സുഗന്ധ ഉപഭോഗത്തിന് മനുഷ്യ നാഗരികതയുമായി സഹസ്രാബ്ദങ്ങളുടെ ബന്ധമാണുള്ളത്. പ്രാചീന കാലം മുതല്‍തന്നെ ആത്മീയത, ചികിത്സ, സംസ്കാരം തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട പല തലങ്ങളിലും സുഗന്ധം തനതായ സ്വാധീനം ചെലുത്തിയിരുന്നു. ഈയൊരു ബന്ധം ഊഷ്മളമായി മുന്നോട്ടു പോയതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അവയില്‍ സ്ഥായിയായ ഒന്നായിരുന്നു മതത്തിന്റെ സ്വാധീനം. മതത്തെ അത്രമേല്‍ പരിഗണിച്ചവരായിരുന്നു ഓരോ സമൂഹവും. മതത്തിന്റെ ഭാഗമായിത്തന്നെ സൗന്ദര്യത്തെയും സുഗന്ധത്തെയും ജീവിതശുദ്ധിയെയും ഇസ്ലാം പ്രോത്സാഹിപ്പിച്ചു. സ്വര്‍ഗത്തിന്റെ ഭംഗിയെക്കുറിച്ചും ഭൂമിയിലെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും ഒരുപാട് സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. സൂറത്തുല്മുഥഫ്ഫിഫീനില് അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്തന്നെയായിരിക്കും. സോഫകളിലിരുന്ന് അവര്‍ എല്ലാം നോക്കിക്കാണുന്നവരായിരിക്കും അവരുടെ മുഖത്തില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്ക് കണ്ടറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമദ്യം അവര്‍ക്ക് പാനം ചെയ്യിക്കപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനാണ് മത്സരിക്കേണ്ടത്.' (22: 26).
ക്രിസ്തുമതത്തിലും ഇത്തരം സങ്കല്പങ്ങള് കാണാനാകും. പുറപ്പാട് പുസ്തകത്തിലെ മുപ്പതാം അധ്യായത്തില്‍ പറയുന്നതിങ്ങനെയാണ്: 'കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്ഗുലു, കുന്തിരിക്കം എന്നീ സുഗന്ധദ്രവ്യങ്ങളെല്ലാം ഒരേ തോതില്‍ എടുക്കുക. സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യങ്ങളുണ്ടാക്കുക.' (34: 35). ഇതുപോലെ അനവധി പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളിലും കാണാനാകും. മതങ്ങള്‍ മാത്രമല്ല, ഓരോ കാലത്തും ഉയര്‍ന്നുവന്ന സംസ്കാരങ്ങളും സുഗന്ധവുമായുള്ള ഈയൊരു ബന്ധം നിലനിര്‍ത്തിയിരുന്നു. ഓരോ കാലവും ജനപഥങ്ങള്‍ സുഗന്ധമംശം ആസ്വദിച്ചുപോന്നിരുന്നുവെന്ന് വ്യക്തം.
പുരാതന ഈജിപ്തിലും മെസൊപ്പൊട്ടേമിയയിലുമാണ് സുഗന്ധം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. പൂക്കളും കുറ്റിച്ചെടികളും ചേര്‍ത്ത് ഈജിപ്തുകാരുണ്ടാക്കിയിരുന്ന സുഗന്ധതൈലങ്ങള്‍ പുരാതന കാലത്ത് വ്യാപകമായി പ്രഹരിച്ചിരുന്നു. കാലക്രമേണ ഈ തൈലങ്ങളുടെ രൂപവും ഗന്ധവും വര്‍ണവുമെല്ലാം മാറിവന്നു.
സുഗന്ധനിര്മാണത്തെക്കുറിച്ചുള്ള ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വിവരണം പ്രസിദ്ധ മുസ്ലിം ശാസ്ത്രജ്ഞന് ഇബ്നു ബൈത്താറിന്റേതാണെന്നാണ് അനുമാനിക്കപ്പെടുന്നത്. അതിനുശേഷമാണ് ഇബ്നു സീന സുഗന്ധം വാറ്റിയെടുക്കുന്ന രീതി (Distillation) പരിചയപ്പെടുത്തുന്നത്. പനിനീര്‍പൂവ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണം. ഹൃദ്രോഗം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്ന് കണ്ടുപിടിക്കാനെന്ന ലക്ഷ്യത്തിലാണദ്ദേഹം പിന്നീട് പല സുഗന്ധപുഷ്പങ്ങളിലും ഈ പരീക്ഷണം നടത്തിയത്. ഇങ്ങനെയുണ്ടാക്കിയ തൈലങ്ങളോടൊപ്പം മറ്റു ചില കൂട്ടുകളും ചേര്‍ത്ത് അദ്ദേഹം അവയെ മരുന്നാക്കി മാറ്റി. സുഗന്ധവാസനയിലൂടെ രോഗശമനം തേടിയിരുന്ന ചികിത്സാ പാരമ്പര്യത്തെയും നമുക്കിതിലൂടെ വായിച്ചെടുക്കാം. കാലാന്തരങ്ങളില്‍ പെര്ഫ്യൂമെറി പല വകഭേദങ്ങളും മാറ്റങ്ങളും സ്വീകരിച്ചിരുന്നു.
ആധുനിക സുഗന്ധവസ്തുക്കളുടെ പിതാവായി അധിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് മുസ്ലിം ഫിലോസഫറും കെമിസ്റ്റുമായിരുന്ന അല്കിന്ദിയെയാണ്. പെര്ഫ്യൂമിനെയും അതിന്റെ നിര്മാണരീതിയെയുംമാത്രം ചര്‍ച്ച ചെയ്യുന്ന 'ദി കെമിസ്റ്ററി ഓഫ് പെര്‍ഫ്യൂം ആന്‍ഡ് ഡിസ്റ്റലേഷന്' എന്ന ഒരു ഗ്രന്ഥംതന്നെ അദ്ദേഹത്തിനുണ്ട്. ഈ ഗ്രന്ഥത്തില്‍ പെര്‍ഫ്യൂം നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്തേണ്ട നൂറോളം രീതികളും രൂപങ്ങളും അദ്ദേഹം നിര്‍ദേശിക്കുന്നു.
പെര്ഫ്യൂമെറി നിര്‍മാണ കലയ്ക്ക് ലോകത്തുടനീളം വലിയ സ്വാധീനമുണ്ടായിരുന്നു. സുഗന്ധ നിര്‍മാണ മേഖലയില്‍ നൂതന പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നിലവില്‍വന്നു. ഓരോ ഭൂപ്രദേശക്കാരും തങ്ങളുടെ സംസ്കാരത്തിന്റെ ഘടകമായിത്തന്നെ പെര്‍ഫ്യൂമിനെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പശ്ചിമേഷ്യന്‍ നാടുകളായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. പശ്ചമേഷ്യന്‍ സംസ്കാരത്തിന്റെയും നിത്യാചാരത്തിന്റെയും അരികുചേര്‍ന്ന് പുതിയൊരു 'സുഗന്ധസംസ്കാരം' തന്നെ രൂപമെടുത്തു. ഈ വിശേഷപ്പെട്ട സംസ്കാരത്തിന്റെ മാധുര്യം വാസനിച്ചും ആസ്വദിച്ചും മധ്യപൂര്‍വേഷ്യന്‍ മതപാരമ്പര്യവും ആചാരങ്ങളും വളര്‍ന്നു പന്തലിക്കുകയും ചെയ്തു.
സുഗന്ധകൂട്ടുകള്‍
പാശ്ചാത്യന്‍ നാടുകളിലേതുപോലെ ആല്‍ക്കഹോളിന് മിഡില്‍ ഈസ്റ്റ് പെര്‍ഫ്യൂമുകളില്‍ ഇടമില്ല. ആല്ക്കഹോളിനുമേലുള്ള മതത്തിന്റെ വിരോധമാകാം ഇതിനു കാരണം. സുഗന്ധവ്യഞ്ജനങ്ങള്‍, പുഷ്പങ്ങള്‍, മരച്ചെടികള്‍ തുടങ്ങിയവയെ സ്വാംശീകരിച്ച് പുറത്തെടുക്കുന്ന തൈലങ്ങളാണ് പകരമായി അവര്‍ ഉപയോഗിച്ചുവരുന്നത്. 'അത്തര്‍' എന്ന് പേരിട്ടു വിളിക്കുന്ന ചന്ദനതൈലത്തിനാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ ജനകീയത. മിഡില്‍ ഈസ്റ്റ് ജനങ്ങള്‍ പലപ്പോഴും സ്വന്തമായിത്തന്നെ പല കൂട്ടുകളും ചേര്‍ത്ത് വ്യത്യസ്ത സുഗന്ധ പരീക്ഷണങ്ങള്‍ നടത്തുന്നതും പതിവാണ്.
ഊദാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ ഒരു കൂട്ട്. അറേബ്യന്‍ നാടുകളില്‍ കാണപ്പെടുന്ന ഒരിനം സുഗന്ധവൃക്ഷമാണിത്. ഊദ് മരത്തെക്കുറിച്ച് ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്; ഒരിക്കല്‍ ഒരു അറേബ്യന്‍ സഞ്ചാരി ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് കത്തിച്ചാമ്പലാകുന്ന ഒരു കാട് കാണാനിടയായി. അതോടൊപ്പംതന്നെ ശക്തമായ സുഗന്ധം വമിക്കാനും തുടങ്ങി. ആ കാട്ടില്‍ അന്ന് കണ്ടെത്തിയ വൃക്ഷങ്ങളാണ് ഊദ് എന്നാണ് ഐതിഹ്യം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാത്രമാണ് ഈ സുഗന്ധ പദാര്‍ഥം കാണുന്നത്. അറേബ്യന്‍ സംസ്കാരത്തില്‍ സവിശേഷമായ പ്രാധാന്യം ഊദിനുണ്ട്. ഔഷധം, അരോമാതെറാപ്പി, ആത്മീയം, പെര്ഫ്യൂമെറി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഊദ് ആഡംബരത്തിന്റെയും ഐശ്വര്യത്തിന്റെയും മാറ്റിനിര്‍ത്താനാവാത്ത മുദ്ര കൂടിയാണ്. ഊദ് മരത്തിന്റെ കഷ്ണങ്ങള്‍ ഷേവിങ്സ് (Shavings) രൂപത്തിലാക്കി ധൂപക്കുറ്റികളില്‍ പുകപ്പിക്കുന്നത് മിഡില്‍ ഈസ്റ്റിലെ നിത്യകാഴ്ചകളിലൊന്നാണ്. ഊദ് കഷ്ണങ്ങളോടൊപ്പം മറ്റു ചില സുഗന്ധ പദാര്‍ഥങ്ങളും കൂടി ചേര്‍ത്ത് തയ്യാറാക്കപ്പെടുന്നതാണ് ഊദ് തൈലങ്ങള്‍.
മണിക്കൂറുകളോളം സുഗന്ധത്തെ നിലനിര്‍ത്താന്‍ ശേഷിയുള്ള ദുഹ്നുല് ഊദാണ് ഈയിനത്തില്‍ നിലവിലുള്ള ഓറിയന്റല്‍ പെര്‍ഫ്യൂമുകളിലെ പ്രധാന ആകര്‍ഷണം. 'ദൈവങ്ങളുടെ മരം' എന്നറിയപ്പെടുന്ന ഊദിന് മതകീയ ആചാരങ്ങളില്‍ വളരെ വിശേഷപ്പെട്ട ഇടം തന്നെയുണ്ട്. പ്രാര്‍ഥനകള്‍ക്കും സാമൂഹിക സംഗമങ്ങള്‍ക്കുമായി മുടിയിലും ചെവിയിലും കഴുത്തിലും വസ്ത്രത്തിലും സുഗന്ധതൈലം ലേപനം ചെയ്യുന്ന രീതി കാലങ്ങളായി മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്നുണ്ട്.
എണ്ണത്തിമിംഗലത്തിന്റെ സ്രവത്തില്‍ (Abmergris)നിന്നും രൂപപ്പെടുത്തിയെടുക്കുന്ന മറ്റൊരു പ്രധാന സുഗന്ധ പദാര്‍ഥമാണ് അമ്പര്‍ (Amber). പൗരസ്ത്യ പെര്‍ഫ്യൂം നിര്‍മാണശാലകളിലെ വ്യാപകമായ ഒരു രാസ പദാര്‍ഥം കൂടിയാണിത്. അമ്പര്‍ ചേര്‍ത്ത സുഗന്ധങ്ങള്‍ക്ക് സമ്പന്നവും ഊഷ്മളവും ആസക്തിയുളവാക്കുന്നതുമായ പ്രകൃതമായിരിക്കും. സുഗന്ധത്തിന്റെ കൂടുതല്‍ നേരത്തേക്കുള്ള സ്ഥൈര്യം നിലനിര്‍ത്താന്‍ ഇതിനാകുന്നുണ്ടെന്നത് മുഖ്യമായൊരു സവിശേഷതയാണ്. അമ്പര്‍ ചേര്‍ത്ത സുഗന്ധങ്ങള്‍ക്ക് സമ്പന്നവും ഊഷ്മളവും ആസക്തിയുളവാക്കുന്നതുമായ പ്രകൃതമായിരിക്കും. അമ്പര്ഗ്രിസ് ചേര്‍ത്ത പെര്‍ഫ്യൂമിന്റെ വാസന അത് കടലില്‍ കിടന്ന സമയത്തിനും അതിന്റെ ഉത്ഭവത്തിനുമനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ഇതര ചേരുവകളോട് കൂടിച്ചേര്‍ന്ന് വ്യത്യസ്തമായൊരു സുഗന്ധാനുഭവമാണ് മിഡില്‍ ഈസ്റ്റേണ്‍ പെര്‍ഫ്യൂം സംസ്കാരത്തിന് അമ്പര്‍ പ്രദാനം ചെയ്യുന്നത്. പ്രാഥമികമായി പ്രകൃതിദത്തമാണെങ്കിലും അമ്പ്രോക്സന് (Ambroxan) പോലോത്ത കൃത്രിമ സുഗന്ധങ്ങളും അമ്പര്‍ ഇനങ്ങളില്‍ പ്രചാരത്തിലുണ്ട്.
ഓപോപനാക്സ് (Opoponax) ആണ് മറ്റൊരു സ്പെഷ്യല്‍ കൂട്ട്. മധ്യപൂര്‍വേഷ്യയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത്. ഇതിന്റെ തണ്ടില്‍നിന്ന് ലഭിക്കുന്ന മരപ്പശ സുഗന്ധതൈല നിര്‍മാണത്തിനായി ഉപയോഗിക്കാറുണ്ട്. ഏകദേശം മെറിന്റെ (Myrrh) വാസനയോട് സാമ്യതയുള്ള ഈ മൂലധാതു കുന്തിരിക്ക സുഗന്ധങ്ങളിലാണ് (Amber fragrances) സാധാരണയായി ഉപയോഗിക്കാറുള്ളത്. മഞ്ഞപ്പൂക്കള്‍ വിരിയിക്കുന്ന ഒരു പിങ്ക് ചെടിയാണ് സിസ്റ്റ്സ്-ലബ്ദുനം (Cistus labdunam). ഈ ചെടിയെ മൂടുന്ന ലബ്ദുനം എന്ന മരപ്പശ പൗരസ്ത്യ സുഗന്ധവസ്തുക്കളുടെ നിര്‍മാണത്തിലെ സുപ്രധാന മൂലധാതുവാണ്. ഇവിടെ പരാമര്‍ശിച്ച കൂട്ടുകള്‍ക്ക് പുറമെ കുങ്കുമം, കസ്തൂരി, മുല്ലപ്പൂവ്, പനിനീര്‍പൂവ് തുടങ്ങി പല പുഷ്പങ്ങളും ചെടികളും ഉപയോഗിച്ച് വ്യത്യസ്തമായ സുഗന്ധങ്ങള്‍ മിഡില്‍ ഈസ്റ്റ് ഇന്നും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സുഗന്ധം ഒരു സമൂഹത്തിന്റെ സ്വത്വരൂപീകരണത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ മികച്ച ഉദാഹരണമായി മിഡില്‍ ഈസ്റ്റ് ഇന്നും ജ്വലിച്ചുനില്ക്കുന്നു എന്നര്‍ഥം.
പെര്‍ഫ്യൂം സംസ്കാരം
പെര്‍ഫ്യൂം ഇന്ന് മിഡില്‍ ഈസ്റ്റിലെ സാംസ്കാരിക അടയാളങ്ങളുടെ പ്രധാന ഭാഗമാണ്. സാമൂഹിക വ്യവഹാരങ്ങളിലും മതകീയ ചടങ്ങുകളിലും സദസ്സുകളിലുമെല്ലാം പരിമളം നിലക്കാത്ത സുഗന്ധവസ്തുക്കളവിടെ കാണാം. പനിനീര്തൈലങ്ങളുടെയും അമ്പറിന്റെയും അത്തറിന്റെയും ബഖൂറിന്റെയും സുഗന്ധം ആവാഹിച്ച തനതായ ഒരു 'സുഗന്ധസംസ്കാരം' അവിടെ രൂപപ്പെട്ടുവന്നു. പലതരം കൂട്ടുകള്‍ ചേര്‍ത്ത പലതരം പെര്‍ഫ്യൂമുകള്‍ ഇന്ന് മിഡില്‍ ഈസ്റ്റിന്റെ സുഗന്ധസംസ്കാരത്തിന്റെ നിശബ്ദവക്താക്കളാണ്.
അത്തറിനു പുറമെ, സുഗന്ധം പുകപ്പിക്കുന്ന ധൂപക്കുറ്റികളും ഈ പ്രത്യേക സംസ്കാരത്തിന്റെ ഭാഗമാണ്. ആ ദേശങ്ങളിലെ എല്ലാ മുക്കുമൂലകളിലും സുഗന്ധം പറ്റിപ്പിടിച്ചു കിടക്കുന്നു. പള്ളികളിലും വീട്ടകങ്ങളിലും പൊതുയിടങ്ങളിലും സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചു പുകക്കുന്നതവിടെ നിത്യകാഴ്ചയാണ്. പാരമ്പരാഗതമായിത്തന്നെ ഓരോ വീട്ടിലും മബ്ഖറകള് (ധൂപക്കുറ്റികള്‍) സൂക്ഷിക്കുന്നത് പതിവാണ്. സുഗന്ധതൈലങ്ങള്‍, സുഗന്ധവൃക്ഷങ്ങളുടെ ചെറിയ തണ്ടുകഷ്ണങ്ങള് എന്നിവ ചേര്‍ത്ത് കല്ക്കരിയിലിട്ട് കത്തിച്ചു പുകപ്പിക്കുന്നതാണതിന്റെ രീതി.
ഇത്തരം ധൂപക്കുറ്റികളില്‍ ഉപയോഗിക്കുന്ന ബഖൂര്‍ പൗരസ്ത്യസംസ്കാരത്തിന്റെ പ്രധാന ഘടകവുമാണ്. വീട്ടില്‍ അതിഥികള്‍ വരുന്ന സമയം, ആത്മീയ സദസ്സുകള്‍ നടക്കുന്ന സമയം തുടങ്ങി വിശേഷ വേളകളിലൊക്കെ ചടങ്ങിലേക്ക് വരുന്നവരെ നല്ലരീതിയില്‍ സ്വീകരിക്കാനും ദുര്‍ഗന്ധം നീക്കി സുഗന്ധം വരുത്താനും ഇത്തരം ബഖൂറുകള് ഉപയോഗിക്കപ്പെടുന്നു. ജനങ്ങള്‍ കൂടുന്നിടത്ത് അവരിരിക്കുന്ന ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ മബ്ഖറകള് വഹിച്ചുകൊണ്ടുപോകുന്നതും സാധാരണയാണ്. ഇത്തരം അവസരങ്ങളിലെല്ലാം ആന്തരിക സുഖാനുഭൂതിക്കും ആത്മനിയന്ത്രണത്തിനും സുഗന്ധം സഹായിക്കുന്നുവെന്നാണ് വിശ്വാസം.
വിവാഹത്തിന്റെ ഒരാഴ്ച മുമ്പ് പ്രതിശ്രുത വധുവിന്റെ കല്യാണവസ്ത്രങ്ങളില്‍ ബഖൂര്‍ പുകക്കുന്നതും കല്യാണത്തലേന്നുള്ള 'ധൂപക്കുളി'യും പശ്ചിമേഷ്യന്‍ പാരമ്പര്യത്തിന്റെ ഭാഗം തന്നെയാണ്.
ഓരോ കാലത്തിനും സമയത്തിനും അനുസൃതമായി പെര്‍ഫ്യൂമുകളുടെ വകഭേദങ്ങളും കൂട്ടുകളും വ്യത്യാസമാകുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ഈ മധ്യപൂര്‍വേഷ്യന്‍ സംസ്കാരത്തിനുണ്ട്. വ്യക്തിബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, അഭിവാദ്യ രീതികള്‍ തുടങ്ങി മനുഷ്യന്റെ വ്യവഹാരങ്ങളിലും സമീപന രീതികളിലും സുഗന്ധത്തിന്റെ സ്വാധീനം കാണാം. കൈറോയിലെയും മറ്റു ചില അറബ് രാജ്യങ്ങളിലെയും പൊതുയിടങ്ങളില്‍ ജനങ്ങള്‍ക്കിടയിലുള്ള അഭിവാദ്യ രീതികളിലൊന്ന് ഇപ്രകാരമാണ്: 'സ്വബാഹല് ഫുല്ലി വല്‍ യസ്മീന്' (നിങ്ങള്‍ക്ക് മുല്ലപ്പൂ നിറഞ്ഞ പ്രഭാതമുണ്ടാവട്ടെ).അറബ് ലോകത്തെന്ന പോലെ വടക്കന്‍ ആഫ്രിക്ക, തുര്‍ക്കി, പേര്‍ഷ്യന്‍ നാടുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ സുഗന്ധപാരമ്പര്യം സജീവമാണ്. സുഗന്ധപുഷ്പങ്ങള്ക്കും സുഗന്ധദ്രവ്യങ്ങള്‍ക്കും പല മാനങ്ങള്‍ ഈയിടങ്ങളെല്ലാം നല്കി. തുര്‍ക്കിയുടെ ദേശീയ പുഷ്പം തുലിപും ഇറാനിന്റേത് റോസുമാണ്. ഡമസ്കസിനെ 'മുല്ലപ്പൂ നഗരം' എന്നാണ് ലോകം വിശേഷിപ്പിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ സുഗന്ധപുഷ്പങ്ങള്‍ പോരാട്ടത്തിന്റെ പ്രതീകങ്ങളുമായി. 2011-ലെ മുല്ലപ്പൂ വിപ്ലവം പോലെ.
കലാസാഹിത്യങ്ങളിലെ സുഗന്ധം
നിരവധി കലാരൂപങ്ങളിലൂടെ മധ്യപൂര്‍വേഷ്യന്‍ സാഹിത്യരൂപങ്ങളിലും സുഗന്ധത്തിന്റെ സ്വാധീനം വളരെ പ്രകടമായതായി കാണാം. സുഗന്ധത്തോടുള്ള അഗാധമായ ബന്ധത്തെയും വികാരത്തെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ഇത്തരം കലാസൃഷ്ടികള്‍. പേര്‍ഷ്യന്‍-അറബ് സാഹിത്യകാരന്മാര് പലവുരു ആ സുഗന്ധത്തിന്റെ ആത്മാവിനെ വാക്കുകളിലൂടെ ചാലിച്ചെഴുതി. ജലാലുദ്ദീന്‍ റൂമി പാടുന്നു:'മഹ്ബൂബിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പ്രസരിക്കുംനേരംനിശബ്ദമാകുന്നുവെന്റെ നാവുകള്‍ പ്രണയം കസ്തൂരി വഹിക്കുന്നു, അതിനെന്തു ചെയ്യാനാകും; ഇങ്ങനെ പരക്കുകയല്ലാതെ'
പ്രസിദ്ധ സിറിയന്‍ കവി നിസാര്‍ കബ്ബാനി സുഗന്ധപുഷ്പങ്ങളെക്കുറിച്ച് അനവധി അര്‍ച്ചനാഗീതങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ കവിതയുടെ ശീര്‍ഷകംതന്നെ 'മുല്ലപ്പൂ: ഡമസ്കസിന്റെ സുഗന്ധം' എന്നായിരുന്നു. കബ്ബാനിയുടെത്തന്നെ അവസാനം പുറത്തിറങ്ങിയ കവിതാ പുസ്തകത്തിന്റെ ശീര്‍ഷകവും 'മുല്ലപ്പൂവിന്റെ ആല്‍ഫബെറ്റ് ' എന്നായിരുന്നു. കബ്ബാനിയുടെ കവിത ഉദ്ധരിച്ചുകൊണ്ട് സൗദിഅറേബ്യക്കാരനായ റാപ്പര്‍ ഒമര്‍ ഓഫണ്ടാം പറയുന്നത് ആ കവിതകളൊക്കെയും തന്റെ സംസ്കാരത്തെയും ചെറുപ്പത്തില്‍ ജാതി-മത ഭേതമന്യേ അവര്‍ ആസ്വദിച്ചിരുന്ന ഏലമെന്ന സുഗന്ധദ്രവ്യത്തിന്റെ ഓര്‍മകളെയും പുനരാവാഹിച്ചെടുക്കുന്നുവെന്നായിരുന്നു. ലബനാനിലെ ഹമീദ് സെന്നോ പാടിയതും ഇതേ സൗരഭ്യ സംസ്കാരത്തെക്കുറിച്ചായിരുന്നു:'മുല്ലപ്പൂവ് നീ ആസ്വദിക്കൂ; ചീനിപ്പാവ് രുചിക്കൂഅവയിലൂടെ നീ എന്നെയോര്ക്കൂ ഇനിയും ആവാഹിക്കൂ ആ മുല്ലപ്പൂവിനെ എന്നെ മറക്കുവാനായ്'
ഇത്തരത്തില്‍ ഒരുപാട് രൂപങ്ങളിലൂടെയും മറ്റും പൗരസ്ത്യ ജനത 'സുഗന്ധ സംസ്കാര'ത്തെ തങ്ങളുടെ ജീവിതവുമായി ഊട്ടിയുറപ്പിച്ചു. മറ്റൊരര്‍ഥത്തില്‍, മിഡില്‍ ഈസ്റ്റിനെക്കുറിച്ച് ഇന്ന് ലോകം പുലര്‍ത്തിപ്പോരുന്ന നെഗറ്റീവ് വാര്‍പ്പുമാതൃകകളെ പ്രതിരോധിക്കാനും അടിസ്ഥാനരഹിതമാക്കാനും ഈ സംസ്കാരത്തിന് ഒരുപക്ഷേ സാധ്യമായെന്നു വരാം. സുഗന്ധം നുകര്‍ന്ന് കഴിയുന്ന ആ സുഗന്ധസംസ്കാരത്തെ മലിനമാക്കാന്‍ മധ്യപൂര്‍വേഷ്യന്‍ ജനത സമ്മതിക്കില്ല. ഈ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ മിഡില്‍ ഈസ്റ്റിലെ ജനതയും സുഗന്ധം കലര്‍ന്ന അതിന്റെ പ്രകൃതിയും തല്പരരാണെന്നത് തീര്‍ച്ചയാണ്.
