയപരമായും പ്രത്യയശാസ്ത്രപരമായും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 1996 ല്‍ നോര്മാന് അധിനിവിഷ്ട വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ചതിന്റെ ഭാഗമായി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ഫലസ്ഥീന്: എ പേഴ്സണല്‍ അക്കൗണ്ട് ഓഫ് ദി ഇന്തിഫാദാ ഇയേഴ്സ് എന്ന കൃതി രചിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ നിഷ്ഠൂരതകളെ വസ്തുനിഷ്ഠമായി പ്രദിപാതിക്കുന്ന ഗ്രന്ഥമാണിത്.
2004-2014 കാലഘട്ടത്തിനിടക്ക് ഗസ്സാ മുനമ്പില്‍ ഏഴോളം സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ നടത്തിയിരുന്നു. ഈ അക്രമണങ്ങളിലെല്ലാം സംഭവിച്ച നാശനഷ്ടങ്ങളുടെയും ആള്‍നാശത്തിന്റെയും ഔദ്യോഗിക കണക്കുകളെ അപനിര്മിച്ചുള്ള കണക്കുകളാണ് നോര്മാന് ഫിംഗല്സ്റ്റൈന് ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്സ് മാര്ട്ടിഡത്തില് രേഖപ്പെടുത്തുന്നത്. ഇസ്രയേല്‍ അധിനിവേശ സേനയുടെ ഉപരോധത്തില്‍ കഴിഞ്ഞ് കാരാഗൃഹമായിത്തീര്ന്ന ഗസ്സ മുനമ്പില്‍നിന്നു വരുന്ന വാര്‍ത്തകളിലെ ഭരണകൂട താല്പര്യങ്ങളെ നോര്മാന് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 2014 ലെ നാല്പത് ദിവസം നീണ്ട പ്രൊട്ടക്റ്റീവ് എഡ്ജ് സൈനിക നീക്കത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും യുണൈറ്റഡ് നേഷന്‍സിന്റെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെയും നാശനഷ്ട കണക്കുകളും വിശദീകരണങ്ങളും പൂര്‍ണമായി നിരാകരിച്ചു കൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിലൂടെ ലോക സമക്ഷം സമര്‍പ്പിച്ചത്. ഈ സൈനിക നീക്കത്തെ ഹമാസിനെതിരെയുള്ള 'നിയമദത്തമായ' നീക്കമെന്ന രൂപത്തില്‍ ചിത്രീകരിച്ച ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം ശക്തമായി വിരല്‍ ചൂണ്ടുന്നുമുണ്ട്.
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന്റെ പ്രോസിക്യൂട്ടറായിരുന്ന ലൂയിസ് മൊറെനോ നടത്തിയ ഒരു വ്യാജ പ്രസ്താവന നോര്മാന് ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. 2014 ലെ ഓപ്പറേഷന് പ്രൊട്ടക്റ്റീവ് എഡ്ജ് ഏറെ സങ്കീര്‍ണമായിരുന്നുവെന്നാണ് മൊറെനോ അഭിപ്രായപ്പെട്ടത്. അഥവാ, ഹമാസിനെതിരായിരുന്നു അത്തരമൊരു നീക്കം. സാധാരണ ജനങ്ങളെ അക്രമിക്കാനുള്ള ഒരു പദ്ധതിയും ഇസ്രയേല്‍ സേനക്കില്ലായിരുന്നു. അത് അവിചാരിതമായ ചില സാഹചര്യങ്ങള്‍ മൂലം ചെയ്യേണ്ടിവന്നതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്നു വ്യക്തമാവുന്നത്. മാത്രവുമല്ല, ഹമാസ് 'ഭീകരര്‍'ക്കെതിരെ സൈനിക നീക്കം നടത്തിയ ഇസ്രയേല്‍ എല്ലാവിധ പ്രശംസയുമര്ഹിക്കുന്നുവെന്നു വരെ മൊറെനോ പറഞ്ഞതായി ഈ ഗ്രന്ഥത്തില്‍ കാണാനാവുന്നു.
എഴുത്തുകാര്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്നത് സമകാലിക സാഹചര്യത്തില്‍ തെല്ലും അപരിചിതമായ ഒന്നല്ല. എന്നാല്‍, അതില്‍നിന്നൊക്കെ തികച്ചും വ്യതിരിക്തമായി, യാതൊരുവിധ സമ്മര്‍ദങ്ങള്‍ക്കോ ആക്ഷേപങ്ങള്ക്കോ വിധേയപ്പെടാത്ത ശക്തിയുക്തമായ തന്റെ രചനകളാണ് ജൂത വംശജനായ നോര്മാന് ഫിംഗല്സ്റ്റൈനെ വ്യത്യസ്തനാക്കുന്നത്. ചിന്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അദ്ദേഹം മൂന്ന് വ്യത്യസ്ത കൃതികളിലായി ഇസ്രയേലിന്റെ കൊടുംക്രൂരതയെയും അതിനു പാത്രമായ ഫലസ്ഥീന് ജനതയെയും വ്യക്തമായി വിശകലനം ചെയ്ത പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റ് കൂടിയാണ്. നോര്‍മാന്റെ രചനകളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ചതാണ് 2018 ല്‍ പുറത്തിറങ്ങിയ ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്സ് മാര്ട്ടിഡീ. സാമ്രാജ്യത്വ താല്പര്യങ്ങളെയും മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിച്ച ഗ്രന്ഥം. ചില പൊതുധാരാ വാര്‍ത്താമാധ്യമങ്ങള്‍ വഴി ലോകം അകത്തൂട്ടുന്ന വ്യാജ വിവരങ്ങളിലെ നിരര്ഥകതയെ വരച്ചുകാണിച്ച മാതൃകാപരമായ കൃതി.
DEC 06, 2025•2 Min Read1 Views
'ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്സ് മാര്‍'ിഡം': ഇസ്രയേല്‍ ഭീകരതയെ തുറുകാ'ിയ മാതൃകാ ഗ്രന്ഥം
ഒരു ജൂതനായിട്ടുപോലും ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ നിഷ്പക്ഷമായി, കൃത്യമായ തെളിവുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വരച്ചു കാണിക്കാനാവുന്നു. കടുത്ത ഇസ്രയേല്‍ വിരുദ്ധത പ്രകടമാക്കിയതു മൂലം നോര്‍മാനെ 2008 ല്‍ ഇസ്രയേലി ഭരണകൂടം രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു.
